CINEMA

മാര്‍ക്കറ്റുളള താരത്തെ കഥ പറഞ്ഞു വീഴ്ത്തിയവർ; അസിസ്റ്റന്റ് പോലുമാകാതെ ഹിറ്റ്‌മേക്കറായ സംവിധായകർ


കേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നാമെങ്കിലും മലയാള സിനിമയിലെ പുതിയ ട്രെന്‍ഡ് ഏതാണ്ട് ഇപ്രകാരമാണ്. അക്കാദമിക് തലത്തിലുളള പഠനമോ മുതിര്‍ന്ന സംവിധായകരുടെ സഹായി ആയുള്ള പരിചയമോ കൂടാതെ ചില യുവാക്കള്‍ ഇന്റര്‍നെറ്റിലെ ഫിലിം ട്യൂട്ടോറിയല്‍സ് കണ്ട് ഫിലിം മേക്കിങ് പഠിച്ച ശേഷം ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത് പ്രായോഗിക പരിശീലനം നേടുന്നു. പിന്നീട് ഏതെങ്കിലും യുവതാരത്തെ ഇവര്‍ തങ്ങളുടെ ഹ്രസ്വചിത്രം കാണിക്കുന്നു. തൃപ്തനാവുന്ന താരം കഥ പറയാന്‍ ആവശ്യപ്പെടുന്നു. കഥ ഇഷ്ടമായാല്‍ തിരക്കഥ ആവശ്യപ്പെടുന്നു. അതും വായിച്ച് ബോധ്യപ്പെട്ടാല്‍ പ്രൊജക്ട് ഓണ്‍ ആവുകയായി. പലപ്പോഴും നിര്‍മാതാവിനെ താരം സെറ്റ് ആക്കികൊടുക്കും. ചിലപ്പോള്‍ താരം നേരിട്ട് സിനിമ നിര്‍മിച്ചെന്നും വരാം. അതുമല്ലെങ്കില്‍ വിപണനമൂല്യമുളള താരത്തിന്റെ ഡേറ്റ് സ്വന്തമാക്കിയ നവാഗതപ്രതിഭയുടെ സിനിമയ്ക്ക് പണം മുടക്കാനായി സീനിയര്‍ സംവിധായകര്‍ക്ക് പോലും മുഖം തിരിക്കുന്ന നിര്‍മാതാക്കള്‍ മൂന്നോട്ട് വരുന്നു. 

ഭയങ്കരന്‍… മാര്‍ക്കറ്റുളള താരത്തെ കഥ പറഞ്ഞു വീഴ്ത്തിയില്ലേ? അയാളുടെ വിശ്വാസം നേടിയില്ലേ? ഇതില്‍ അതിശയകരമായി ഒന്നുമില്ല. ഒരേ പാറ്റേണില്‍ സിനിമയെടുക്കുന്ന സംവിധായകരില്‍ നിന്നു വ്യത്യസ്തമായി പ്രമേയത്തിലും കഥ പറയുന്ന രീതിയിലും മാറ്റം അനുഭവപ്പെടുത്തുന്ന യുവാക്കളെ അംഗീകരിക്കാന്‍ കാലത്തിനൊപ്പം സഞ്ചരിക്കുന്ന നായകനടന്‍മാര്‍ തയാറാകുന്നു. ഈ തരത്തില്‍ സംവിധായക പട്ടം ലഭിച്ച പല യുവാക്കളും മേജര്‍ ഹിറ്റുകള്‍ നല്‍കി ഇന്‍ഡസ്ട്രിയെ നടുക്കി കളഞ്ഞു എന്നത് ചരിത്രം.

ഗിരീഷ് എ.ഡി., നസ്‍ലിൻ, മമിത ബൈജു

വൈറലായ ‘മൂക്കുത്തി’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ രംഗത്ത് വന്ന ഗിരിഷ് ഏ.ഡി ആദ്യചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ മുതല്‍ സൂപ്പര്‍ ശരണ്യ, പ്രേമലു തുടങ്ങി തുടര്‍ച്ചയായി മൂന്ന് ഹിറ്റുകള്‍ നല്‍കി ചലച്ചിത്ര േമഖലയെയും പ്രേക്ഷകരെയും ഒരു പോലെ ഞെട്ടിച്ചു കളഞ്ഞു. ആരുടെയും സഹായിയായി നിന്നു സിനിമ പഠിക്കാതെ ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സര്‍ട്ടിഫിക്കറ്റുകളില്ലാതെ പ്രതിഭയും നിരീക്ഷണപാടവവുമുളള ഒരാള്‍ക്ക് നല്ല ചലച്ചിത്രകാരനാവാം എന്നതിന്റെ സമീപകാല ഉദാഹരണമാണ് ഗിരിഷ്.
ഈ ജനുസില്‍പ്പെട്ട സംവിധായകരില്‍ ഏറെ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കിയ വ്യക്തിയാണ് വിനീത് ശ്രീനിവാസന്‍. വ്യവസ്ഥാപിതമായ അര്‍ഥത്തില്‍ ആരുടെയും സഹായി ആയി നില്‍ക്കാതെ നേരിട്ട് ആദ്യ സിനിമ ഒരുക്കുകയായിരുന്നു വിനീത്. മലര്‍വാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്ന ആദ്യചിത്രത്തിന് മുന്‍പ് അദ്ദേഹത്തിന് ആകെയുളള പരിചയം ചില മ്യൂസിക് ആല്‍ബങ്ങള്‍ ചിത്രീകരിച്ചിരുന്നു എന്നതു മാത്രമാണ്. വിനീതിനൊപ്പം ഒരു പടത്തില്‍ സഹായി ആകുകയും ഏതാനും ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത പരിചയവും വച്ച് ബേസില്‍ ജോസഫ് ഒരുക്കിയത് മൂന്നു യമണ്ടന്‍ ഹിറ്റുകളാണ്. കുഞ്ഞിരാമായണം, ഗോദ, മിന്നല്‍ മുരളി.

