പ്ളസ് വൺ: മലപ്പുറത്ത് നൂറിലേറെ താത്കാലിക ബാച്ചിന് ശുപാർശ, രണ്ടംഗസമിതി റിപ്പോർട്ട് സമർപ്പിച്ചു
തിരുവനന്തപുരം: മലപ്പുറത്തെ പ്ളസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ നൂറിലേറെ താത്കാലിക ബാച്ചുകൾ ആവശ്യമാണെന്ന് വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച രണ്ടംഗ സമിതിയുടെ ശുപാർശ.
ഹ്യുമാനിറ്റീസ്, കൊമേഴ്സ് ബാച്ചുകളാണ് ആവശ്യം. മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷമാവും അന്തിമതീരുമാനം. സപ്ളിമെന്ററി അലോട്ട്മെന്റിനായുള്ള അന്തിമ കണക്കുകൾ എടുത്തശേഷം വിഷയം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.
ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ (അക്കാഡമിക്) ആർ.സുരേഷ് കുമാർ, മലപ്പുറം ആർ.ഡി.ഡി ഡോ.പി.എൻ. അനിൽ എന്നിവരായിരുന്നു സമിതി അംഗങ്ങൾ. വിദ്യാഭ്യാസമന്ത്രിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. എസ്.എസ്.എൽ.സിയ്ക്ക് ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്കുപോലും പ്ളസ് വണ്ണിന് പ്രവേശനം ലഭിക്കാതെ വന്ന മലപ്പുറം ജില്ലയിൽ താത്കാലിക ബാച്ചുകൾ അനുവദിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസവകുപ്പാണ് രണ്ടംഗസമിതിയെ നിയോഗിച്ചത്. എത്ര ബാച്ചുകൾ വേണമെന്ന് തിട്ടപ്പെടുത്താനായിരുന്നു സമിതി.
ഭരണപക്ഷ വിദ്യാർത്ഥി സംഘടനകൾ അടക്കം സമരരംഗത്ത് ഇറങ്ങിയത് വിദ്യാഭ്യാസ വകുപ്പിനും സർക്കാരിനും ക്ഷീണമുണ്ടാക്കിയിരുന്നു. വിദ്യാഭ്യാസമന്ത്രി ജൂൺ 25 ന് വിദ്യാർത്ഥി സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് താത്കാലിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനമായത്.
Source link