CINEMA

സൂപ്പര്‍സ്റ്റാറാകാന്‍ മീശ പിരിക്കണോ? മോഹന്‍ലാലിനെ ആദ്യമായി മീശ പിരിപ്പിച്ചത് ആര്?


മലയാളത്തില്‍ എത്ര അഭിനയശേഷിയുളള നടനായാലും അയാളെ സൂപ്പര്‍താരമെന്ന് വിശേഷിപ്പിക്കപ്പെടുന്നത് വമ്പന്‍ ഇനീഷ്യല്‍ കലക്‌ഷനും സാറ്റലൈറ്റ്-ഒടിടി- ഓവര്‍സീസ് അടക്കം മികച്ച ബിസിനസും ലഭിക്കുമ്പോഴാണ്. എന്താണ് ഒരാള്‍ സൂപ്പര്‍താരമായി പരിണമിക്കുന്നതിന് പിന്നിലെ മാനദണ്ഡം? ഏറെക്കാലമായി ചലച്ചിത്ര നിരീക്ഷകരെ അലട്ടുന്ന ചോദ്യമാണിത്. വാസ്തവത്തില്‍ അതിന് നിയതമായ മാനദണ്ഡങ്ങളോ പ്രത്യേക മറുപടികളോ ഇല്ല. ഒരു നടന്‍ ഇതര നടന്‍മാരില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ജനപ്രിയനാവുകയും അയാളുടെ സിനിമകള്‍ തിയറ്ററുകളില്‍ നിറഞ്ഞോടുകയും ചെയ്യുന്നതാണ് ഇതിന്റെ അളവുകോല്‍ എന്നൊക്കെ പറഞ്ഞ് ഒഴിയാമെങ്കിലും ഇതൊന്നും തത്വത്തില്‍ തൃപ്തികരമായ ഉത്തരമല്ല.

മലയാളത്തിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററുകളായ റാംജിറാവ് സ്പീക്കിങ്, ഗോഡ്ഫാദര്‍ അടക്കം നിരവധി സിനിമകളില്‍ നായകനായെത്തിയ മുകേഷ് ഒരു കാലത്തും സൂപ്പര്‍സ്റ്റാര്‍ എന്നു വിശേഷിപ്പിക്കപ്പെട്ടില്ല. ഒരു കാലത്ത് തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കിയ മിനിമം ഗ്യാരന്റിയുളള നായകന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ജയറാമും സൂപ്പര്‍താരപദവിയില്‍ എത്തിപ്പെട്ടില്ല. അപ്പോള്‍ ഇതൊന്നുമല്ലാത്ത എന്തൊക്കെയോ കൂടി ചേര്‍ന്നതാണ് ഈ പദവി എന്നു കരുതേണ്ടിയിരിക്കുന്നു.

1980 മുതല്‍ ലൈറ്റ് വെയിറ്റ് വില്ലന്‍ വേഷങ്ങളിലും പിന്നീട് റൊമാന്റിക് ഹീറോ പരിവേഷത്തിലും ചുറ്റിത്തിരിഞ്ഞ മോഹന്‍ലാല്‍ ഒരു സൂപ്പര്‍സ്റ്റാറായി മാറുന്നത് ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകന്‍ എന്ന സിനിമയോടെയാണ്. അതുവരെ മോഹന്‍ലാലില്‍ നിന്ന് ആരും പ്രതീക്ഷിക്കാത്ത വിധത്തില്‍ ആന്റി ഹീറോ പരിവേഷമുളള ഒരു ആക്ഷന്‍ സിനിമയൊരുക്കുകയും ഈ അമാനുഷിക നായകപരിവേഷത്തിന് ബോക്‌സോഫിസില്‍ നിന്നും അദ്ഭുതകരമായ പ്രതികരണം ഉണ്ടാവുകയും ചെയ്തു എന്നതാണ് ഈ സിനിമയുമായി ബന്ധപ്പെട്ട പിന്നണിക്കഥ.
എന്നാല്‍ മറ്റൊരു സൈഡ് സ്‌റ്റോറി കൂടി ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. വാസ്തവത്തില്‍ തിരക്കഥയുടെ ആലോചന ഘട്ടങ്ങളില്‍ ഒരിക്കലും ഡെന്നിസും തമ്പിയും ലാലിനെ നായകസ്ഥാനത്ത് കണ്ടിരുന്നില്ല. മറിച്ച് ഘനഗാംഭീര്യമൂളള വേഷങ്ങളില്‍ തിളങ്ങി നിന്ന മമ്മൂട്ടിയായിരുന്നു അവരുടെ മനസില്‍. എന്നാല്‍ കഥ കേള്‍ക്കും മുൻപെ സിനിമയുമായി സഹകരിക്കാനുളള വൈമുഖ്യം മമ്മൂട്ടി അറിയിച്ചു. പല കുറി ഡേറ്റ് നല്‍കിയിട്ടും തുടര്‍ച്ചയായി ഫ്‌ളോപ്പുകള്‍ മാത്രം സൃഷ്ടിച്ചുകൊണ്ടിരുന്ന തമ്പിയിലുളള വിശ്വാസക്കുറവ് തന്നെയായിരുന്നു കാരണം.

