KERALAMLATEST NEWS

ജമ്മുകാശ്‌മീരിൽ ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ജവാന് വീരമൃത്യു

ശ്രീനഗർ: ജമ്മു കാശ്‌‌മീരിലെ കുൽഗാമിൽ ഭീകരരും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാന് വീരമൃത്യു. മോദെർഗാം ഗ്രാമത്തിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് സിആർപിഎഫ്, സേന, പൊലീസ് എന്നിവർ ചേർന്നുനടത്തിയ സംയുക്ത ഓപ്പറേഷനിടെയാണ് ജവാൻ വീരമൃത്യു വരിച്ചത്.

ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നതായി കാശ്‌മീർ മേഖലാ പൊലീസ് സമൂഹമാദ്ധ്യമ പോസ്റ്റിൽ വ്യക്തമാക്കി.

ജമ്മു കാശ്‌മീരിൽ ഭീകരരുമായി കഴിഞ്ഞമാസമുണ്ടായ ഏറ്റുമുട്ടലിലും ഒരു സൈനികൻ വീരമൃത്യു വരിച്ചിരുന്നു. സിആ‌ർപിഎഫ് ജവാനായ കബീൻ ദാസ് ആണ് മരിച്ചത്. കത്വ ജില്ലയിലെ സെെദ സുഖാൽ ഗ്രാമത്തിൽ ജൂൺ പതിനൊന്നിന് രാത്രിയുണ്ടായ ആക്രമണത്തിനിടെയാണ് ജവാന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ഇദ്ദേഹത്തെ സെെനിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

കഴിഞ്ഞ മാസം ജമ്മു കാശ്‌മീരിലെ റീസിയിൽ തീർത്ഥാടകർ സഞ്ചരിച്ച ബസിന് നേരെ ഭീകരർ നടത്തിയ വെടിവയ്‌പ്പിൽ പത്തുപേർ കൊല്ലപ്പെട്ടിരുന്നു. 42 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ശിവ് ഖോഡി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യു പി സ്വദേശികളാണ് ബസിൽ ഉണ്ടായിരുന്നത്. യു.പി സ്വദേശികളുമായി വന്ന ബസിന് നേരെ തുടർച്ചയായി വെടിവയ്‌പ്പുണ്ടായതോടെ ഡ്രൈവർ ബസ് നിയന്ത്രിക്കാൻ പ്രയാസപ്പെട്ടു. തുടർന്ന് നിയന്ത്രണം നഷ്‌ടപ്പെട്ട് മലയിടുക്കിലേക്ക് വീഴുകയായിരുന്നു. എന്നാൽ ഇതിനുശേഷവും ഭീകരർ ആക്രമണം തുടർന്നു.


Source link

Related Articles

Back to top button