ഗോൾഡൻ ബോയ്സ്
യുവേഫ യൂറോ കപ്പിന്റെ ചരിത്രത്തിൽ ആദ്യമായി ടോപ് സ്കോററിനുള്ള ഗോൾഡൻ ബൂട്ട് പങ്കുവയ്ക്കാമെന്നു ധാരണ. ഇന്ത്യൻ സമയം ഞായർ അർധരാത്രി 12.30നാണ് യുവേഫ യൂറോ കപ്പ് ഫുട്ബോൾ ഫൈനൽ. കന്നി യൂറോ കപ്പ് ട്രോഫിയാണ് ഇംഗ്ലണ്ട് ലക്ഷ്യംവയ്ക്കുന്നത്. സ്പെയിനാകട്ടെ നാലാം കിരീടത്തിനുവേണ്ടിയും കളത്തിലെത്തുന്നു. 2012നുശേഷം യൂറോപ്യൻ ചാന്പ്യന്മാരാകുകയാണ് സ്പെയിനിന്റെ ലക്ഷ്യം. 1964, 2008 വർഷങ്ങളിലും സ്പെയിൻ ചാന്പ്യന്മാരായിരുന്നു. 2020ൽ ഫൈനലിൽ എത്തിയതായിരുന്നു ഇംഗ്ലണ്ടിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. സ്പെയിനും ഇംഗ്ലണ്ടും 2024 യൂറോ കിരീടത്തിനായി കൊന്പുകോർക്കുന്പോൾ കളത്തിൽ മറ്റൊരു പോരാട്ടവും അരങ്ങേറും. യൂറോ കപ്പിലെ ഗോൾഡൻ ബൂട്ടിനായുള്ള നേർക്കുനേർ യുദ്ധം. ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്നും സ്പാനിഷ് അറ്റാക്കിംഗ് മിഡ്ഫീൽഡർ ഡാനി ഓൾമോയും തമ്മിലാണ് ഗോൾഡൻ ബൂട്ടിനുവേണ്ടി പോരാടിക്കുന്നത്. ഇരുവർക്കും മൂന്നു ഗോൾ വീതമുണ്ട്. ഫൈനലിൽ ഇവരിൽ ആര് കൂടുതൽ ഗോൾ നേടുന്നുവോ അയാൾ 2024 യൂറോ കപ്പിന്റെ ഗോൾഡൻ ബൂട്ടിന് അവകാശിയാകും. ബൂട്ട് പങ്കിടുമോ ? അതേസമയം, ഫൈനൽ മാത്രം ശേഷിക്കേ 2024 യൂറോ കപ്പിൽ ആറു താരങ്ങളാണ് ഗോൾഡൻ ബൂട്ട് സാധ്യതാ പട്ടികയിലുള്ളത്. ഹാരി കെയ്നും ഡാനി ഓൾമോയ്ക്കുമൊപ്പം മറ്റ് നാലു താരങ്ങൾക്കും മൂന്നു ഗോൾ വീതമുണ്ട്. സെമിയിൽ ഇംഗ്ലണ്ടിനോട് 2-1നു പരാജയപ്പെട്ടു പുറത്തായ നെതർലൻഡ്സിന്റെ കോഡി ഗാക്പോ, ക്വാർട്ടറിൽ സ്പെയിനിനോട് 2-1നു തോറ്റു മടങ്ങിയ ജർമനിയുടെ യമാൽ മുസിയാല, പ്രീക്വാർട്ടറിൽ സ്പെയിനിനു മുന്നിൽ വീണ ജോർജിയയുടെ ജോർജ് മിക്കൗതാഡ്സെ, പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിനു മുന്നിൽ വീണ സ്ലോവാക്യയുടെ ഇവാൻ ഷ്രാൻസ് എന്നിവർക്കും മൂന്നു ഗോൾ വീതമുണ്ട്. ഫൈനലിൽ ഹാരി കെയ്ൻ, ഡാനി ഓൾമോ എന്നിവർ ഗോളടിച്ചില്ലെങ്കിൽ ആറു പേരും ഗോൾഡൻ ബൂട്ട് പങ്കുവയ്ക്കും. തീരുമാനം ഇങ്ങനെ 2020 യൂറോ കപ്പിൽ അഞ്ചു ഗോൾ വീതമായിരുന്നു പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും ചെക് റിപ്പബ്ലിക്കിന്റെ പാട്രിക് ഷിക്കും നേടിയത്. എന്നാൽ, ഗോൾ അസിസ്റ്റ് ഉണ്ടെന്ന കാരണത്താൽ ഗോൾഡൻ ബൂട്ട് റൊണാൾഡോയ്ക്കു ലഭിച്ചു. 2012ൽ മൂന്നു ഗോൾ നേടിയ സ്പെയിനിന്റെ ഫെർണാണ്ടോ ടോറസിനു ഗോൾഡൻ ബൂട്ട് ലഭിച്ചത് ഏറ്റവും കുറഞ്ഞ സമയം മാത്രമായിരുന്നു കളത്തിൽ ഉണ്ടായിരുന്നത് എന്നതു പരിഗണിച്ചായിരുന്നു. അന്ന് ജർമനിയുടെ മാരിയൊ ഗോമസും റഷ്യയുടെ അലൻ സാഗോവും മൂന്നു ഗോൾ വീതം നേടിയിരുന്നു. 2024 യൂറോയിൽ അസിസ്റ്റ്, കളിച്ച സമയം തുടങ്ങിയവയൊന്നും ഗോൾഡൻ ബൂട്ടിനു പരിഗണിക്കില്ലെന്നാണ് ഔദ്യോഗിക തീരുമാനം. ഫൈനലിൽ ഹാരി കെയ്ൻ, ഓൾമോ എന്നിവർ ഗോൾ നേടിയില്ലെങ്കിൽ 2012നുശേഷം ഏറ്റവും കുറവ് ഗോളിൽ ഗോൾഡൻ ബൂട്ട് ലഭിക്കുന്നതിനും യൂറോ സാക്ഷ്യം വഹിക്കും.
Source link