വാശിക്കാരനായ തമ്പി സമാനതലത്തില്‍ നില്‍ക്കുന്ന മോഹന്‍ലാലിനെ ഹീറോയാക്കി പരീക്ഷിക്കുകയായിരുന്നു എന്നാണ് ഇക്കാലമത്രയും പ്രചരിക്കപ്പെട്ട കഥ. മോഹന്‍ലാലിനെ കൊണ്ട് ആദ്യമായി മീശ പിരിപ്പിച്ചതും പൗരുഷം ഫീല്‍ ചെയ്യുന്ന കഥാപാത്രം നല്‍കി ഹെവി റിസ്‌കെടുത്തതും തമ്പിയാണെന്നും അവകാശപ്പെടുന്നവരുണ്ട്. ബാഹ്യമായി ചിന്തിക്കുമ്പോള്‍ അതു ശരിയാണെന്ന് തോന്നാമെങ്കിലും മലയാള സിനിമയുടെ എണ്‍പതുകളിലെ ചരിത്രം പരിശോധിക്കുമ്പോള്‍ മറ്റു ചില യാഥാർഥ്യങ്ങള്‍ കൂടി കണ്ടെത്താന്‍ സാധിക്കും. 
ആദ്യമായി പിരിച്ച മീശ

രാജാവിന്റെ മകന്‍ വരെ സോഫ്ട് ക്യാരക്‌ടേഴ്‌സും റൊമാന്റിക് ഹീറോ വേഷങ്ങളും ചെയ്തു പോന്ന സ്‌ത്രൈണ ഭാവമുളള നടനായിരുന്നില്ല മോഹന്‍ലാല്‍. ഏതൊരു താരവും സൂപ്പര്‍താര പദവിയിലേക്ക് ആനയിക്കപ്പെടാനും പ്രേക്ഷകരുടെ മനസില്‍ വീരനായക പരിവേഷം ലഭിക്കാനും ആക്ഷന്‍ സിനിമകള്‍ അനിവാര്യമാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അത്തരം സിനിമകളിലുടെയാണ് രജനീകാന്തും കമലഹാസനും അടക്കമുളള പല വലിയ പ്രതിഭകളും സൂപ്പര്‍താര പദവിയില്‍ എത്തിപ്പെട്ടത്. ജയന്‍ മരണം സംഭവിച്ച് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷവും പ്രേക്ഷകഹൃദയങ്ങളില്‍ സൂപ്പര്‍താരമായി നില്‍ക്കുന്നതും ജീവിച്ചിരുന്ന കാലത്ത് അദ്ദേഹം ചെയ്തു വച്ച ആക്ഷന്‍ സിനിമകളുടെ പിന്‍ബലത്തിലാണ്.
കരിമ്പനയും ചാകരയും ഇടിമുഴക്കവും പോലെ ജീവിതഗന്ധിയായ സിനിമകളില്‍ അഭിനയിച്ച ജയനെ ആരും കാര്യമായി പരിഗണിച്ചില്ല. ശരപഞ്ജരവും അങ്ങാടിയും മീനും നായാട്ടും ആവേശവും മനുഷ്യമൃഗവും കോളിളക്കവും അറിയപ്പെടാത്ത രഹസ്യവുമെല്ലാമാണ് അദ്ദേഹത്തെ താരപദവിയിലേക്ക് വളര്‍ത്തിയ സിനിമകള്‍.
കരിയറിന്റെ തുടക്ക കാലത്ത് ഒരു വശത്തേക്ക് ചരിഞ്ഞു നടക്കുകയും സ്‌ത്രൈണഭാവത്തില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്തിരുന്ന മോഹന്‍ലാലിലെ ഹീറോയിസം ആദ്യമായി കണ്ടെത്തിയത് വാസ്തവത്തില്‍ ഐ.വി.ശശിയാണ്. എം.ടിയുടെ തിരക്കഥയില്‍ 1984ല്‍ ഐ.വി.ശശി സംവിധാനം ചെയ്ത ‘ഉയരങ്ങളില്‍’ എന്ന സിനിമയില്‍ മീശ പിരിച്ചില്ലെങ്കിലും ഒരു ആന്റിഹീറോ ക്യാരക്ടറായിരുന്നു ലാലിന്. മികച്ച സിനിമായിരുന്നിട്ടും ലാല്‍ അസാധ്യ പ്രകടനം കാഴ്ചവച്ചിട്ടും തിയറ്ററുകളില്‍ ഹിറ്റായില്ല എന്ന ഏക കാരണത്താല്‍ സിനിമ ചര്‍ച്ച ചെയ്യപ്പെടാതെ പോയി. ഇന്ന് പുതുതലമുറ ഇന്റര്‍നെറ്റിലുടെ ഈ സിനിമ ആഘോഷിക്കുകയും ചര്‍ച്ചകള്‍ക്ക് വിധേയമാക്കുകയും ചെയ്യുന്നു. ഒരു ഘട്ടത്തില്‍ ഈ സിനിമ റീമേക്ക് ചെയ്യാനും അതില്‍ നായകവേഷം ചെയ്യാനും പൃഥ്വിരാജ് ആലോചിച്ചിരുന്നുവെങ്കിലും ഏതൊക്കെയോ കാരണങ്ങളാല്‍ നടക്കാതെ പോയി.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സുരേഷ് ഗോപി

