കേരളത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ യാത്രാക്രമത്തിൽ മാറ്റം; റദ്ദാക്കിയവ അറിയാം
തിരുവനന്തപുരം: കേരളത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ യാത്രാക്രമത്തിൽ മാറ്റം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടർന്ന് കൊങ്കൺ പാതയിൽ പലയിടങ്ങളിലും റെയിൽ ഗതാഗതം തടസപ്പെട്ടിരുന്നു. ഇതിനെത്തുടർന്നാണ് യാത്രാക്രമത്തിൽ മാറ്റം വരുത്തിയത്.
തിരുവനന്തപുരത്ത് നിന്ന് ലോക്‌മാന്യ തിലക് വരെയുള്ള നേത്രാവതി എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ-16346) റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇന്നുരാവിലെ പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണ് റദ്ദാക്കിയത്. കഴിഞ്ഞദിവസം പുറപ്പെട്ട എറണാകുളം ജംഗ്‌ഷൻ- പൂനെ പൂർണ എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ-22149) മഡ്‌ഗാവ് വഴി തിരിച്ചുവിടും. എറണാകുളം- നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ-12617), തിരുവനന്തപുരം സെൻട്രൽ- ഹസ്രത് നിസാമുദ്ദീൻ രാജധാനി എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ-12483) എന്നീ ട്രെയിനുകളും ഇതേ റൂട്ടിലൂടെ തന്നെയായിരിക്കും സർവീസ് നടത്തുക.
കൊച്ചുവേളി- അമൃത്സർ ജംഗ്‌ഷൻ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ-12483), എറണാകുളം- ഹസ്രത് നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ് (ട്രെയിൻ നമ്പർ-12617) എന്നീ ട്രെയിനുകൾ പാലക്കാട് വഴി തിരിച്ചുവിടുമെന്നും റെയിൽവേ അറിയിച്ചു.
എറണാകുളം – തൃശൂർ പാതയിൽ ലൂർദ് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ റെയിൽവേ ട്രാക്കിലേക്ക് മരം വീണിരുന്നു. എറണാകുളത്ത് നിന്ന് ആലുവ ഭാഗത്തേക്ക് വേണാട് എക്സ്‌പ്രസും എതിർ ദിശയിൽ നിന്ന് മംഗള എക്സ്‌പ്രസും ഇതുവഴി കടന്നുപോകാൻ 20 മിനിട്ട് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇതിനിടയിലാണ് മരം കടപുഴകി വീണത്. സംഭവത്തിൽ റെയിൽവേ അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
വൈദ്യുതി ലൈനിൽ തട്ടി മരത്തിന് ചെറിയ തോതിൽ തീപിടിച്ചിരുന്നു. ഉടൻ ഫയർഫോഴ്സെത്തി മരം മുറിച്ചു മാറ്റിയെങ്കിലും ഏറെ കഴിഞ്ഞാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. രണ്ടര മണിക്കൂർ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. മംഗള, വേണാട് എക്‌സ്‌പ്രസ് ട്രെയിനുകൾ പിടിച്ചിട്ടു. മംഗള എക്സ്‌പ്രസ് അപകടമുണ്ടായ മേഖലയ്ക്ക് തൊട്ടടുത്ത് എത്തിയിരുന്നു. ബസും മറ്റ് വാഹനങ്ങളും കടന്നുപോകുന്ന റോഡിലേക്കുകൂടിയാണ് മരം വീണത്. ഇതുവഴിയുള്ള ഗതാഗതവും ഏറെ നേരം തടസപ്പെട്ടിരുന്നു.
Source link