KERALAMLATEST NEWS

‘ഉയിര് പോകാത്തത് ഭാഗ്യം’; കെ സുധാകരന്റെ വീട്ടിലും കെപിസിസി ഓഫീസിലും കൂടോത്രം

കണ്ണൂർ: തന്നെ അപായപ്പെടുത്താനായി ചിലർ വീട്ടിൽ കൂടോത്രം നടത്തിയെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഒന്നരവർഷം മുൻപത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഉയിര് പോകാത്തത് ഭാഗ്യമെന്ന് കെ സുധാകരൻ ഉണ്ണിത്താനോട് പറയുന്നത് ദൃശ്യങ്ങളിൽ കേൾക്കാം. തനിക്ക് കൂടോത്രത്തിൽ വിശ്വാസമുണ്ടെന്നും സൂക്ഷിക്കണമെന്നും സുധാകരന് ഉണ്ണിത്താൻ മുന്നറിയിപ്പും നൽകുന്നുണ്ട്. ‘കാലിന് ബലംകുറയാനുള്ള കൂടോത്രമാണ്. കാലിന് ബലം കുറഞ്ഞായിരുന്നോ? വീടിന്റെ ആകൃതി വരച്ചുവച്ചിട്ടുണ്ട്. ഒന്നിൽകൂടുതലുണ്ട്. ഉടലിന്റെ രൂപമുണ്ട്. മാക്‌സിമം ഒതുക്കാനുള്ളതാണ്. തലയ്ക്കുള്ളതും ഉണ്ട്. തലയ്ക്ക് ഭാരം വരുന്നതും സ്‌ട്രസും എല്ലാം സൂചനകളാണ്’- ദൃശ്യങ്ങളിൽ കേൾക്കാം.

സുധാകരനെ അപായപ്പെടുത്താൻ കൂടോത്രം ചെയ്തിട്ടുണ്ടെന്ന് പ്രശ്‌നം വച്ചപ്പോൾ തെളിഞ്ഞുവെന്നും തുടർന്ന് നടത്തിയ പരിശോധനയിൽ തകിടും മറ്റും കണ്ടെത്തുകയായിരുന്നുവെന്നുമാണ് വിവരം. പത്തനംതിട്ടയിലെ ഒരു മന്ത്രവാദിയുടെ നിർദേശപ്രകാരമാണ് വീട്ടുവളപ്പിൽ പരിശോധന നടത്തിയതെന്നും സൂചനയുണ്ട്. കോലങ്ങൾ, രൂപങ്ങൾ ഉൾപ്പെടെ ഇരുപതോളം വസ്തുക്കളാണ് കണ്ടെടുത്തത്. തകിടിൽ ചില കാര്യങ്ങൾ എഴുതിയിട്ടുമുണ്ടായിരുന്നു. വീടിന്റെ കന്നിമൂലയിൽ നിന്നാണ് ഇവ കുഴിച്ചെടുത്തത്. കെപിസിസിയുടെ ഓഫീസിൽ നിന്നും ഡൽഹിയിലെ ആസ്ഥാനത്തുനിന്നും സമാനമായ വസ്തുക്കൾ കണ്ടെടുത്തതായും വിവരമുണ്ട്.


Source link

Related Articles

Back to top button