എന്നിരുന്നാലും ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ മോഹന്‍ലാല്‍ പ്രാപ്തനാണെന്ന കണ്ടെത്തല്‍ ഐ.വി.ശശിയില്‍ നിന്നു തുടങ്ങി പൂര്‍ണതയില്‍ എത്തിയത് അന്നത്തെ സൂപ്പര്‍ഹിറ്റ് സംവിധായകനായ ശശികുമാറിലായിരുന്നു. ‘ഇനിയും കുരുക്ഷേത്രം’, ‘പത്താമുദയം’, ‘മുളമൂട്ടില്‍ അടിമ’ എന്നീ സിനിമകളിലെല്ലാം ആക്ഷന്‍ ഹീറോയായിരുന്നു മോഹന്‍ലാല്‍. അടിയും വെടിയും പടയും പഞ്ച് ഡയലോഗുകളുമെല്ലാമുളള ടിപ്പിക്കല്‍ ആക്ഷന്‍ സിനിമയില്‍ മോഹന്‍ലാലിനെ നായകനാക്കി ബോക്സോഫിസ് ഹിറ്റാക്കിയത് ശശികുമാറായിരുന്നു. മേല്‍ പറഞ്ഞ മൂന്നു സിനിമകളും തിയറ്ററില്‍ വിജയമായിരുന്നു എന്നു മാത്രമല്ല ‘പത്താമുദയം’ മേജര്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു. 

84ല്‍ ശശികുമാര്‍ ഒരുക്കിയ ‘മുളമൂട്ടില്‍ അടിമ’ എന്ന പിരീഡ് ആക്ഷന്‍ സിനിമയിലാണ് മോഹന്‍ലാല്‍ ആദ്യത്തെ മാസ് വേഷം ചെയ്യുന്നതും മീശ പിരിക്കുന്നതും. മോഹന്‍ലാലിന്റെ മീശ പിരിക്കലിന്റെ ക്രെഡിറ്റും വിമര്‍ശനങ്ങളും പില്‍ക്കാലത്ത് തമ്പി കണ്ണന്താനത്തിലേക്കും തുടര്‍ന്ന് ഷാജി കൈലാസിലേക്കും രഞ്ജിത്തിലേക്കുമെല്ലാം വഴിമാറി പോയെങ്കിലും പിരിക്കാന്‍ യോഗ്യമോ എന്ന് സംശയം തോന്നുന്ന ആ മീശയ്ക്ക് സ്‌ത്രൈണഭാവങ്ങള്‍ക്ക് അപ്പുറം നിറഞ്ഞ പൗരുഷത്തിന്റെ ഒരു തലമുണ്ടെന്ന് ആദ്യം കണ്ടെത്തിയതും ശശികുമാറാണ്. ‘മുളമൂട്ടില്‍ അടിമ’ സാമാന്യവിജയം നേടിയതോടെ അദ്ദേഹത്തിന്റെയും മോഹന്‍ലാലിന്റെയും ആത്മവിശ്വാസം വർധിച്ചു. 1985ല്‍ ജീവന്റെ ജീവന്‍ എന്ന പേരില്‍ മറ്റൊരു ആക്ഷന്‍ ചിത്രത്തിലും ശശികുമാര്‍ ലാലിനെ പരീക്ഷിച്ചെങ്കിലും സിനിമ ഹിറ്റായില്ല. എന്നാല്‍ മോഹന്‍ലാലിലെ ആക്ഷന്‍ഹീറോയെ അത്ര പെട്ടെന്നൊന്നും കൈവിടാന്‍ പരിണിതപ്രജ്ഞനായ ശശികുമാര്‍ തയ്യാറായില്ല. അതേ വര്‍ഷം തന്നെ ‘പത്താമുദയം’ എന്ന ആക്ഷന്‍ പടത്തില്‍ അദ്ദേഹം ലാലിനെ നായകനാക്കുകയും സിനിമ സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. 
ആക്ഷന്‍ സിനിമകളും സൂപ്പര്‍ഹീറോ ക്യാരക്‌ടേഴ്‌സും തനിക്ക് ഇണങ്ങുമെന്ന് ലാല്‍ അസന്നിഗ്ധമായി തെളിയിച്ച സിനിമ കൂടിയായിരുന്നു ഇതെല്ലാം. ഇതേ വര്‍ഷം തന്നെ ‘ഏഴു മുതല്‍ ഒന്‍പത് വരെ’ എന്ന ആക്ഷന്‍ സിനിമയിലും ലാല്‍ നായകനായി. എന്നാല്‍ പടം വിചാരിച്ചതു പോലെ ബോക്സോഫിസില്‍ കത്തിക്കയറിയില്ല. 86ല്‍ ‘ഇനിയും കുരുക്ഷേത്രം’ എന്ന സിനിമയിലും ആക്ഷന്‍ ടച്ചുളള പൊലീസ് ഓഫിസറായി ശശികുമാര്‍ മോഹന്‍ലാലിനെ അവതരിപ്പിച്ചു. പടം സാമാന്യവിജയം നേടുകയും ചെയ്തു.
1986ല്‍ ‘ചാള്‍സ് ശോഭരാജ്’ എന്ന മറ്റൊരു ആക്ഷന്‍ പടവുമായി ശശികുമാര്‍ വീണ്ടും വന്നു. മോഹന്‍ലാല്‍ ആദ്യമായി അധോലോക നായകവേഷം അണിയുന്നത് ഈ ചിത്രത്തിലാണ്. 86ല്‍ തന്നെയാണ് ‘രാജാവിന്റെ മകനും’ പുറത്തു വന്നതെങ്കിലും ആദ്യം റിലീസ് ചെയ്തതും ചിത്രീകരണം പുര്‍ത്തിയാക്കിയതും ചാള്‍സ് ശോഭരാജാണ്. അതുകൊണ്ട് തന്നെ മൂപ്പിളമ തര്‍ക്കത്തില്‍ ലാലിനെ ആദ്യമായി മീശ പിരിപ്പിച്ചതും ഡോണായി അഭിനയിപ്പിച്ചും ആക്ഷന്‍ സിനിമകളിലേക്ക് കൊണ്ടു വന്നും ആ നിലയില്‍ ആദ്യത്തെ ഹിറ്റായ ‘പത്താമുദയം’ സമ്മാനിച്ചതുമെല്ലാം ശശികുമാറാണ്.

