‘എന്തു കൊണ്ട് ഒാടിയില്ല എന്നറിയില്ല, പക്ഷേ ഇൗ സിനിമയ്ക്ക് എന്തോ പറയാനുണ്ട്’: മോഹൻലാൽ
‘എന്തു കൊണ്ട് ഒാടിയില്ല എന്നറിയില്ല, പക്ഷേ ഇൗ സിനിമയ്ക്ക് എന്തോ പറയാനുണ്ട്’: മോഹൻലാൽ | Devadhoothan re release
‘എന്തു കൊണ്ട് ഒാടിയില്ല എന്നറിയില്ല, പക്ഷേ ഇൗ സിനിമയ്ക്ക് എന്തോ പറയാനുണ്ട്’: മോഹൻലാൽ
മനോരമ ലേഖിക
Published: July 10 , 2024 10:37 AM IST
Updated: July 10, 2024 11:16 AM IST
2 minute Read
ദേവദൂതൻ എന്ന സിനിമയ്ക്ക് ഇന്നത്തെ പ്രേക്ഷകരോട് എന്തോ പറയാൻ ബാക്കിയുണ്ടെന്നും അതുകൊണ്ടാണ് ഇത്രകാലം ലാബിൽ ഇരുന്നിട്ടും അതു നശിച്ചു പോകാത്തതെന്നും മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. ദേവദൂതൻ റീറിലീസ് ചെയ്യുന്ന കാര്യം സിയാദ് കോക്കർ പറഞ്ഞപ്പോൾ സിനിമ ഇപ്പോഴും കേടുപാടുകൾ പറ്റാതെ ഇരിപ്പുണ്ടോ എന്ന് അതിശയത്തോടെയാണ് താൻ ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. 24 വർഷങ്ങൾക്ക് ശേഷം പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ദേവദൂതൻ തീയേറ്ററിലെത്താനിരിക്കെ സിനിമയുടെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.
‘വളരെയധികം സന്തോഷം തോന്നുന്ന നിമിഷമാണ്. സിയാദ് ഇക്കയോട് ഞാൻ ചോദിക്കുകയായിരുന്നു, ഈ സിനിമ ഇപ്പൊ എങ്ങനെ കിട്ടി കാരണം 24 വർഷം കഴിയുമ്പോഴേയ്ക്കും ഈ സിനിമ ലാബിൽ നിന്നൊക്കെ നഷ്ടപ്പെട്ടുപോകാം. പക്ഷെ അതാണ് ഭാഗ്യം. ആ സിനിമയുടെ പ്രിന്റ് പ്രസാദിൽ ഉണ്ടായിരുന്നു . ഒരുപാട് സിനിമകളുടെ പ്രിന്റ് ഇപ്പൊ ഇല്ല. അതെല്ലാം നേരെ ചൊവ്വേ സംരക്ഷിക്കാത്തതിനാൽ ഇരുന്നു നഷ്ടപ്പെട്ടുപോയി. അതുകൊണ്ടു തന്നെ ഈ സിനിമയ്ക്ക് ഒരു ഭാഗ്യം ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. ഇതിൽ പറയുന്നത് ആർക്കോ ആരോടോ എന്തോ പറയാനുണ്ട് എന്നാണ്. പക്ഷെ ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു ഞങ്ങൾക്ക് നിങ്ങളോട് എന്തോ പറയാനുണ്ട് എന്ന്. ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് ഈ സിനിമ. ഇപ്പോഴും ഞാൻ ഇടയ്ക്ക് ഇരുന്ന് ഈ സിനിമയിലെ പാട്ടുകൾ കാണാറുണ്ട്. ഇതിൽ എന്റെ കൂടെ അഭിനയിച്ച ആൾക്കാരെ ഞാനിപ്പോൾ ഓർക്കുകയാണ്, ജയപ്രദ, വിജയലക്ഷ്മി, മുരളി, അങ്ങനെ ഒരുപാടുപേരെ ഞാൻ ഇപ്പോൾ ഓർക്കുന്നു. എന്തുകൊണ്ട് ഈ സിനിമ അന്ന് ഓടിയില്ല എന്ന് ചോദിച്ചാൽ, ഇപ്പൊ അദ്ദേഹം പറഞ്ഞതുപോലെ ഇത് കാലം തെറ്റി വന്നതാകും, അന്ന് ആർക്കോ ആരോടോ എന്തോ പറയാനുണ്ട് എന്നത് മനസ്സിലായിക്കാണില്ല. ഒരുപക്ഷെ ഈ സിനിമ മറ്റ് ഏതെങ്കിലും സിനിമയോടൊപ്പം ഇറങ്ങിയതുകൊണ്ടാകാം അല്ലെങ്കിൽ ഈ സിനിമയുടെ പേസ് ആൾക്കാരിൽ ഏതാണ് സാധിച്ചുകാണില്ല. പക്ഷെ അന്ന് ഈ സിനിമ കാണുമ്പോൾ എനിക്ക് അത്ഭുതമായിരുന്നു, അതിന്റെ സൗണ്ട് ആയാലും സംഗീതം ആയാലും, ക്യാമറ ആയാലും എല്ലാം. എത്രയോ നല്ല സിനിമകൾ ഓടാതെ ഇരുന്നിട്ടുണ്ട്. അത് എന്തുകൊണ്ടെന്ന് ചോദിച്ചാൽ അതിന് ഉചിതമായ ഒരു ഉത്തരം തരാൻ കഴിയില്ല, ഒരുപാട് കാരണങ്ങൾ ഉണ്ടാകും. പക്ഷേ സിബി അതിനെ റീ എഡിറ്റ് ചെയ്യണം എന്നുപറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇപ്പോൾ നിങ്ങളോട് എന്തോ പറയാനുണ്ട് അത് അദ്ദേഹം മനോഹരമായി ചെയ്തിരിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.’ മോഹൻലാൽ പറഞ്ഞു.