സമീപകാലത്ത് സമാനമായ മറ്റൊരു അദ്ഭുതം കൂടി സംഭവിച്ചിരിക്കുന്നു. മമ്മൂട്ടി നായകനായ ഓണം റിലീസ് പ്രതീക്ഷിക്കപ്പെടുന്ന ബസൂക്ക എന്ന ചിത്രത്തിന്റെ സംവിധായകന്‍ ഡിനു ഡെന്നീസ് (പ്രമുഖ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകന്‍) അച്ഛന്റെ ദീര്‍ഘകാല സിനിമാ പരിചയം മുതലെടുക്കാന്‍ തീരെ ഇഷ്ടപ്പെടാത്ത ഒരാളാണ്. ഡിനുവിന്റെയും സ്വപ്നം സിനിമയാണെന്ന് തിരിച്ചറിഞ്ഞ കലൂര്‍ ആരുടെയെങ്കിലും സഹായിയായി നില്‍ക്കാന്‍ പ്രേരിപ്പിച്ചെങ്കിലും ഡിനു വഴങ്ങിയില്ല. പകരം നേരിട്ട് പടം ചെയ്യാന്‍ ഇറങ്ങി തിരിച്ചു. മമ്മൂട്ടിയെ കണ്ട് ബസൂക്ക എന്ന തിരക്കഥ വായിച്ചു കേള്‍പ്പിച്ചപ്പോള്‍ ആരു സംവിധാനം ചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. ഡിനു ഇന്‍ഡസ്ട്രിയിലെ ചില പ്രമുഖരുടെ പേരുകള്‍ പറഞ്ഞെങ്കിലും ഇത്രയും വിശദമായി സ്‌ക്രിപ്റ്റ് എഴുതിയ ഡിനു തന്നെ സിനിമ സംവിധാനം ചെയ്യണമെന്നായി മമ്മൂട്ടി.
മാസങ്ങളോളം നീണ്ട തയാറെടുപ്പുകളിലൂടെ ഓരോ ഷോട്ടിന്റെയും വിശദമായ സ്‌റ്റോറി ബോര്‍ഡ് ലാപ്പ്‌ടോപ്പില്‍ തയ്യാറാക്കിയ ഡിനു പരിണിത പ്രജ്ഞരായ സംവിധായകരെ പോലെ ചിത്രീകരണം നടത്തുന്നത് കണ്ട മമ്മൂട്ടി ഒന്ന് അമ്പരന്നു. അദ്ദേഹം അത് ഒരു അഭിമുഖത്തില്‍ തുറന്ന് പറയുകയുമുണ്ടായി. മമ്മൂട്ടിയില്‍ നിന്ന് പരസ്യമായ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സംവിധായകര്‍ അധികമില്ലെന്നതും ഡിനുവിന്റെ നേട്ടത്തിന് മാറ്റു കൂട്ടുന്നു. 

‘എന്താടാ സജി’ ഒരുക്കിയ ഗോഡ്ഫി,  ‘ഇരട്ട’ ഒരുക്കിയ രോഹിത് എം.ജി.  ഇവരൊക്കെ തന്നെ ഷോര്‍ട്ട് ഫിലിമുകള്‍ മാത്രം ചെയ്ത അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകരായവരാണ്. രണ്ട് സിനിമകളും ബ്രേക്ക് ഈവനായെന്ന് മാത്രമല്ല ‘ഇരട്ട’ മികച്ച തിരക്കഥയുടെയും മേക്കിങ്ങിന്റെയും പേരില്‍ പ്രകീര്‍ത്തിക്കപ്പെടുകയും ചെയ്തു. ഇവരെല്ലാം മലയാള സിനിമയുടെ പരിമിതവൃത്തങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നവര്‍. എന്നാല്‍ വിസ്മയം ജനിപ്പിക്കുന്ന രണ്ട് പേരുകള്‍ കൂടിയുണ്ട് ഈ ഗണത്തില്‍.
മലയാള സിനിമയുടെ യശസ് ആഗോള തലത്തിലേക്ക് ഉയര്‍ത്തിയ ജീത്തു ജോസഫും ലിജോ ജോസ് പെല്ലിശ്ശേരിയും. സംവിധായകനാകാന്‍ കൊതിച്ച് അറിയപ്പെടുന്ന ഒരു ഫിലിം മേക്കറുടെ സിനിമയില്‍ സഹായിയാകാന്‍ പോയ ജീത്തുവിന് ചില പ്രത്യേക കാരണങ്ങളാല്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ പോലും ആ സെറ്റില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ല. മടങ്ങി വന്ന ജീത്തു നിരാശനാകാതെ സിനിമകള്‍ കണ്ടു കണ്ട് ചലച്ചിത്രനിര്‍മ്മാണത്തിന്റെ അലകും പിടിയും സ്വായത്തമാക്കി. ‘ഡിറ്റക്ടീവ്’ എന്ന സുരേഷ്‌ഗോപി ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായ അദ്ദേഹം പിന്നീട് ഒരുക്കിയ സിനിമകളെല്ലാം ചരിത്രവിജയങ്ങളായി. തമിഴിലും തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍ ഒരുക്കാന്‍ ഭാഗ്യം സിദ്ധിച്ച ജീത്തുവിന് ഉലകനായകന്‍ സാക്ഷാല്‍ കമലഹാസനെ പോലും കമാൻഡ് ചെയ്യാന്‍ അവസരം ലഭിച്ചു. ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യന്‍ സംവിധായകന്റെ ചിത്രം കൊറിയന്‍- ചൈനീസ് ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടുക എന്ന അപൂര്‍വഭാഗ്യവും ജീത്തുവിന് ലഭിച്ചു. 
