കോപ്പ അമേരിക്കയിൽ അർജന്റീന സെമിയിൽ
ഹൂസ്റ്റണ്‍: ജനകോടികളുടെ ഇടനെഞ്ചിലുള്ള മെസിക്കൊരു കാവലാളുണ്ട്, ഇന്റർ മയാമിയുടെ വഴിയോരങ്ങളിലെ മസിൽമാൻ യാസിൻ ച്യൂക്കോ അല്ലത്… ഗ്ലൗ അണിഞ്ഞ കൈകൾ വിടർത്തി, നെഞ്ചു വിരിച്ച് അർജന്റൈൻ ജഴ്സിയിൽ നിൽക്കുന്നൊരാൾ… ആറടി അഞ്ച് ഇഞ്ചുകാരനായ അയാളോടു ചേർന്നുനിൽക്കുന്പോൾ അഞ്ചടി ഏഴിഞ്ചുകാരനായ മെസി ചെറുതാവും… എന്നാൽ, നീലാകാശത്തോളം വലിയൊരു മെസി അയാളുടെ നെഞ്ചിലുമുണ്ട്… ആ കാവലാളിനെ ലോകം വിളിക്കുന്നത് എമിലിയാനോ മാർട്ടിനെസ് എന്ന്, അടുപ്പക്കാർ ദിബു എന്നും… 2021 കോപ്പ അമേരിക്കയിലും 2022 ഫിഫ ലോകകപ്പിലും അർജന്റീനയെ എത്തിച്ച, പെനാൽറ്റി ഷൂട്ടൗട്ട് ഹീറോയെന്നു വിശേഷിപ്പിക്കപ്പെടുന്ന, മെസിയുടെ കിരീടമോഹങ്ങൾക്കു കാവലാളായ എമിലിയാനോ മാർട്ടിനെസ് വീണ്ടും അവതരിച്ചു, 2024 കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിന്റെ ഷൂട്ടൗട്ടിൽ… ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയം. കോപ്പ അമേരിക്ക ഫുട്ബോളിന്റെ 2024 എഡിഷനിലെ ആദ്യ ക്വാർട്ടർ ഫൈനലിൽ അർജന്റീനയും ഇക്വഡോറും നേർക്കുനേർ. 35-ാം മിനിറ്റിൽ മെസിയുടെ കോർണർ കിക്ക്. അലെക്സിസ് മക് അലിസ്റ്ററിന്റെ ഫ്ളിക്ക് ഹെഡർ. മറ്റൊരു ഹെഡറിലൂടെ പന്ത് വലയിലാക്കി സെന്റർ ഡിഫെൻഡർ ലിസാൻഡ്രോ മാർട്ടിനെസ് അർജന്റീനയെ 1-0നു മുന്നിലെത്തിച്ചു. തുടർന്ന് ഇരുഭാഗത്തേക്കും കയറ്റിറക്കങ്ങൾ. എന്നാൽ, ഗോൾ പിറന്നില്ല. 60-ാം മിനിറ്റിൽ ബോക്സിനുള്ളിൽവച്ച് റോഡ്രിഗൊ ഡി പോളിന്റെ ഹാൻഡ് ബോളിനുള്ള ശിക്ഷയായി അർജന്റീനയ്ക്കെതിരേ പെനാൽറ്റി. എന്നാൽ, ഇക്വഡോർ ക്യാപ്റ്റൻ എന്നർ വലെൻസിയയുടെ (62’) സ്പോട്ട്കിക്ക് ഇടതു പോസ്റ്റിലിടിച്ച് തെറിച്ചു. അർജന്റീനക്കാരുടെ ശ്വാസം നേരേവീണ നിമിഷം. പക്ഷേ, ഇഞ്ചുറിടൈമിൽ കെവിൻ റോഡ്രിഗസ് (90+1’) ഹെഡർ ഗോളിലൂടെ ഇക്വഡോറിനെ 1-1ന് ഒപ്പമെത്തിച്ചു. മെസിയുടെ പനേങ്ക നിശ്ചിത സമയം കഴിഞ്ഞതോടെ വിധിനിർണയിക്കാൻ പെനാൽറ്റി ഷൂട്ടൗട്ട്. അർജന്റീനയുടെ ആദ്യകിക്കെടുക്കാനെത്തിയത് ലയണൽ മെസി. പനേങ്ക കിക്കിനു ശ്രമിച്ച മെസി നിരാശനായി തലതാഴ്ത്തി. പനേങ്ക കിക്കിന്റെ പവർകൂടി, പന്ത് ക്രോസ് ബാറിലിടിച്ച് വലയ്ക്കു മുകളിൽ. തുടർന്നായിരുന്നു മെസിയുടെ കാവലാളായി എമിലിയാനോ മാർട്ടിനെസ് അവതരിച്ചത്. ഇക്വഡോറിന്റെ ആദ്യകിക്കെടുത്ത എയ്ഞ്ചൽ മേനയുടെ ഷോട്ട് ഇടത്തേക്കു ചാടിയും രണ്ടാം കിക്കെടുത്ത അലൻ മിൻഡയുടെ ഷോട്ട് വലത്തേക്കു ചാടിയും മാർട്ടിനെസ് തട്ടിത്തെറിപ്പിച്ചു. മെസിക്കുശേഷമെത്തിയ ജൂലിയൻ ആൽവരസ്, മക് അല്ലിസ്റ്റർ, ഗോണ്‍സാലൊ മോണ്ടിയേൽ, നിക്കോളാസ് ഒട്ടമെൻഡി എന്നിവർ പിഴവില്ലാതെ പെനാൽറ്റി വലയിലാക്കി. അതോടെ 4-2ന്റെ ജയവുമായി അർജന്റീന കോപ്പ അമേരിക്ക ക്വാർട്ടറിൽ. മാർട്ടിനെസിനെ മെസി കെട്ടിപ്പിടിച്ചു, അർജന്റീനക്കാർ ആനന്ദനൃത്തംവച്ചു… സൂപ്പർ ഹീറോ: 24-12 ഗോൾവലയ്ക്കു മുന്നിൽ എമിലിയാനോ മാർട്ടിനെസ് ഉള്ളപ്പോൾ അർജന്റീന ഇതുവരെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെട്ടിട്ടില്ല. കോപ്പ അമേരിക്കയിലും (2021 സെമിയിൽ കൊളംബിയ, 2024 ക്വാർട്ടറിൽ ഇക്വഡോർ) ഫിഫ ലോകകപ്പിലും (2022ൽ നെതർലൻഡ്സിനെതിരേ ക്വാർട്ടർ, ഫ്രാൻസിനെതിരേ ഫൈനൽ) രണ്ടു തവണവീതം മാർട്ടിനെസിന്റെ മികവിൽ അർജന്റീന വെന്നിക്കൊടി പാറിച്ചു. അർജന്റൈൻ ജഴ്സിയിൽ 24 പെനാൽറ്റികളെ മാർട്ടിനെസ് നേരിട്ടു. അതിൽ 12 എണ്ണം തട്ടിത്തെറിപ്പിച്ചു. സേവിംഗ് റേറ്റ് 50%…!
Source link