ഇന്ത്യൻ സമ്പദ്‌ഘടനയുടെ നല്ലൊരു പങ്കും പ്രവാസികളുടെ അദ്ധ്വാനഫലം; രാജ്യത്തേക്കൊഴുകിയത് പതിനായിരത്തിലധികം കോടി ഡോളർ
ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്കിൽ വൻ വർദ്ധനവെന്ന് കണക്കുകൾ. ഇതിൽ ഏറിയ പങ്കും പ്രവാസികളുടെ അദ്ധ്വാനഫലമാണ്. കഴിഞ്ഞ പത്ത് വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ച തുകയിൽ 70 ശതമാനം വർദ്ധനവുണ്ടായതായി വ്യക്തമാക്കുന്നു.
2003-04 കാലയളവിൽ 7,000 കോടി ഡോളറായിരുന്ന പ്രവാസി നിക്ഷേപം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 12,000 കോടി ഡോളറായാണ് ഉയർന്നത്. ലോകത്ത് ഏറ്റവുമധികം പ്രവാസി പണം നേടുന്ന രാജ്യമെന്ന ബഹുമതി ഇത്തവണയും ഇന്ത്യ നിലനിറുത്തിയിരിക്കുകയാണ്. മെക്‌സിക്കോയാണ് രണ്ടാം സ്ഥാനത്തുള്ളത്. മെക്‌സിക്കോയേക്കാൾ ഇരട്ടി നിക്ഷേപമാണ് ഇന്ത്യയിലെത്തുന്നത്. ഏറ്റവുമധികം പണം ഒഴുകിയെത്തുന്നത് അമേരിക്കയിൽ നിന്നുമാണ്. മൊത്തം റെമിറ്റൻസിൽ 25 ശതമാനം ഇവിടെ നിന്നുതന്നെ. ഗൾഫ് മേഖലയാണ് രണ്ടാം സ്ഥാനത്ത്.
വിദേശ രാജ്യങ്ങളിലേക്കുള്ള വിനോദ യാത്രകൾക്ക് പ്രിയമേറിയതോടെ ഇന്ത്യയ്ക്കാർ പുറത്തേക്ക് അയക്കുന്ന പണത്തിൽ റെക്കാഡ് വർദ്ധന. ഒരു പതിറ്റാണ്ടിനിടെ വിദേശത്ത് ചെലവഴിക്കുന്ന തുക 29 ഇരട്ടി വർദ്ധിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 3170 കോടി ഡോളറിലെത്തിയെന്ന് ബാങ്ക് ഒഫ് ബറോഡയുടെ പഠന റിപ്പോർട്ടിൽ പറയുന്നു. ഇതിൽ സിംഹഭാഗവും വിനോദ സഞ്ചാരത്തിനായി നടത്തിയ യാത്രകളുടെ ചെലവാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Source link