നടന്‍ ജോസ് പെല്ലിശ്ശേരിയുടെ പുത്രനായ ലിജോ ജോസ്, ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ് മുംബൈയില്‍ പരസ്യ കമ്പനിയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ലോക ക്ലാസിക്കുകള്‍ അരച്ചു കലക്കി കുടിച്ച ലിജോയുടെ മനസ് നിറയെ ആഗോള നിലവാരമുളള സിനിമകളായിരുന്നു. ‘നായകന്‍’ എന്ന ആദ്യ സിനിമയില്‍ തന്നെ വേറിട്ട ദൃശ്യാവിഷ്‌കാരം നിര്‍വഹിക്കാന്‍ കെല്‍പ്പുളള ഒരു ചലച്ചിത്രകാരന്റെ സ്പര്‍ശം നാം അനുഭവിച്ചതാണ്. ഇന്ദ്രജിത്ത് നായകനായ ആ സിനിമ ബോക്സോഫീസില്‍ വിജയിച്ചില്ല. എന്നാല്‍ ലിജോയിലെ ടാലന്റ് തിരിച്ചറിഞ്ഞ പൃഥ്വിരാജും മറ്റും ഒപ്പം നിന്നു. ‘സിറ്റി ഓഫ് ഗോഡ്’ എന്ന സിനിമ സംഭവിക്കുന്നത് അങ്ങനെയാണ്.
”ഞാന്‍ ആദ്യമായി സംവിധാനം ചെയ്യാനിരുന്ന സ്‌ക്രിപ്റ്റ് എന്നേക്കാള്‍ മികച്ച സംവിധായകനായ ലിജോയെ ഏല്‍പ്പിക്കുകയായിരുന്നു’ എന്ന പൃഥ്വിയുടെ കമന്റില്‍ തന്നെ ലിജോ എന്താണെന്നത് സംബന്ധിച്ച അദ്ദേഹത്തിന്റെ ബോധ്യം വ്യക്തമാണ്. പിന്നീട് ആമേന്‍, ജല്ലിക്കട്ട്, ചുരുളി, ഈമായൗ, നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളിലുടെ ലിജോ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ അംഗീകാരങ്ങള്‍ വാരിക്കൂട്ടി. എല്ലാവരും കാണുന്ന കഥകളും ദൃശ്യങ്ങളും ആരും കാണാത്ത തരത്തിലും തലത്തിലും ആവിഷ്‌കരിക്കാന്‍ കഴിയുന്നു എന്നതാണ് ലിജോയുടെ മിടുക്ക്. ആരുടെയും കൂടെ നിന്നു സംവിധാനം പഠിക്കാത്തതു കൊണ്ടാവാം ആരുടെയും സ്വാധീനവും അദ്ദേഹത്തിലില്ല. തനതായ ശൈലിയില്‍ കഥ പറയാന്‍ എന്നും ലിജോയ്ക്ക് കഴിയുന്നു. മലയാളത്തില്‍ ഗുരുക്കന്‍മാരില്ലാതെ സിനിമ പഠിക്കുകയും ഒരു തലമുറയ്ക്ക് ആകെ ഗുരുതുല്യനാവുകയും ചെയ്യുക എന്ന അവസ്ഥയ്ക്ക് ലിജോയേക്കാള്‍ വലിയ ഉദാഹരണമില്ല.

സാധാരണമട്ടില്‍ ലാഘവത്തോടെ കഥ പറയുന്നതിന് പകരം ദൃശ്യാത്മകമായ ആഴം നല്‍കും വിധം വിഷ്വല്‍ മൗണ്ടിങ് നിര്‍വഹിക്കാനും സിനിമയുടെ ടോട്ടല്‍ നേച്ചറും ടോണും മൂഡും മാറ്റി മറിക്കാനും ലിജോയ്ക്ക് കഴിഞ്ഞു. മൗലികമായ ഒരു ദൃശ്യഭാഷ തന്നെ രൂപപ്പെടുത്തിയ അദ്ദേഹം പുതുകാലം കണ്ട ഏറ്റവും മികച്ച ചലച്ചിത്രകാരന്‍മാരില്‍ മുന്‍നിരയിലാണ്. സിനിമയ്ക്ക് ഒരു അടിസ്ഥാന വ്യാകരണവും ഭാഷയുമുണ്ട്. അതേക്കുറിച്ച് മികച്ച അവബോധം നിലനിര്‍ത്തിക്കൊണ്ട് തന്നെ അതിനെ അതിലംഘിക്കാനും പുതുക്കി പണിയാനും പ്രതിഭാധനരായ ചലച്ചിത്രകാരന്മാര്‍ കാലാകാലങ്ങളില്‍ ശ്രമിച്ചിട്ടുണ്ട്. പരിശീലനക്കളരികളില്‍ നിന്നു സിനിമ പഠിക്കാത്ത ലിജോയെ പോലൊരാള്‍ സ്വന്തം ധിഷണയെ മാത്രം ആശ്രയിച്ചാണ് ഇത്തരം വളയമില്ലാ ചാട്ടങ്ങള്‍ നടത്തുന്നത്.
