ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിനെ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിച്ച് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ജസ്റ്റിസ് മുഷ്താഖ് നാളെ ചുമതലയേൽക്കും. ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി വിരമിക്കുന്ന സാഹചര്യത്തിലാണിത്. ഹൈക്കോടതിയിലെ സീനിയർ ജഡ്ജിയാണ് ഇദ്ദേഹം.
കണ്ണൂർ സ്വദേശിയായ ജസ്റ്റിസ് മുഷ്താഖ് ഉഡുപ്പി വി.ബി.കോളേജ് ഒഫ് ലായിൽ നിന്ന് എൽ.എൽ.ബിയും എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എൽ.എൽ.എമ്മും നേടി. സ്‌പേസ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് ലായിൽ പാരീസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് ഡിഗ്രിയും നേടിയിട്ടുണ്ട്.
1989ൽ അഭിഭാഷകനായി എൻറോൾ ചെയ്‌തു. കണ്ണൂരിൽ വിവിധ കോടതികളിൽ ഏഴു വർഷത്തെ പ്രാക്ടീസിന് ശേഷം 2014 ജനുവരി 23ന് ഹൈക്കോടതി അഡിഷണൽ ജഡ്‌ജിയായി ചുമതലയേറ്റു. 2016 മാർച്ച് 10 മുതൽ സ്ഥിരം ജഡ്‌ജിയായി. സിവിൽ, ക്രിമിനൽ, അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ടെലികമ്മ്യൂണിക്കേഷൻ, ഐ.ടി നിയമങ്ങളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.
Source link