എന്നാല്‍ ഈ സിനിമകള്‍ക്കൊന്നും ‘രാജാവിന്റെ മകന്’ ലഭിച്ചതു പോലെ വന്‍സ്വീകാര്യതയുണ്ടായില്ല. ആ ചിത്രത്തോടെയാണ് മോഹന്‍ലാല്‍ ‘മോസ്റ്റ് വാണ്ടഡ് സ്റ്റാര്‍’ എന്ന തലത്തിലേക്ക് ഉയരുന്നത്. അതിന് നിമിത്തമായ തമ്പി കണ്ണന്താനവും ശശികുമാറിന്റെ ശിഷ്യനായിരുന്നു എന്നത് കാലം കാത്തുവച്ച നിയോഗം.

തമ്പിയും ലാലും തമ്മില്‍ ആദ്യമായി പരിചയപ്പെടുന്ന കഥ തന്നെ രസകരമാണ്. അന്ന് ഏറെ കുപ്രസിദ്ധമായ കരിക്കന്‍ വില്ല കൊലക്കേസ്, ‘മദ്രാസിലെ മോന്‍’ എന്ന പേരില്‍ സിനിമയാക്കാന്‍ ശശികുമാര്‍ തീരുമാനിക്കുന്നു. രവീന്ദ്രന്‍ നായകനായ ചിത്രത്തിലെ നാലു വില്ലന്‍മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. തമ്പിയും ഒരു വില്ലനായി അഭിനയിക്കുന്നുണ്ട്. തമ്പി ആ സമയത്ത് ശശികുമാറിന്റെ സഹസംവിധായകന്‍ കൂടിയാണ്. ആ ചിത്രത്തിന്റെ സെറ്റില്‍ വച്ചുണ്ടായ സൗഹൃദമാണ് പിന്നീട് ലാലിനെ തമ്പി ക്യാമ്പില്‍ എത്തിക്കുന്നത്. ഏതായാലും ‘രാജാവിന്റെ മകന്‍’ റിലീസായതോടെ ഇരുവരുടെയും ജാതകം ഒരു പോലെ തെളിഞ്ഞു. 
മോഹന്‍ലാല്‍ എന്ന സൂപ്പര്‍താരം അതിലൂടെ ജനിക്കുകയും ചെയ്തു. 
മീശ പിരിച്ച മമ്മൂട്ടി
മമ്മൂട്ടിയും സൂപ്പര്‍താരപദവിയിലെത്തിയത് മീശ പിരിച്ച് ക്ഷുഭിത നായകനായി ആറാടിയപ്പോഴാണ്. നായകന്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ ആദ്യ ഹിറ്റ് ‘സന്ധ്യയ്ക്ക് വിരിഞ്ഞ പൂവാ’യിരുന്നു. ആന്റിഹീറോ കഥാപാത്രം തന്നെയായിരുന്നു അതിലെ നായകനെങ്കിലും ആക്‌ഷന്‍ പാക്ക്ഡ് സിനിമയായിരുന്നില്ല അത്. എന്നാല്‍ മമ്മൂട്ടിയുടെ കഥാപാത്രങ്ങളിലേറെയും തുടക്കകാലം മുതല്‍ പൗരുഷം നിറഞ്ഞതായിരുന്നു. ഒത്ത ഉയരവും ഘനഗംഭീരമായ ശബ്ദവും അടക്കം ഒരു നായകനടന് വേണ്ട പല വിധ ഗുണങ്ങള്‍ സമ്മേളിക്കുന്ന മമ്മൂട്ടിക്ക് ആദ്യകാല സിനിമയായ സ്‌ഫോടനം മുതല്‍ ആക്ഷന്‍ രംഗങ്ങളില്‍ പങ്കാളിത്തം അനുവദിച്ചിരുന്നു സംവിധായകര്‍. 

എന്നാല്‍ ഇതൊന്നും ഒരാള്‍ക്ക് സൂപ്പര്‍താരപദവിയിലേക്ക് വഴിതുറക്കുന്നില്ല. 