‘നന്‍പകല്‍ നേരത്തു മയക്കം’ എന്ന സിനിമയിലുടനീളം സ്റ്റാറ്റിക് ഷോട്ടുകള്‍ കൊണ്ട് ലിജോ അദ്ഭുതം തീര്‍ക്കുന്നത് എത്ര മനോഹരമായാണ്. ക്യാമറയുടെ ചലനസാധ്യതകളെ ബോധപുര്‍വം നിരാകരിക്കുകയും അതേ സമയം ഫ്രെയിമിങ്ങിന്റെ ഭംഗി കൊണ്ട് ആ കുറവിനെ മറികടക്കുകയും ചെയ്യുന്നതൊക്കെ ഒരു വിഗ്രഹഭഞ്ജകന്റെ മിടുക്കാണ്. ഈ തരത്തില്‍ ലിജോ ടച്ച് നിറഞ്ഞതാണ് അദ്ദേഹത്തിന്റെ ഓരോ സിനിമകളും.
മുന്‍തലമുറയില്‍ സമാനമായ മാറ്റത്തിന് കഴിഞ്ഞ തനതായ ദൃശ്യഭാഷ രൂപപ്പെടുത്തിയ മറ്റൊരു ചലച്ചിത്രകാരനാണ് മണിരത്‌നം. അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ഇന്നും ഫ്രഷ്‌നസ് അനുഭവപ്പെടുന്നതും അതു തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നതും ഈ വേറിട്ട കാഴ്ചകളുടെയും കാഴ്ചപ്പാടുകളുടെയും പിന്‍ബലം കൊണ്ടാണ്. സിനിമ പഠിക്കുക എന്നതിലുപരി സിനിമയെ ആഴത്തില്‍ അറിയുക എന്നതിനാണ് ഈ ചലച്ചിത്രസൃഷ്ടാക്കള്‍ പ്രാമുഖ്യം നല്‍കിയിരുന്നത്. 
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്

സിനിമാ വ്യവസായത്തിന്റെ പരമ്പരാഗത സങ്കല്‍പം അനുസരിച്ച് ഒരാള്‍ സംവിധായകനാകണമെങ്കില്‍ സീനിയര്‍ സംവിധായകനൊപ്പം ക്ലാപ്പ് അടിക്കാന്‍ നില്‍ക്കണം. ഡ്രസ് കണ്ടിന്യൂവിറ്റിയും ആക്ഷന്‍ കണ്ടിന്യൂവിറ്റിയും ഓകെ റിപ്പോര്‍ട്ടും ചാര്‍ട്ടിങ്ങും പ്രോംപ്റ്റിങ്ങും ഷോട്ട് ഡിവിഷനുമെല്ലാം പഠിക്കണം.
ഇങ്ങനെ വര്‍ഷങ്ങളോളം നിരവധി സിനിമകളില്‍ സഹായിയായി നിന്ന് പണി പഠിച്ച ശേഷം വേണമെങ്കില്‍ ഒരു പടം സ്വതന്ത്രമായി ചെയ്യാം. എന്നാല്‍ നൂറിലധികം സിനിമകളില്‍ അസിസ്റ്റന്റും അസോസിയേറ്റുമായിരുന്ന പലരും ഇന്നും ആ റോളില്‍ തന്നെയാണ്. വളരെ മെക്കാനിക്കലായ ചാര്‍ട്ടിങ്ങും പ്രോംപ്റ്റിങ്ങും അടക്കമുളള ചില കാര്യങ്ങള്‍ക്കപ്പുറത്ത് ക്രിയാത്മകമായ കഴിവുകളില്ലാത്തവര്‍ ആജീവനാന്തം സഹന്‍മാരായി ഒതുങ്ങിക്കൂടുമ്പോള്‍ നേരെ ചൊവ്വേ ഷൂട്ടിങ് പോലും കണ്ടിട്ടില്ലാത്തവര്‍ സ്റ്റാര്‍ ഡയറക്‌ടേഴ്‌സായി വിലസുന്നു.
ഈ തരംഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് തമിഴിലെ പ്രശസ്തമായ ലോകേഷ് സിനിമാറ്റിക് യുണിവേഴ്‌സിന്റെ ശില്‍പി എന്ന് അറിയപ്പെടുന്ന ലോകേഷ് കനകരാജ്. ഓര്‍മവച്ച കാലം മുതല്‍ സിനിമ മാത്രം ശ്വസിക്കുന്നയാളാണ് ലോകേഷ്. ഊണിലും ഉറക്കത്തിലും അതു മാത്രം ചിന്തിക്കുകയും സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്തും നിരന്തരം സിനിമകള്‍ കണ്ടും സ്വയം പഠിച്ച യുവാവ്. ഇന്റര്‍നെറ്റിലെ മേക്കിങ് വിഡിയോകളും ഫിലിം 
ട്യൂട്ടോറിയല്‍സുമായിരുന്നു ലോകേഷിന്റെ ഏക ആശ്രയം.

സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനായ ലോകേഷ് അവധി ദിവസങ്ങള്‍ ക്രിയേറ്റീവായി ഉപയോഗിക്കും. കല്യാണവീഡിയോകളും മറ്റും ചിത്രീകരിക്കുന്ന സുഹൃത്തിന്റെ 5ഡി ക്യാമറയില്‍ കൂട്ടുകാരെ കഥാപാത്രങ്ങളാക്കി ചെറിയ ചെറിയ സീനുകള്‍ ചിത്രീകരിക്കും. അത് ലാപ്പ്‌ടോപ്പിലിട്ട് എഡിറ്റ് ചെയ്യും. പിന്നീട് ഈ ഫൈനല്‍ ഔട്ട്പുട്ട് പല കുറി കണ്ട് തങ്ങളുടെ തെറ്റുകുറ്റങ്ങള്‍ മനസിലാക്കും. വീണ്ടും അടുത്ത വീഡിയോയിലേക്ക് കടക്കും. അങ്ങനെ പല തവണ മുടന്തിയും വീണും മുറിഞ്ഞും മുറിവുണക്കിയും മറ്റും ലോകേഷ് സ്വയം മിനുക്കിയെടുത്തു. 
ആ ആത്മവിശ്വാസത്തിലാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുളള ‘കലം’ എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയത്. പ്രൊഫഷനല്‍ ടച്ചുളള ആ ഷോര്‍ട്ട് ഫിലിം അദ്ദേഹം കോര്‍പറേറ്റ്  ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലെ മത്സര വിഭാഗത്തിലേക്ക് അയച്ചു. തമിഴിലെ യൂത്ത് ഐക്കണായ ഡയറക്ടര്‍ കാര്‍ത്തിക് സുബ്ബരാജായിരുന്നു ജൂറി ചെയര്‍മാന്‍. അദ്ദേഹത്തിന് ലോകേഷിന്റെ ചിത്രം ഏറെ ഇഷ്ടമായി. മത്സരത്തില്‍ വിന്നറായ ലോകേഷ് സമ്മാനം വാങ്ങാന്‍ ചെന്നപ്പോള്‍ സിനിമയുടെ വിശാല ലോകത്തേക്ക് കാര്‍ത്തിക് അദ്ദേഹത്തെ ഹൃദയപൂര്‍വം സ്വാഗതം ചെയ്തു.
അങ്ങനെ കാര്‍ത്തിക് സുബ്ബരാജിന്റെ പിന്തുണയില്‍ ആദ്യ സിനിമയായ ‘മാനഗരം’ സംവിധാനം ചെയ്യാനുളള അവസരം ലോകേഷിന് ലഭിച്ചു. പടം റിലീസായി. വമ്പന്‍ കലക്ഷന്‍ നേടി എന്നതിലേറെ പുതിയ കാഴ്ചപ്പാടും ആഖ്യാനരീതിയും പ്രദാനം ചെയ്ത മാനഗരം സിനിമാ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായി.
മാനഗരത്തിന്റെ വിജയം ലോകേഷിന്റെ തലവര മാറ്റിക്കുറിച്ചു. ബാങ്കിലെ ജോലി രാജിവച്ച് അദ്ദേഹം മുഴുവന്‍ സമയ സിനിമാക്കാരനായി. ‘മാനഗരം’ ബോളിവുഡിലേക്ക് റീമേക്ക് ചെയ്തത് സന്തോഷ് ശിവനെ പോലെ ഒരു വിഖ്യാത സംവിധായകനാണെന്നു പറയുമ്പോള്‍ അതു ലോകേഷിന്റെ കോണ്‍സപ്റ്റിന് ലഭിച്ച അംഗീകാരമെന്ന് തന്നെ പറയേണ്ടി വരും.
‘മാനഗരം’ എന്ന മെഗാഹിറ്റ് സമ്മാനിച്ച ലോകേഷിന് കാര്‍ത്തിയെ നായകനാക്കി ‘കൈതി’ എന്ന പടം ഒരുക്കാന്‍ അവസരം ലഭിച്ചു. അതും മേജര്‍ ഹിറ്റായതോടെ ‘മാസ്റ്റര്‍’ എന്ന വിജയ് സിനിമയിലേക്കുളള വഴി തുറന്നു. ആഗോള വിപണിയില്‍ നിന്ന് നിരവധി കോടികള്‍ വാരിക്കൂട്ടിയ ഈ സിനിമകളിലൂടെ ലോകേഷ് ഇന്ത്യ മുഴുവനും ശ്രദ്ധിക്കപ്പെടുന്ന സംവിധായകനായി. കമലഹാസന്‍ നായകനായ ‘വിക്രം’ ആയിരുന്നു ലോകേഷിന്റെ അടുത്ത ചിത്രം. 600 കോടിയില്‍ പരം കലക്ട് ചെയ്ത ഈ സിനിമയ്ക്ക് പിന്നാലെ വിജയ്‌യെ നായകനാക്കി വീണ്ടും വരുന്നു അടുത്ത ചിത്രം, ‘ലിയോ’. അതും ബമ്പര്‍ ഹിറ്റായതോടെ 38കാരനായ ലോകേഷിന് ലഭിച്ച അവസരം ആരെയും അമ്പരപ്പിക്കുന്നതാണ്. സാക്ഷാല്‍ രജനീകാന്തിന്റെ 171-ാമത് ചിത്രം ഒരുക്കുകയാണ് അദ്ദേഹം ഇപ്പോള്‍.
പരിചയ സമ്പന്നരായ പല സംവിധായകരും പതിറ്റാണ്ടുകള്‍ കാത്തിരുന്നിട്ടും ഒരു രജനിചിത്രം ഒരുക്കാന്‍ കഴിയാതെ നിരാശയില്‍ കഴിയുമ്പോഴാണ് ഷൂട്ടിങ് പോലും കാണാതെ ഷോര്‍ട്ട് ഫിലിമുകളിലൂടെ വന്ന ഒരു പയ്യന്‍ രജനിക്ക് ആക്ഷനും കട്ടും പറയുന്നത്. 
