90-ാം മിനിറ്റിൽ ഇംഗ്ലീഷ് ജയം
ഡോർട്മുണ്ട്: അവസാന മിനിറ്റിൽ ഗോളടിച്ച് ഇംഗ്ലണ്ട് യൂറോ കപ്പ് ഫുട്ബോൾ ഫൈനലിൽ. സെമി ഫൈനലിൽ ഇംഗ്ലണ്ട് 2-1ന് നെതർലൻഡ്സിനെ തോൽപ്പിച്ചു. പകരക്കാരനായി എത്തി 90-ാം മിനിറ്റിൽ ഒലി വാറ്റ്കിൻസ് നേടിയ ഗോളിലാണ് ഇംഗ്ലണ്ടിന്റെ ജയം. ഇംഗ്ലണ്ടിന്റെ തുടർച്ചയായ രണ്ടാമത്തെ യൂറോ കപ്പ് ഫൈനലാണ്. പ്രീക്വാർട്ടർ, ക്വാർട്ടർ മത്സരങ്ങളിലും അവസാന മിനിറ്റുകളിലെ ഗോളുകളിലാണ് ഇംഗ്ലണ്ട് മുന്നേറിയത്. മത്സരം എക്സ്ട്രാ ടൈമിലേക്കെന്നു കരുതിയിരിക്കേ മറ്റൊരു പകരക്കാരനായ കോൾ പാമറിൽനിന്ന് ലഭിച്ച പാസ് വാറ്റ്കിൻസ് വലയിലാക്കി. 80-ാം മിനിറ്റിൽ ഫോഡനും കെയ്നും പകരം വാറ്റ്കിൻസും പാമറും എത്തി. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ സാവി സിമണ്‍സ് ബോക്സിനു പുറത്തുനിന്ന് പായിച്ച ഷോട്ട് ഇംഗ്ലീഷ് വല കുലുക്കി. 11 മിനിറ്റിനുശേഷം ഹാരി കെയ്ൻ പെനാൽറ്റിയിലൂടെ ഇംഗ്ലണ്ടിനു സമനില നൽകി. ഗോൾ ലൈൻ സേവ് അഞ്ചു മിനിറ്റ് കഴിഞ്ഞ് ഇംഗ്ലണ്ട് ഫിൽ ഫോഡനിലൂടെ രണ്ടാം ഗോൾ നേടിയെന്നു കരുതി. വലയ്ക്കു മുന്നിൽവച്ച് പ്രതിരോധക്കാരെയെല്ലാം വെട്ടിച്ച് ഫോഡൻ തൊടുത്ത പന്ത് ഗോൾ ലൈനിൽ വച്ച് ഡെൻസൽ ഡംഫ്രിസ് ചവിട്ടിനിർത്തി.
Source link