മമ്മൂട്ടി

1984ല്‍ ഐ.വി.ശശിയുടെ സംവിധാനത്തില്‍ പുറത്തു വന്ന അതിരാത്രം എന്ന സിനിമയിലെ നെഗറ്റീവ് ഷേഡുളള ‘താരാദാസ്’ എന്ന അധോലോക നായകന്‍ സൂപ്പര്‍സ്റ്റാര്‍ഡത്തിലേക്കുളള മമ്മൂട്ടിയുടെ ആദ്യ ജാലകമായിരുന്നു. പടം ബമ്പര്‍ ഹിറ്റായതോടെ ആ പദവി ഏതാണ്ട് ഉറപ്പിക്കപ്പെട്ടു. എങ്കിലും 1986 ല്‍ റിലീസായ ഐ.വി.ശശിയുടെ തന്നെ ‘ആവനാഴി’ എന്ന  ചിത്രത്തിലെ നെഗറ്റീവ് ടച്ചുളള പോലീസ് ഓഫിസറാണ് മമ്മൂട്ടിയുടെ ആക്ഷന്‍ കഥാപാത്രങ്ങളിലെ വഴിത്തിരിവ്. ആ സിനിമ സാമ്പത്തികമായി ഒരു ചരിത്രവിജയമായി. അതോടെ മമ്മൂട്ടിയും സൂപ്പര്‍താര പദവിയില്‍ എത്തി. 
എന്നാല്‍ മോഹന്‍ലാലിനെ പോലെ ഒരു പ്രത്യേക സിനിമയാണ് മമ്മൂട്ടിയെ സൂപ്പര്‍താരമാക്കിയത് എന്നു പറയാനാവില്ല. കാരണം ഹീറോയിസം നിറഞ്ഞു നില്‍ക്കുന്ന നിരവധി കഥാപാത്രങ്ങള്‍ അക്കാലത്ത് മമ്മൂട്ടി അവതരിപ്പിച്ചിരുന്നു. അതെല്ലാം തന്നെ ഏറെക്കുറെ അടുത്തടുത്ത സമയങ്ങളില്‍ സംഭവിക്കുകയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിക്കുകയും ചെയ്തതോടെ മമ്മൂട്ടി എന്ന സുപ്പര്‍താരം ജനിക്കുകയായിരുന്നു. പില്‍ക്കാലത്ത് സൂപ്പര്‍ വിശേഷണം മറികടന്ന് അദ്ദേഹം മെഗാസ്റ്റാറായി മാറിയത് മറ്റൊരു ചരിത്രം.
ഇതൊക്കെയാണെങ്കിലും മമ്മൂട്ടി നല്ല കനത്തില്‍ തന്നെ മീശ പിരിച്ച ആദ്യത്തെ ചിത്രം ആവനാഴിയായിരുന്നു. മാസ് ഓഡിയന്‍സിനെ ശരിക്കും ത്രില്ലടിപ്പിച്ച ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന കഥാപാത്രം തന്നെയാണ് അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം അരക്കിട്ടുറപ്പിച്ചതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.

മമ്മൂട്ടി

ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന പേരില്‍ ആവനാഴിയുടെ രണ്ടാം ഭാഗം വന്നപ്പോഴും മെഗാഹിറ്റായി. പിന്നീട് കുടുംബസിനിമകള്‍ അടക്കം വൈവിധ്യപുര്‍ണ്ണവും അഭിനയസാധ്യതയുളളതുമായ വിവിധ കഥാപാത്രങ്ങളിലേക്ക് മമ്മൂട്ടിക്കൊപ്പം ലാലും വഴിമാറി.
മീശ പിരിക്കാത്ത സുരേഷ്‌ഗോപി

SURESH GOPI

ആക്ഷന്‍ സിനിമകളിലൂടെ മാത്രമേ സൂപ്പര്‍താര പദവിയില്‍ എത്താന്‍ കഴിയൂ എന്ന പതിവ് സുരേഷ് ഗോപിയുടെ കാര്യത്തിലും ലംഘിക്കപ്പെട്ടില്ല. ‘ഇന്നലെ’, ‘എന്റെ സൂര്യപുത്രി’ അടക്കം നിരവധി വിജയചിത്രങ്ങളില്‍ നായകനായിട്ടും സൂരേഷ് ഗോപിയിലെ ക്ഷുഭിതനായകനെ ആദ്യമായി എടുത്ത് പുറത്തിട്ട സിനിമ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘തലസ്ഥാന’മാണ്. എന്നാല്‍ ഇഞ്ചോടിഞ്ചു നിറഞ്ഞു നില്‍ക്കുന്ന ഒരു ത്രില്ലിങ് ആക്ഷന്‍ഹീറോ ക്യാരക്ര്‍ സുരേഷ്‌ഗോപിക്ക് ലഭിക്കുന്നത് 1993ല്‍ പുറത്തിറങ്ങിയ ‘ഏകലവ്യന്‍’ എന്ന സിനിമയിലൂടെയാണ്. തൊട്ടടുത്ത വര്‍ഷം കുറെക്കൂടി അഗ്രസീവായ ഒരു പൊലീസ് വേഷം അദ്ദേഹത്തിന് ലഭിച്ചു– കമ്മീഷണര്‍. 
രഞ്ജി പണിക്കരുടെ തീപ്പൊരി ഡയലോഗുകളും ഷാജി കൈലാസിന്റെ ഇടിവെട്ട് മേക്കിങ്ങും സിനിമയുടെ വിജയത്തില്‍ വലിയ പങ്കു വഹിച്ചെങ്കിലും സന്ദര്‍ഭത്തിനൊത്ത് ഉയര്‍ന്ന് സുരേഷ് ഗോപി കളം നിറഞ്ഞാടി. അനീതിക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്ന നായകനായി ശരിക്കും ഉഷാറായി പെര്‍ഫോം ചെയ്തു അദ്ദേഹം. എന്നാല്‍ പൊലീസ് ഉദ്യോഗസ്ഥനായിട്ടും ഈ സിനിമകളില്‍ ഷാജി കൈലാസ് അദ്ദേഹത്തെക്കൊണ്ട് മീശ പിരിപ്പിച്ചില്ല. അങ്ങനെ മീശ പിരിക്കാതെ തന്നെ സുരേഷ് ഗോപിയും സൂപ്പര്‍താര പദവിയില്‍ എത്തി. എന്നാല്‍ മുന്‍ഗാമികളെ പോലെ തന്നെ അദ്ദേഹത്തിന്റെ കാര്യത്തിലും താരസിംഹാസനത്തിലെത്താന്‍ ആക്ഷന്‍ സിനിമ തന്നെ വേണ്ടി വന്നു. 