ലോകേഷ് എങ്ങനെ സിനിമ പഠിച്ചു?
ഹോളിവുഡ് സിനിമകളോട് കിടപിടിക്കും വിധം പടമെടുക്കാന്‍ കെല്‍പ്പുളള ലോകേഷ് എങ്ങനെയാണ് സിനിമ പഠിച്ചത് എന്നത് പലരെയും കുഴയ്ക്കുന്ന ചോദ്യമാണ്. അര്‍പ്പണബോധം തന്നെയാണ് ലോകേഷിനെ ഇന്ന് കാണുന്ന തലത്തിലെത്തിച്ചത്. മികച്ചതെന്ന് തോന്നുന്ന ഓരോ സിനിമയും അദ്ദേഹം പലകുറി കാണും. വെറുതെ അലസമായി കണ്ടു തളളുകയല്ല ചെയ്യുന്നത്. പകരം ഓരോ സീനും പല ആവര്‍ത്തി റിവൈന്‍ഡ് ചെയ്തു കാണും. ഓരോ ഷോട്ടുകളും എങ്ങനെയാണ് എടുത്തിട്ടുളളത്. എന്തു തരം ലെന്‍സാണ് ഉപയോഗിച്ചിട്ടുളളത്. ഏത് ആംഗിളിലാണ് ഷൂട്ട് ചെയ്തിട്ടുളളത്. ഏത് പൊസിഷനിലാണ് ക്യാമറ വച്ചിട്ടുളളത്. എന്തു തരം ലൈറ്റിങ്ങാണ് ചെയ്തിട്ടുളളത്. ഏതു ഫില്‍റ്ററുകള്‍ ഉപയോഗിച്ചിരിക്കുന്നു? കളര്‍ ഗ്രേഡിങ് നിര്‍വഹിച്ച രീതി എന്താണ്?
ഓരോ കഥാസന്ദര്‍ഭങ്ങളിലും അഭിനേതാക്കള്‍ എങ്ങനെ പ്രതികരിക്കുന്നു. അവരുടെ ചലനങ്ങളും മറ്റും എങ്ങനെയാണ്? മേക്കപ്പിന്റെ രീതികള്‍, ആര്‍ട്ട് വര്‍ക്കുകള്‍, ക്യാമറാ മൂവ്‌മെന്റ്‌സ്, റീറിക്കാര്‍ഡിങ്, എഡിറ്റിങ്, സ്‌പെഷല്‍ ഇഫക്ട്‌സ്, സൗണ്ട് ഡിസൈനിങ്, ഫൈനല്‍ മിക്‌സിങ്– ഇങ്ങനെ എല്ലാ ഘടകങ്ങളും ലോകേഷ് സൂക്ഷ്മമായി പഠിക്കും. അറിയാത്ത കാര്യങ്ങളില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചോ സുഹൃത്തുക്കളോട് ചോദിച്ചോ സംശയനിവൃത്തി വരുത്തും. ഇങ്ങനെ ‘അവനവന്‍ പാഠശാല’ എന്ന അപൂര്‍വതയിലൂടെ സിനിമയുടെ സാങ്കേതികത മാത്രമല്ല സൗന്ദര്യശാസ്ത്രപരമായ വശങ്ങളും ലോകേഷ് ഹൃദിസ്ഥമാക്കി.
എന്നാല്‍ ഇത്തരം അപൂര്‍വതകള്‍ പുതുകാലത്തില്‍ മാത്രമല്ല സംഭവിച്ചിട്ടുളളത്. പഴയകാലത്തും സ്വന്തം കഴിവില്‍ മാത്രം ആശ്രയിച്ച് ഡയറക്ടറുടെ മെഗാഫോണ്‍ കയ്യിലേന്തിയ പ്രതിഭാശാലികളുണ്ട്. ‘നാന’ സിനിമാ വാരികയുടെ റിപ്പോര്‍ട്ടറായി മദ്രാസിലെത്തിയ ബാലചന്ദ്രമേനോന്‍, ലോക്കേഷന്‍ കവര്‍ ചെയ്യാനെന്ന വ്യാജേന ഷൂട്ടിങ് സെറ്റുകളില്‍ ചെന്നു നിന്ന് സിനിമയുടെ ഓരോ വശങ്ങളും സൂക്ഷ്മമായി പഠിച്ചു. പിന്നീട് ‘ഉത്രാടരാത്രി’ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായ മേനോന്‍ നാല്‍പ്പതിലധികം ചിത്രങ്ങള്‍ ഒരുക്കി. അവയില്‍ ഏറിയ പങ്കും ഹിറ്റുകളായിരുന്നു എന്നത് ചരിത്രം. നൂറുകണക്കിന് പടങ്ങളില്‍ സഹായി ആയി പ്രവര്‍ത്തിച്ചിട്ടും സ്വതന്ത്ര സംവിധായകനാകാന്‍ വിറയ്ക്കുന്നവരുടെ ഇടയിലാണ് ഇത്തരം മേനോന്‍മാര്‍ സധൈര്യം ഡയറക്ടറുടെ ക്യാപ് അണിയുന്നത്. 