‘എന്റെ സിനിമാജീവിതത്തിൽ ഏറ്റവും നല്ല സിനിമകൾ തന്ന സംവിധായകനാണ് അദ്ദേഹം. എന്റെ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതലുള്ള ബന്ധമാണ്. ചിലസിനിമകൾ എന്തുകൊണ്ട് ഓടിയില്ല എന്ന് ചോദിച്ചാൽ അതിനൊരു കാരണം പറയാനില്ല, ഉദാഹരണത്തിന് സദയം, ദശരഥം.. പക്ഷെ അതൊക്കെ പിൽക്കാലത്ത് യൂട്യൂബിൽ ആയാലും ടെലിവിഷനിൽ ആയാലും ചെറിയ ചെറിയ വിഡിയോകൾ ആയിട്ടും ഇപ്പോഴും ആളുകളുടെ മനസ്സിൽ എത്തിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ ഒരു സമയത്ത് ഇങ്ങനെ ഒരു ചിന്ത തോന്നിപ്പിച്ച ദൈവത്തിനു ആദ്യം നന്ദി പറയുന്നു. ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലവരോടും നന്ദി പറയുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരു സിനിമയാണിത്. ഹിന്ദി ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകളൊക്കെ വീണ്ടും കളർ ചെയ്ത് എടുത്തു കാണിച്ചിട്ടുണ്ട്, പക്ഷെ ഇവിടെ അതുപോലെ അല്ല ശരിയായ രീതിയിൽ സിനിമകളുടെ ഫിലിം സൂക്ഷിച്ചു വയ്ക്കുന്ന ശീലം ഇവിടെ ഇല്ല. പല ലാബുകളും ഇപ്പോൾ ഇല്ല അതൊക്കെ പോയി. ഇപ്പോ അവിടെ വലിയ കെട്ടിട സമുച്ചയങ്ങൾ വന്നു, ഒരുപാട് സിനിമകളുടെ പ്രിന്റൊക്കെ നഷ്ടപ്പെട്ടുപോയി, അപ്പോഴും ഈ സിനിമ അവിടെ ഇരുന്നത് അതിനകത്തുള്ളത് ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാണണം എന്നുള്ള ഒരാഗ്രഹം ആ സിനിമയ്ക്ക് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെയും സിബിയുടെയും സിയാദിക്കയുടെയും ഇതിൽ പ്രവർത്തിച്ച മുഴുവൻ അണിയറപ്രവർത്തകരുടെയും ആ ആഗ്രഹമാണ് ഇപ്പോൾ നിങ്ങളുടെ മുന്നിൽ എത്തുന്നത്. ആ സിനിമക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. നല്ല നല്ല സിനിമകൾ ഉണ്ടാകട്ടെ അത്തരം സിനിമകൾ കാണാൻ നല്ല പ്രേക്ഷകർ ഉണ്ടാകട്ടെ, ആ സിനിമകളിൽ അഭിനയിക്കാൻ ഞങ്ങൾക്കും ഭാഗ്യം ഉണ്ടാകട്ടെ.’ മോഹൻലാൽ പറഞ്ഞു.
English Summary:
Malayalam’s favorite actor Mohanlal says that the movie Devduthan has something to say to today’s audience and that is why it has not been destroyed even after sitting in the lab for so long.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews mo-entertainment-movie mo-entertainment-movie-sibi-malayil f3uk329jlig71d4nk9o6qq7b4-list 3eh8j01v05333hae7punoqt0ou
Source link