സുരേഷ് ഗോപി കോളജ് സുഹൃത്തുക്കൾക്കൊപ്പം ( ചിത്രം: Special Arrangement)

‘മാഫിയ’, ‘ചിന്താമണികൊലക്കേസ്’, ‘പത്രം’, ‘ലേലം’ എന്നീ ചിത്രങ്ങളിലൂടെ തന്റെ താരപദവി അദ്ദേഹം അരക്കിട്ടുറപ്പിച്ചു. ഇടവേളകള്‍ക്ക് ശേഷമുളള തിരിച്ചുവരവുകളിലും സുരേഷ് ഗോപി ക്ഷുഭിതനായകനായി തിളങ്ങി. രഞ്ജി പണിക്കരുടെ ‘ഭരത്ചന്ദ്രന്‍ ഐ.പി.എസി’ലും അദ്ദേഹത്തിന്റെ മകന്‍ നിഥിന്‍ ഒരുക്കിയ ‘കാവല്‍’ എന്ന സിനിമയിലും മിന്നിച്ച സുരേഷ് ഗോപി ഈ പ്രായത്തിലും ജോഷിയുടെ ‘പാപ്പനി’ല്‍ കസറി. ആക്ഷന്‍ സിനിമകളാണ് തന്റെ താരപദവി സുരക്ഷിതമായി നിലനിര്‍ത്തുന്നതെന്ന ബോധം ഉള്‍ക്കൊളളുമ്പോഴും ‘വരനെ ആവശ്യമുണ്ട്’ പോലുളള മൃദുസിനിമകളിലും വന്ന് അദ്ദേഹം വിജയം കൈപ്പിടിയിലൊതുക്കി.
സൂപ്പര്‍താരമാക്കിയ മീശ മാധവന്‍
ആക്ഷന്‍ സിനിമകളിലുടെ അല്ലാതെയും സൂപ്പര്‍സിഹാസനം സ്വന്തമാക്കാമെന്ന് തെളിയിച്ച നടനാണ് ദിലീപ്. ‘മീശ മാധവന്‍’ എന്ന പടത്തിന്റെ ടൈറ്റിലില്‍ മീശയുണ്ടെങ്കിലും സിനിമയില്‍ പല സന്ദര്‍ഭങ്ങളില്‍ കളളന്‍ മാധവന്‍ മീശ പിരിക്കുന്നുണ്ടെങ്കിലും സിനിമയ്ക്ക് ആക്ഷന്‍ സ്വഭാവം ലവലേശം ഉണ്ടായില്ലെന്ന് മാത്രമല്ല ക്ലീൻ ഫാമിലി കോമഡി എന്റർടെയ്നർ ആയിരുന്നു. എന്നാല്‍ ഈ പടത്തിലും മീശ ഒരു കഥാപാത്രമായി. കളളന്‍ മാധവന്‍ ആരെ നോക്കി മീശ പിരിച്ചാലും ആ രാത്രി അവരുടെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയിരിക്കുമെന്ന കോണ്‍സപ്റ്റ് തന്നെ കൊണ്ടു വന്നു കളഞ്ഞു തിരക്കഥാകൃത്ത്. ദിലീപ് ആ മീശ സീനുകള്‍ അനശ്വരമാക്കുകയും ചെയ്തു. 