തമിഴില്‍ ഈ സാഹസത്തിന് ഒരുമ്പെട്ട മറ്റൊരു ധീരനാണ് ടി.രാജേന്ദ്രന്‍. എം.എയ്ക്ക് പഠിക്കുന്ന കാലത്ത് ആദ്യചിത്രം ഒരുക്കാന്‍ ഇറങ്ങി പുറപ്പെടുമ്പോള്‍ രാജേന്ദ്രന് ആകെയുളള പിന്‍ബലം നൂറുകണക്കിന് സിനിമകളുടെ കാഴ്ചക്കാരന്‍ എന്ന ആത്മവിശ്വാസം മാത്രമായിരുന്നു. തുടര്‍ച്ചയായി ഹിറ്റുകള്‍ കൊടുത്തതോടെ അദ്ദേഹം തമിഴിലെ വലിയ സംവിധായകരില്‍ ഒരാളായി. ഒരേ സമയം നടനും തിരക്കഥാകൃത്തുമൊക്കെയായി തിളങ്ങി. ‘ഒരു തലൈരാഗം’ എന്ന സിനിമയിലൂടെ ശങ്കറിനെയും പൂര്‍ണിമാ ജയറാമിനെയും പരിചയപ്പെടുത്തിയതും അദ്ദേഹമായിരുന്നു. ആ സിനിമയുടെ വിജയം കണ്ടാണ് ഇരുവരും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്ക് ക്ഷണിക്കപ്പെട്ടത്.
മണിരത്‌നം എന്ന പ്രതിഭാസം
തമിഴിലെ പ്രശസ്ത നിര്‍മാതാവ് ജി.വിയുടെ അനുജനാണെങ്കിലും എം.ബി.എ ബിരുദം കഴിഞ്ഞ് മറ്റൊരു മേഖലയില്‍ പ്രവര്‍ത്തിച്ചു വന്ന മണിരത്‌നത്തിന്റെ മനസു നിറയെ സിനിമ മാത്രമായിരുന്നു. പല തിരക്കഥകള്‍ എഴുതി നോക്കിയ അദ്ദേഹത്തിന് ഒരു അവസരം നല്‍കാന്‍ ആരും തയാറായില്ല. കാരണം യാതൊരു മുന്‍പരിചയവുമില്ലാത്ത കേവലം സിനിമകള്‍ കണ്ട് സിനിമ പഠിച്ചുവെന്ന് അവകാശപ്പെടുന്ന യുവാവിനെ വിശ്വസിച്ച് പണമിറക്കാന്‍ ആര്‍ക്കും ധൈര്യം വന്നില്ല.
നിരാശനാവാതെ പരിശ്രമം തുടര്‍ന്ന മണിയെ ഒരു കന്നട നിര്‍മാതാവ് സഹായിച്ചു. അങ്ങനെ ‘പല്ലവി അനുപല്ലവി’ എന്ന പടത്തിലൂടെ മണി ആദ്യമായി സംവിധായകനായി. ഭേദപ്പെട്ട പടം എന്ന് അഭിപ്രായം വന്നതോടെ മണിയുടെ ജാതകം തെളിഞ്ഞു. പിന്നീട് മൗനരാഗം, അഗ്നിനക്ഷത്രം, നായകന്‍, റോജ, ദളപതി, കന്നത്തില്‍ മുത്തമിട്ടാല്‍, ബോംബെ, ദില്‍സേ, ഇരുവര്‍, തുടങ്ങി ഇന്ത്യന്‍ സിനിമയില്‍ വിപ്ലവകരമായ പരീക്ഷണങ്ങള്‍ക്ക് വിത്തുപാകിയ നിരവധി സിനിമകള്‍ ‘സംവിധാനം: മണിരത്‌നം’ എന്ന പേരില്‍ പുറത്തു വന്നു. പില്‍ക്കാലത്ത് രാജ്യം കണ്ട എക്കാലത്തെയും മികച്ച ചലച്ചിത്രകാരന്‍മാരില്‍ ഒരാളായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. 
മലയാളത്തിലും തമിഴിലും ഉണ്ടായ ഈ അപൂര്‍വ താരോദയത്തിന് തെലുങ്കിലും അനുരണനമുണ്ടായി. ബി.ടെക്ക് ബിരുദം കഴിഞ്ഞ് സിനിമയോടുളള അടങ്ങാത്ത പാഷന്‍ മൂലം ജോലിക്ക് ശ്രമിക്കാതെ ഹൈദരാബാദിൽ കാസറ്റ് കട നടത്തിക്കൊണ്ടിരുന്ന രാം ഗോപാല്‍ വര്‍മ എന്ന യുവാവ് കച്ചവടത്തിന്റെ മറവില്‍ ലഭ്യമായ എല്ലാ ഭാഷയിലുമുളള സിനിമകള്‍ നൂറുകണക്കിന് തവണ ആവര്‍ത്തിച്ച് കണ്ട് മനഃപാഠമാക്കി. അങ്ങനെ ലഭ്യമായ അറിവ് കൈമുതലാക്കി രംഗത്തിറങ്ങിയ യുവാവ് ‘ശിവ’ ഉള്‍പ്പെടെ ഒട്ടനവധി സിനിമകളിലൂടെ തെലുങ്കില്‍ വിജയം കൊയ്തു. പിന്നീട് രംഗീല എന്ന ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമയിലൊന്നാകെ തരംഗം സൃഷ്ടിച്ചു. പില്‍ക്കാലത്ത് എത്രയോ അധികം സിനിമകള്‍ ആ പേരില്‍ എഴുതി ചേര്‍ക്കപ്പെട്ടു.
