ബൈഡനു നാക്കുപിഴ; സെലൻസ്കി പുടിനായി
വാഷിംഗ്ടൺ ഡിസി: ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിലെ പരാജയത്തിനും സ്ഥാനാർഥിത്വം ഉപേക്ഷിക്കാനായി സ്വന്തം ഡെമോക്രാറ്റിക് പാർട്ടിയിൽനിന്ന് ഉയരുന്ന ആഹ്വാനങ്ങൾക്കും മറുപടിനല്കാനായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ ശ്രമങ്ങൾക്കു നാക്കുപിഴ വിനയായി. വ്യാഴാഴ്ച നാറ്റോ ഉച്ചകോടിയോട് അനുബന്ധിച്ചുള്ള ചടങ്ങിലും തുടർന്നുള്ള പത്രസമ്മേളനത്തിലും സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറില്ലെന്ന് ബൈഡൻ ആവർത്തിച്ചു പറഞ്ഞെങ്കിലും ഡെമോക്രാറ്റിക് നേതൃത്വത്തിൽ മുറുമുറുപ്പ് വർധിച്ചിട്ടേയുള്ളൂ. നാറ്റോ ഉച്ചകോടിയുടെ ഭാഗമായി യുക്രെയ്ൻ വിഷയത്തിൽ നടന്ന യോഗത്തിലാണ് ബൈഡന്റെ വായിൽനിന്ന് ആദ്യ അബദ്ധം പുറത്തുവന്നത്. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയെ അദ്ദേഹം റഷ്യൻ പ്രസിഡന്റ് പുടിനെന്നു വിശേഷിപ്പിച്ചു. “ലേഡീസ് ആൻഡ് ജന്റിൽമെൻ, ഇതാ പ്രസിഡന്റ് പുടിൻ” എന്നാണ് സെലൻസ്കിയെ നോക്കി ബൈഡൻ പറഞ്ഞത്. അബദ്ധം പിണഞ്ഞതു മനസിലാക്കിയ ബൈഡൻ ഉടൻതെന്ന തിരുത്തിപ്പറയാൻ തയാറായി. സെലൻസ്കി എല്ലാം കേട്ട് ചിരിച്ചുകൊണ്ടു നിൽക്കുകയായിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞ് നാറ്റോ ഉച്ചകോടിയുടെ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിലും ബൈഡൻ നാക്കുപിഴ ആവർത്തിച്ചു. തന്റെ വൈസ് പ്രസിഡന്റ് ട്രംപ് ആണെന്നാണ് അദ്ദേഹത്തിന്റെ വായിൽനിന്നു വീണത്. ഇത്തവണ അബദ്ധം പറ്റിയെന്നു മനസിലാക്കാൻപോലും അദ്ദേഹത്തിനു കഴിഞ്ഞില്ല. ട്രംപിനെ ഒരിക്കൽ തോൽപ്പിച്ചതാണ്, ഇനിയും തോൽപ്പിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രായാധിക്യത്തിന്റെ അവശതകൾ പേറുന്ന ബൈഡന് നവംബർ അഞ്ചിലെ തെരഞ്ഞെടുപ്പിൽ എതിരാളിയായ ഡോണൾഡ് ട്രംപിനെ തോൽപ്പിക്കാനാവില്ലെന്ന ആശങ്ക ഡെമോക്രാറ്റിക് ക്യാന്പിൽ കൂടുതൽ ശക്തമായിരിക്കുകയാണ്. കഴിഞ്ഞമാസം അവസാനം ട്രംപുമായി നടത്തിയ ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ അടിപതറിയതോടെയാണ് ബൈഡൻ സ്ഥാനാർഥിത്വം ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടത്. ഡെമോക്രാറ്റിക് പാർട്ടിക്കുവേണ്ടി ഫണ്ട് പിരിച്ചുനല്കുന്ന ജോർജ് ക്ലൂണിയെപ്പോലുള്ള ഹോളിവുഡ് നടന്മാരും ബൈഡനെതിരേ രംഗത്തു വന്നിട്ടുണ്ട്.
Source link