ശീര്‍ഷകത്തില്‍ മീശ കടന്നു വന്ന ആദ്യത്തെ സിനിമ എന്നതും മീശ മാധവന്റെ പ്രത്യേകതയായി. എന്തായാലും സൂപ്പര്‍ഡ്യൂപ്പര്‍ ഹിറ്റായ പടം ദിലീപിനെ സൂപ്പര്‍താര പദവിയില്‍ എത്തിച്ചു. താരസിംഹാസനം നിലനിര്‍ത്താനായി ദിലീപ് പിന്നീട് ഒരുക്കിയ സിനിമകളില്‍ ഏറെയും സമാനമായ ജോണറിലുളളതായിരുന്നു. അവയൊക്കെ തന്നെ വിജയത്തിലെത്തിയെങ്കിലും അദ്ദേഹം സൂപ്പര്‍സ്റ്റാര്‍ എന്ന് വ്യാപകമായി വിളിക്കപ്പെട്ടില്ല. പകരം ജനപ്രിയനായകന്‍ എന്ന ബ്രാന്‍ഡാണ് അദ്ദേഹത്തിന് ലഭിച്ചത്.
വീരാരാധന ലഭിക്കാന്‍ ആക്ഷന്‍ സിനിമകള്‍ അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ ദിലീപ് തനിക്ക് ചേരാത്ത കുപ്പായം തുന്നാന്‍ പലകുറി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഷാജി കൈലാസ് സംവിധാനം ചെയ്ത ‘ഡോണ്‍’ മുതല്‍ ആക്ഷന്‍ സിനിമകളുടെ ആചാര്യനായ ജോഷി ഒരുക്കിയ ‘ലയണ്‍’, ‘റണ്‍വേ’ എന്നിങ്ങനെ പല പരീക്ഷണങ്ങള്‍ നടത്തി നോക്കിയെങ്കിലും ആ തലത്തില്‍ അദ്ദേഹത്തിന് സ്വീകാര്യതയുണ്ടായില്ല. ‘മായാമോഹിനി’ പോലുളള സിനിമകളിലാണ് ഈ സൂപ്പര്‍താരത്തെ പ്രേക്ഷകര്‍ പ്രതീക്ഷിച്ചത്. 
മീശ വഴങ്ങാത്ത ജയറാം
ജയറാം എന്ന നടന്‍ മീശ വച്ചാലും പിരിച്ചാലും അഭംഗിയൊന്നുമില്ലെങ്കിലും ആക്ഷന്‍ പാക്ക്ഡ് സിനിമകളില്‍ അമാനുഷിക കഥാപാത്രങ്ങളില്‍ അദ്ദേഹം വന്നത് വളരെ അപൂര്‍വം സന്ദര്‍ഭങ്ങളിലായിരുന്നു. അതൊന്നും തന്നെ അദ്ദേഹത്തിന്റെ യശസ്സുയര്‍ത്തിയില്ലെന്ന് മാത്രമല്ല തിരിച്ചടിയുമായി. എന്നാല്‍ ഫാമിലി കോമഡി പടങ്ങളിലൂടെ ഒരു കാലത്ത് ഏറ്റവും ഇനീഷ്യല്‍ കലക്ഷനുളള താരമായി അദ്ദേഹം ഉയര്‍ന്നു. അപ്പോഴും സൂപ്പര്‍താര വിശേഷണം ആരും അദ്ദേഹത്തിന് ചാര്‍ത്തിയില്ല.

ജയറാം

ജയറാമിനേക്കാള്‍ വലിയ ഹിറ്റുകള്‍ നല്‍കിയ മുകേഷിനും സൂപ്പര്‍സ്റ്റാര്‍ഡം നിഷിദ്ധമായത് അദ്ദേഹത്തിന്റെ ശരീരഭാഷയും മാനറിസങ്ങളും ആക്ഷന്‍ സിനിമകള്‍ക്ക് പാകമാകാത്തതിനാലും അത്തരം സിനിമകളില്‍ ആരും അദ്ദേഹത്തെ കാസ്റ്റ് ചെയ്ത് മോഹവിജയം നേടിയിട്ടില്ല എന്നതിനാലുമാണ്.
പൃഥ്വിരാജിനെ വലിയ താരമാക്കിയത് ഒരു പ്രത്യേക സിനിമയല്ല. ക്ലാസ്‌മേറ്റ്‌സും അയാളും ഞാനും തമ്മിലും അടക്കം പല പടങ്ങളിലെ പ്രകടനം അതിന് കാരണമായിട്ടുണ്ട്. എന്നാല്‍ ആദ്യകാല സിനിമകളിലൊന്നായ പുതിയ മുഖത്തിലെ ആക്ഷന്‍ ഹീറോ രാജുവിന്റെ വളര്‍ച്ചയുടെ വഴികളിലെ ഒരു മേജര്‍ ഹിറ്റായിരുന്നു. 
ആദ്യസിനിമയായ ‘നന്ദനം’ പോലും വിജയമായിരുന്നെങ്കിലും അതിലൊക്കെ സൗമ്യമുഖമുളള നായകനായിരുന്നു പൃഥ്വി.

