അടുത്തഘട്ട നിർമ്മാണം ഒക്ടോബറിൽ: കരൺ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ മാസ്റ്റർപ്ലാൻ ഉടൻ തയ്യാറാക്കുമെന്നും പാരിസ്ഥിതികമുൾപ്പെടെ കേന്ദ്രാനുമതി ലഭിച്ചാൽ ഒക്ടോബറിൽ അടുത്തഘട്ട നിർമ്മാണം തുടങ്ങുമെന്നും അദാനി പോർട്സ് മാനേജിംഗ് ഡയറക്ടർ കരൺ അദാനി.
2028ൽ തുറമുഖത്തിന്റെ നാല് ഘട്ടങ്ങളും പൂർത്തിയാക്കും. സംസ്ഥാന സർക്കാരും അദാനി ഗ്രൂപ്പും ചേർന്ന് 20,000 കോടി നിക്ഷേപിക്കും. തുറമുഖത്തിന്റെ ആദ്യഘട്ടം ഡിസംബറിന് മുൻപ് തീർക്കും. 600 മീറ്റർ ബർത്തും 7500 കണ്ടെയ്നർ ശേഷിയുള്ള യാർഡും പൂർത്തിയായി. ആദ്യഘട്ടത്തിൽ പ്രതിവർഷം 10ലക്ഷം കണ്ടെയ്നറുകളായിരുന്നു ലക്ഷ്യം. ഇത് 50 ശതമാനം വർദ്ധിപ്പിച്ച് 15ലക്ഷമാക്കാനാവും. ഇന്ത്യയുടെ ഭാവിയുടെ തുറമുഖമായി വിഴിഞ്ഞത്തെ മാറ്റും.
വിഴിഞ്ഞം തുറമുഖത്തിനായുള്ള കേരളത്തിന്റെ 33വർഷത്തെ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്. സാൻ ഫെർണാണ്ടോ എത്തിയതോടെ ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് കണ്ടെയ്നർ ട്രാൻസ്‌ഷിപ്പ്മെന്റ് തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
1991ൽ പദ്ധതി ആദ്യം പ്രഖ്യാപിക്കുമ്പോൾ വിഴിഞ്ഞം സാധാരണ ഗ്രാമമായിരുന്നു. എന്നാലിന്ന് ആഗോള കണ്ടെയ്നർ ഷിപ്പിംഗിലെ ലോകത്തിലെ മികച്ച കേന്ദ്രമായി മാറി. ഇന്ത്യയിലെ മറ്റൊരു തുറമുഖത്തും ഇത്രയും ആധുനിക ക്രെയിനുകളും സാങ്കേതികവിദ്യയുമില്ല. ദക്ഷിണ ഏഷ്യയിലെ ഏറ്റവും ആധുനിക കണ്ടെയ്നർ ഹാൻഡ്‌ലിംഗ് സാങ്കേതികവിദ്യയാണ് ഇവിടെയുള്ളത്. വിഴിഞ്ഞത്തിന് അഭിവൃദ്ധി, പുരോഗതി, ഉത്പാദനക്ഷമത എന്നിങ്ങനെ ത്രിമുഖ ലക്ഷ്യങ്ങളാണുള്ളത്.
തുറമുഖ മാസ്റ്റർ പ്ലാനിനായുള്ള പൊതുഹിയറിംഗ് പൂർത്തിയായി. ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദിപറയുന്നതായും കരൺ അദാനി പറഞ്ഞു.
Source link