ഓൺലൈൻ മാദ്ധ്യമങ്ങളെ കടിഞ്ഞാണിടണം; ഫെഫ്‌കയ്ക്ക് കത്തയച്ച് നിർമാതാക്കൾ
കൊച്ചി: ഓൺലൈൻ മാദ്ധ്യമങ്ങളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ഫെഫ്കയ്ക്ക് കത്തയച്ച് നിർമാതാക്കൾ. അക്രഡിറ്റേഷൻ നിർബന്ധമാക്കണമെന്നാണ് കത്തിലുള്ളത്. നാളെ നടക്കുന്ന ഫെഫ്ക സ്റ്റിയറിംഗ് കമ്മിറ്റിയിൽ വിഷയം ചർച്ച ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
കഴിഞ്ഞ ആറ് മാസമായി ഈ വിഷയം നിർമാതാക്കൾ ചർച്ച ചെയ്തുവരികയായിരുന്നു. എന്നാൽ നടൻ സിദ്ദിഖിന്റെ മകന്റെ മരണത്തിന് പിന്നാലെ ആ വീട്ടിൽ പോയി പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്ത രീതി, പല നടിമാരും ഓൺലൈൻ മാദ്ധ്യമങ്ങളിൽ നിന്ന് നേരിട്ട ദുരനുഭവം തുടങ്ങി സമീപകാലത്തുണ്ടായ ചില സംഭവങ്ങളാണ് ഇപ്പോൾ കത്ത് നൽകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.
സിദ്ദിഖിന്റെ വീട്ടിലെത്തിയ ചില ഓൺലൈൻ മാദ്ധ്യമപ്രവർത്തകരുടെ റിപ്പോർട്ടിംഗിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. മരണ വീടാണെന്ന് പോലും ഓർത്തില്ലെന്നായിരുന്നു വിമർശനം. കൂടാതെ അടുത്തിടെ ഒരു അഭിമുഖത്തിൽ പ്രമുഖ നടിയോട് അവതാരക വളരെ മോശമായ രീതിയിൽ പെരുമാറിയിരുന്നു. ഒടുവിൽ സഹികെട്ട് നടി ഇറങ്ങിപ്പോകുകയും ചെയ്‌തിരുന്നു.
മാത്രമല്ല, കഴിഞ്ഞ ദിവസം നടന്ന താര സംഘടന ‘അമ്മ’ യുടെ ജനറൽ ബോഡി യോഗത്തിന്റെ ദൃശ്യങ്ങൾ ഒരു യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്തതും വിവാദമായിരുന്നു. രഹസ്യ സ്വഭാവമുള്ള പൊതുചർച്ചയും തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളും ഇതിനിടെയുണ്ടായ ബഹളങ്ങളുമെല്ലാമാണ് പുറംലോകം കണ്ടത്. ഇത് സംഘടനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാകാം ഓൺലൈൻ മാദ്ധ്യമങ്ങളെ കടിഞ്ഞാണിടാൻ നിർമാതാക്കൾ കത്ത് നൽകിയതെന്നാണ് സൂചന.
Source link