പൃഥ്വിരാജ് സുകുമാരൻ

പില്‍ക്കാലത്ത് പൃഥ്വിരാജിന്റെ തലമുറയില്‍പ്പെട്ടവരും അതിനു ശേഷം വന്നതുമായ പല നായകന്‍മാര്‍ സൂപ്പര്‍താരസമാനമായ അവസ്ഥയിലെത്തിയെങ്കിലും ‘സൂപ്പര്‍സ്റ്റാർ’ എന്ന് ആരും വിശേഷിപ്പിച്ച് കണ്ടില്ല. അത് ഏതെങ്കിലും വിധത്തില്‍ അവരുടെ പരിമിതി കൊണ്ടല്ല. മറിച്ച് ഈ കാലമെത്തിയപ്പോഴേക്കും അനീതിക്കെതിരെ പ്രതികരിക്കുന്ന അമാനുഷിക കഥാപാത്രങ്ങളും ആ ജനുസിലുളള സിനിമകളും അപ്രത്യക്ഷമായി തുടങ്ങി. ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നിലപാട് തറയിലൂന്നി നില്‍ക്കുന്ന തിരക്കഥകള്‍ക്കാണ് പുതിയ തലമുറ മൂന്‍തൂക്കം നല്‍കിയത്. തന്നെയുമല്ല സൂപ്പര്‍താരം എന്ന പ്രത്യേക വിശേഷണം ഇല്ലാതെ തന്നെ സമാനപദവിയില്‍ നിലനില്‍ക്കാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചു. ഒരേ സമയം നിരവധി സൂപ്പര്‍താരങ്ങള്‍ ഉദയം കൊളളുകയും ചെയ്യുന്നു.
പൃഥ്വിയും ഫഹദും ദുല്‍ഖറും സൗബിനും ജയസൂര്യയുമെല്ലാം തിയറ്ററില്‍ ആളെ നിറയ്ക്കാന്‍ കെല്‍പ്പുളള താരങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചു. അവരെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി വന്‍ ബജറ്റില്‍ സിനിമകള്‍ ഒരുക്കിയാല്‍ അതിന്റെ പല മടങ്ങ് ബിസിനസ് നടക്കുമെന്ന് നിര്‍മാതാക്കള്‍ക്ക് ബോധ്യപ്പെട്ടു.
തിരക്കഥയാണ് സൂപ്പര്‍ സ്റ്റാര്‍
എന്നാല്‍ കോവിഡിനു ശേഷം മലയാള സിനിമയില്‍ വന്ന മറ്റൊരു പ്രധാന മാറ്റം തിരക്കഥയും മേക്കിങ്ങും സൂപ്പര്‍താരമായി എന്നതാണ്. ഏത് കൊലകൊമ്പന്‍ അഭിനയിച്ചാലും സിനിമ മോശമെങ്കില്‍ പ്രേക്ഷകര്‍ എടുത്ത് തോട്ടിലെറിയുമെന്ന സ്ഥിതി വന്നു. അതുപോലെ നായകനെ അമിതമായി ബൂസ്റ്റ് ചെയ്യുന്ന ആക്ഷന്‍ സിനിമകളും അന്യം നിന്നു. വ്യവസ്ഥാപിത സങ്കല്‍പ്പങ്ങള്‍ പൊളിച്ചടുക്കിയ യുവതലമുറ കേവലം ഒരു താരത്തില്‍ കേന്ദ്രീകരിക്കുന്ന കഥകള്‍ക്ക് പകരം ഒരു കൂട്ടം അഭിനേതാക്കളോ അല്ലെങ്കില്‍ സിനിമയുടെ ആകത്തുകയ്ക്ക് തന്നെ പ്രാധാന്യം നല്‍കുന്ന സിനിമകള്‍ക്കോ പ്രാമുഖ്യം നല്‍കി. അവയൊക്കെയും തിയറ്ററുകളില്‍ വന്‍വിജയം കൊയ്തപ്പോള്‍ പല സൂപ്പര്‍താരചിത്രങ്ങളും മൂക്കുകുത്തി. എത്ര വലിയ ആക്ഷന്‍ മാസ് മസാല പടം വന്നാലും സിനിമയുടെ കണ്ടന്റിലോ ട്രീറ്റ്‌മെന്റിലോ പുതുമയില്ലെങ്കില്‍ പ്രേക്ഷകര്‍ നിരാകരിക്കുമെന്ന സ്ഥിതി വന്നു. താരത്തേക്കാള്‍ പ്രധാനം സിനിമയുടെ ടോട്ടാലിറ്റിയാണെന്ന പറയാതെ പറച്ചിലുകളായിരുന്നു ട്രാഫിക് മുതല്‍ മഹേഷിന്റെ പ്രതികാരവും ദൃക്‌സാക്ഷിയും തൊണ്ടിമുതലും ജനഗണമനയും പിന്നീട് മഞ്ഞുമ്മല്‍ ബോയ്‌സ്, പ്രേമലു തുടങ്ങിയ സിനിമകളുടെ വിജയം. ചുരുക്കത്തില്‍ തിരക്കഥയാണ് യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍ എന്നും സംവിധായകന്‍ മെഗാസ്റ്റാറാണെന്നും പ്രേക്ഷകന്‍ തിരിച്ചറിഞ്ഞു. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നിറച്ചു രംഗത്തു വന്ന പല താരങ്ങളും സംവിധായകരും പരാജയത്തിന്റെ രുചിയറിഞ്ഞു.
‘കാലത്തിനൊപ്പം മാറി സഞ്ചരിക്കൂ’ എന്ന് ഉറക്കെ പ്രഖ്യാപിച്ച പ്രേക്ഷകര്‍ അങ്ങനെ ആദ്യമായി സൂപ്പര്‍താരങ്ങളായി. നാളത്തെ സിനിമ എന്തായിരിക്കുമെന്നും എങ്ങനെയായിരിക്കുമെന്നും ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാന്‍ പറ്റില്ല. എന്തായിരുന്നാലും ഏതു കാലഘട്ടത്തിലും സിനിമയില്‍ ആരായിരിക്കണം സൂപ്പര്‍സ്റ്റാര്‍ അല്ലെങ്കില്‍ ഏത് ഘടകത്തിനായിരിക്കണം പ്രാമുഖ്യം എന്നു തീരുമാനിക്കേണ്ടത് സ്വന്തം പണം മുടക്കി ടിക്കറ്റ് എടുത്ത് തിയറ്ററില്‍ കയറുന്ന പ്രേക്ഷകർ തന്നെയാണ്. അതിനു വിരുദ്ധമായി ക്ലീഷെകളും ക്രിഞ്ചുകളുമായി വന്നാല്‍ ആ സിനിമയെയും അണിയറപ്രവര്‍ത്തകരെയും നോക്കി പ്രേക്ഷകർ മീശ പിരിക്കുക തന്നെ ചെയ്യും. കാണികളില്ലാതെ സിനിമയ്ക്ക് എന്ത് ആഘോഷം?


Source link

Related Articles

Back to top button