ഇന്നു മുതൽ 9വരെ റേഷൻ കടകൾ തുറക്കില്ല
തിരുവനന്തപുരം: ഇന്നു മുതൽ 9 വരെ തുടർച്ചയായ ദിവസങ്ങളിൽ റേഷൻ കടകൾ അടഞ്ഞു കിടക്കും. സ്റ്റോക്ക് തിട്ടപ്പെടുത്തൽ പ്രമാണിച്ച് ഇന്ന് കടകൾ തുറക്കില്ല. നാളെ ഞായറായതിനാൽ അവധി. 8നും 9നും റേഷൻ വ്യാപാരി സംഘടനകളുടെ സമരമായതിനാൽ കടകൾ അടച്ചിടും.
റേഷൻ വ്യാപാരികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജി.ആർ.അനിൽ എന്നിവർ കഴിഞ്ഞ ദിവസം വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടിരുന്നു.
റേഷൻ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കെ.ടി.പി.ഡി.എസ് ആക്ടിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയവ ആവശ്യപ്പെട്ടാണ് സമരം.
റേഷൻ വ്യാപാരികൾ
സമരത്തിൽ നിന്ന്
പിന്മാറണം: മന്ത്രി
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ 8, 9 തീയതികളിൽ കടകൾ അടച്ചിട്ട് നടത്തുന്ന സമരത്തിൽ നിന്ന് പിന്മാറണമെന്ന് മന്ത്രി ജി.ആർ അനിൽ ആവശ്യപ്പെട്ടു.
വ്യാപാരികൾ ഉന്നയിച്ച വേതന പാക്കേജ് പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിച്ച് വരികയാണ്. ഇതിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് നൽകിയിട്ടുണ്ട്.
റേഷൻ വ്യാപാരികൾക്ക്
5 മാസമായി പെൻഷനില്ല
കോവളം സതീഷ്കുമാർ
#വെൽഫെയർ സെസിന് അനുമതി
നൽകാതെ ധനവകുപ്പ്
തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ ക്ഷേമപെൻഷൻ കുടിശ്ശിക തീർത്തുനൽകുന്നതിനും ക്ഷേമനിധിയിലേക്ക് തുക സമാഹരിക്കാനുമായി മുൻഗണനേതര വിഭാഗം ഗുണഭോക്താക്കളിൽ നിന്നു നിശ്ചിത കാലത്തേക്ക് പ്രതിമാസം ഒരു രൂപ വെൽഫയർ ഫണ്ട് സെസ് ഈടാക്കാനുള്ള ഭക്ഷ്യവകുപ്പ് പദ്ധതി നടപ്പായില്ല. പരിഗണനയ്ക്കായി ധനവകുപ്പിന് അയച്ച ഫയൽ അവിടെ പിടിച്ചുവച്ചിരിക്കുകയാണ്.
അഞ്ച് മാസമായി പെൻഷൻ കുടിശ്ശികയാണ്.
1500 രൂപയാണ് പെൻഷൻ തുക. മറ്റ് ക്ഷേമപെൻഷനുകളെ അപേക്ഷിച്ച് കുറവാണിത്. റേഷൻ വാങ്ങുന്ന നീല, വെള്ള കാർഡുകാരിൽ നിന്ന് ഒരു രൂപ വീതം ആറു മാസം ഈടാക്കിയാൽ 2.12 കോടി രൂപ സമാഹരിക്കാനാകും. ഒരു വർഷം വരെ തുടർന്നാൽ 4.24 കോടിയും ലഭ്യമാകും.
മന്ത്രി ജി.ആർ.അനിൽ റേഷൻ വ്യാപാരികളുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് പദ്ധതിക്ക് രൂപം നൽകിയത്.
200 രൂപയാണ് പ്രതിമാസം ക്ഷേമനിധിയിലേക്ക് ഒരു വ്യാപാരി അടയ്ക്കുന്നത്. 62 വയസ് കഴിയുമ്പോഴാണ് പെൻഷൻ ലഭ്യമാവുക. ക്ഷേമനിധി രൂപീകരിച്ചപ്പോൾ വിദ്യാഭ്യാസ വായ്പ, ചികിത്സാ ധനസഹായം എന്നിവയൊക്കെ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും പെൻഷൻപോലും കിട്ടാത്ത അവസ്ഥയാണെന്ന് വ്യാപാരികൾ പറയുന്നു.
റേഷൻ വാങ്ങുന്നത് 68%
നീല കാർഡ്……………………………………. 23,01,303
വെള്ള കാർഡ്…………………………………. 28,86,580
ആകെ……………………………………………….. 51,87,883
റേഷൻ വാങ്ങുന്നത് (ശരാശരി 68%)… 35,27,760
`ഒരു രൂപയുടെ കാര്യത്തിൽപോലും സർക്കാർ പിടിവാശി കാണിക്കുകയാണ്. റേഷൻ വ്യാപാരികളുടെ സങ്കടം കാണാൻ ആരുമില്ല’
-ടി.മുഹമ്മാദാലി,
സെക്രട്ടറി, കേരള റീട്ടെയിൽ
റേഷൻ ഡീലേഴ്സ് അസോസിയേഷൻ
Source link