ഇന്ത്യ സമാധാനത്തിനൊപ്പം: മോദി
മോസ്കോ: ഇന്ത്യ സമാധാനത്തിനൊപ്പമാണെന്ന വ്യക്തമായ സന്ദേശവുമായി മോസ്കോയിൽ മോദി-പുടിൻ കൂടിക്കാഴ്ച. യുക്രെയ്ൻ സംഘർഷത്തിന് യുദ്ധഭൂമിയിൽ പരിഹാരമുണ്ടാകില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ട മോദി, ബോംബുകളുടെയും തോക്കുകളുടെയും വെടിയുണ്ടകളുടെയുമിടയിൽ സമാധാനചർച്ചകൾ വിജയിക്കില്ലെന്നും കൂട്ടിച്ചേർത്തു. റഷ്യ നടത്തിയ ആക്രമണത്തിൽ യുക്രെയ്നിലെ കുട്ടികളുടെ ആശുപത്രിയിൽ നിരപരാധികളായ കുരുന്നുകൾക്കു ജീവഹാനിയുണ്ടായതു ഹൃദയഭേദകമാണെന്നും മോദി പറഞ്ഞു. “സമാധാനത്തിന്റെ ഭാഗത്താണ് ഇന്ത്യയെന്ന് ലോകത്തിന് ഉറപ്പുനൽകുകയാണ്. പുതിയ തലമുറയുടെ ഉജ്വലമായ ഭാവിക്കു സമാധാനം അനിവാര്യമാണ്. ഇതിനായുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ സഹായമുണ്ടാകുമെന്ന് ലോകത്തിന് ഉറപ്പു നൽകുന്നു. പുടിനുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കാനുള്ള നിർണായക തീരുമാനങ്ങളും സ്വീകരിച്ചു’’- പ്രധാനമന്ത്രി പറഞ്ഞു. യുക്രെയ്ൻ-റഷ്യ സംഘർഷങ്ങൾ യുദ്ധസ്വഭാവത്തിലേക്ക് എത്തിയതിനുശേഷം ആദ്യമായിട്ടാണ് മോദി പുടിനുമായി കൂടിക്കാഴ്ച നടത്തുന്നത്. റഷ്യൻ സേനയിലേക്ക് സഹായികളായി നിയോഗിക്കപ്പെട്ട നാല്പതോളം ഇന്ത്യക്കാരെ തിരികെ എത്തിക്കണം എന്ന മോദിയുടെ ആവശ്യം പുടിൻ അംഗീകരിച്ചുവെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. റഷ്യയിലെ കസാനിലും യെകാറ്റേറിൻബർഗിലും ഇന്ത്യൻ കോൺസുലേറ്റുകൾ തുറക്കാനും തീരുമാനിച്ചു. ചൈനയുമായുള്ള ശക്തമായ ബന്ധത്തിനിടയിലും ഇന്ത്യക്കൊപ്പമുള്ള ദീർഘകാല സൗഹൃദം മാറ്റമില്ലാതെ തുടരുമെന്ന സൂചനയാണു മോദിക്കു ലഭിച്ച ഊഷ്മള സ്വീകരണം. യുക്രെയ്ൻ പ്രതിസന്ധിക്കു സമാധാനപരമായ പരിഹാരത്തിനു ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൂടിക്കാഴ്ചയിൽ പുടിൻ നന്ദി പറഞ്ഞു. ഏറ്റവും പ്രാമുഖ്യമുള്ള വിഷയങ്ങൾക്കു പ്രത്യേക ശ്രദ്ധ നൽകുന്നതിൽ, പ്രത്യേകിച്ചും യുക്രെയ്ൻ പ്രതിസന്ധി സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കുന്നതിന് നന്ദിയുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞതായി റഷ്യയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Source link