ജർമൻ ആയുധക്കന്പനി മേധാവിയെ വധിക്കാൻ റഷ്യ പദ്ധതിയിട്ടു
ബെർലിൻ: ജർമനിയിലെ ഏറ്റവും വലിയ ആയുധനിർമാണ കന്പനിയായ റൈൻമെറ്റാലിന്റെ മേധാവി അർമിൻ പാപ്പെർഗെറിനെ വധിക്കാൻ റഷ്യ പദ്ധതിയിട്ടെന്ന് റിപ്പോർട്ട്. റൈൻമെറ്റാലിന്റെ ആയുധങ്ങളും വാഹനങ്ങളും യുക്രെയ്ൻ സേന വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പാപ്പെർഗെറിനു വധഭീഷണിയുള്ള കാര്യം യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ ഈ വർഷമാദ്യം ജർമൻ ഉദ്യോഗസ്ഥരെ അറിയിച്ചതായി സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. ഇതേത്തുടർന്ന് പാപ്പെർഗെറിന് സുരക്ഷ വർധിപ്പിച്ചു. ജർമനിയിൽ ഏറ്റവും കൂടുതൽ സുരക്ഷയുള്ള വ്യക്തികളിലൊരാളാണ് ഇന്ന് പാപ്പെർഗെർ. ലോകത്തിലെ ഏറ്റവും വലിയ ആയുധനിർമാണ കന്പനികളിലൊന്നായ റൈൻമെറ്റാൽ അടുത്തിടെ പടിഞ്ഞാറൻ യുക്രെയ്നിൽ ടാങ്ക് റിപ്പയറിംഗ് പ്ലാന്റ് ആരംഭിച്ചിരുന്നു. യുക്രെയ്നുമായി ചേർന്ന് പീരങ്കി ഷെല്ലുകൾ ഉത്പാദിപ്പിക്കാനുള്ള നീക്കവും നടത്തുന്നുണ്ട്. യുക്രെയ്നുള്ള പിന്തുണ ഇല്ലാതാക്കാനായി റഷ്യ യൂറോപ്പിൽ രഹസ്യ ഓപ്പറേഷനുകൾ നടത്തുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
Source link