യാത്രക്കാരില്ലാത്തതിനാൽ നിർത്തിയിട്ടിരുന്ന നവകേരള ബസ് വീണ്ടും സർവീസ് തുടങ്ങി; ബുക്ക് ചെയ്‌തത് എട്ട് പേർ
കോഴിക്കോട്: ആളില്ലാത്തതിനാൽ രണ്ട് ദിവസമായി നിർത്തിയിട്ടിരുന്ന നവകേരള ബസ് വീണ്ടും സർവീസ് തുടങ്ങി. ഇന്ന് രാവിലെയാണ് ബംഗളൂരുവിലേക്ക് സർവീസ് പുനരാരംഭിച്ചത്. വെറും എട്ട് പേരാണ് ടിക്കറ്റ് ബുക്ക് ചെയ്‌തത്.
യാത്രക്കാരില്ലാത്തതിന്റെ പേരിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ബസ് സർവീസ് മുടങ്ങിയിരുന്നു. ചില ദിവസങ്ങളിൽ വിരലിലെണ്ണാവുന്ന യാത്രക്കാരുമായിട്ടാണ് നവകേരള ബസ് സർവീസ് നടത്തുന്നതെന്ന് ആളുകൾ പറയുന്നു. ഒരാൾ പോലും ബുക്ക് ചെയ്യാത്തതിന്റെ പേരിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ സർവീസ് മുടങ്ങിയതെന്ന് കെ എസ് ആർ ടി സി അറിയിച്ചിരുന്നു.
എയർകണ്ടിഷൻ ചെയ്ത ബസിൽ 26 പുഷ് ബാക്ക് സീറ്റാണുള്ളത്. സെസ് അടക്കം 1171 രൂപയാണ് ടിക്കറ്റ് നിരക്ക്. ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്‌ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ സൗകര്യങ്ങൾക്കുപുറമേ ലഗേജും സൂക്ഷിക്കാനാവും.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച നവകേരള സദസിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിസംഘം സഞ്ചരിച്ച ബസ് കഴിഞ്ഞ മേയ് അഞ്ച് തൊട്ടാണ് കോഴിക്കോട് – ബംഗളൂരു റൂട്ടിൽ സർവീസ് തുടങ്ങിയത്.
നവകേരള യാത്രയ്‌ക്ക് ഉപയോഗിച്ച സമയത്തുള്ള നിറത്തിലോ ബോഡിയിലോ മാറ്റം വരുത്താതെയാണ് ബസ് സർവീസ് ആരംഭിച്ചത്. അന്ന് മുഖ്യമന്ത്രിക്ക് ഇരിക്കാൻ ഒരുക്കിയ ചെയർ മാറ്റി ഡബിൾ സീറ്റാക്കിയിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവർ സഞ്ചരിച്ച ബസെന്ന് കൊട്ടിഘോഷിച്ചാണ് സർവീസ് ആരംഭിച്ചത്.
Source link