ഏതു പരിശീലനത്തേക്കാള്‍ പ്രധാനം സിനിമയോടുളള അദമ്യമായ പ്രതിപത്തിയും ജന്മസിദ്ധമായ പ്രതിഭയുമാണെന്നതിന്റെ എക്കാലത്തെയും വലിയ ഉദാഹരണമായിരുന്നു രാം ഗോപാല്‍ വര്‍മയുടെ ജീവിതം. മലയാളത്തിന്റെ ഫാസിലും ആരുടെയും സഹായിയായി നില്‍ക്കാതെ നേരിട്ടു പടം ചെയ്ത ആളാണ്. അടൂര്‍ ഭാസി സംവിധാനം ചെയ്ത ‘അച്ചാരം അമ്മിണി ഓശാരം ഓമന’ എന്ന പടത്തിന്റെ സെറ്റില്‍ പത്തു ദിവസം കാഴ്ചക്കാരനായി നിന്ന അനുഭവപരിചയം വച്ചാണ് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ പോലെ ഒരു ചിത്രം അദ്ദേഹം ഒരുക്കിയത്. പ്രിയദര്‍ശനൂം സഹസംവിധായകനായി നിന്ന് പരിശീലനം നേടിയിട്ടില്ലെങ്കിലും ‘കുയിലിനെത്തേടി’, ‘എങ്ങനെ നീ മറക്കും?’ എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് എന്ന നിലയിലെ ലൊക്കേഷന്‍ അനുഭവങ്ങൾ അദ്ദേഹത്തിന് മുതല്‍ക്കൂട്ടായി.
ആരാണ് സംവിധായകന്‍?
യഥാർഥത്തില്‍ ആരാണ് സംവിധായകന്‍? ഒരു സിനിമയുടെ ആകത്തുകയെക്കുറിച്ച് മികച്ച അവബോധമുളള ആദിമധ്യാന്തം അതു ഭാവനയില്‍ കാണാനും അങ്ങനെ കാണുന്ന ദൃശ്യങ്ങളെ യാഥാർഥ്യമാക്കാനും അയാള്‍ക്കു കഴിയണം. വിവിധ തരക്കാരായ ആളുകളെ നയിച്ചും നിയന്ത്രിച്ചും മുന്നോട്ട് പോകാനുളള സംഘാടക ശേഷിയും ടാസ്‌ക് മാനേജ്‌മെന്റ് സ്‌കില്ലും വേണം. സിനിമയുടെ വ്യാവസായിക വശങ്ങളെക്കുറിച്ച് തികഞ്ഞ അവബോധം ഉണ്ടാവണം. സാങ്കേതിക വശങ്ങള്‍ക്കൊപ്പം സിനിമാ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളെ സംബന്ധിച്ചും വ്യക്തമായ ധാരണ ഉണ്ടാവണം. അതിലെല്ലാമുപരി അയാള്‍ ഒരു തികഞ്ഞ കലാകാരനായിരിക്കണം. കുറെ ദൃശ്യഖണ്ഡങ്ങള്‍ സമർഥമായി സംയോജിപ്പിച്ചാല്‍ അതു സിനിമയാവില്ല. സിനിമ മുന്നോട്ട് വയ്ക്കുന്ന ഇമോഷനല്‍ ട്രാവല്‍ കൃത്യമായി പ്രേക്ഷകനെ ഫീല്‍ ചെയ്യിക്കാന്‍ സാധിക്കണം. അതു വേദനയാവാം, ചിരിയാകാം, സംഘര്‍ഷമാവാം, പ്രണയമാവാം! അനുഭവവേദ്യമായി ആഖ്യാനം നിര്‍വഹിക്കുക എന്നത് ചെറിയ കാര്യമല്ല. അതിനുളള പ്രാപ്തിയും ഭാവനയും ഉളള ഒരാള്‍ക്ക് കേവലം സിനിമകള്‍ കണ്ടും കേട്ടും വായിച്ചും അറിഞ്ഞുമുളള അനുഭവ പരിചയം കൊണ്ടു പോലും മഹത്തായ സിനിമകള്‍ സൃഷ്ടിക്കാന്‍ കഴിയും.
ഭാരതം കണ്ട ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളും മൂന്നു തവണ മികച്ച സംവിധായകനുളള ദേശീയ പുരസ്‌കാരത്തിന് അര്‍ഹനായ ജി. അരവിന്ദനും ആരുടെയും ഒപ്പം നിന്ന് സിനിമ പഠിച്ചിട്ടില്ല. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളും അദ്ദേഹത്തിന് വാതില്‍ തുറന്നില്ല. എന്നാല്‍ പ്രവൃത്തി പരിചയമുളള അടൂര്‍ ഗോപാലകൃഷ്ണനോടും കെ.ജി.ജോര്‍ജിനോടും കിടപിടിക്കുകയും പലപ്പോഴും അവരെയൊക്കെ അതിശയിപ്പിക്കുന്ന വിധം വൈവിധ്യപൂര്‍ണമായ സിനിമകള്‍ ഒരുക്കി ചരിത്രം സൃഷ്ടിച്ച ചലച്ചിത്രകാരനാണ് അരവിന്ദന്‍. ഔപചാരികമായി സിനിമ പഠിക്കാത്ത അരവിന്ദനും മണിരത്‌നവും മുതല്‍ ലിജോ ജോസ് വരെയുളളവര്‍ ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും നല്‍കിയ അനുപമമായ സംഭാവനകള്‍ ഒരു ചരിത്രസത്യം എന്നതിലുപരി ചരിത്ര കൗതുകം കൂടിയാണ്.


Source link

Related Articles

Back to top button