സൗദി കുടുംബത്തിന് 34 കോടി ദയാധനം നൽകി ( ഡെക്ക് ) വധശിക്ഷ റദ്ദാക്കി, റഹീം ഉടൻ നാട്ടിലെത്തും
കോഴിക്കോട്:കേരളം കൈകോർത്തു പിടിച്ച് സമാഹരിച്ച 34കോടി രൂപ ദയാധനം കൈമാറിയതോടെ 18 വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിഞ്ഞ ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ ( 42) വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദ്ദാക്കി.
സ്പോൺസറുടെ ചലനശേഷി നഷ്ടപ്പെട്ട മകൻ മരിച്ച കേസിൽ 2006ലാണ് വധശിക്ഷ വിധിക്കപ്പെട്ട് റഹീം ജയിലിലായത്.
ഒന്നര കോടി റിയാൽ ( 34കോടി രൂപ ) ദയാധനം സ്വീകരിച്ച് റഹീമിനെ മോചിപ്പിക്കാമെന്ന് മരിച്ച അനസ് അൽ ശഹ്റിയുടെ കുടുംബം കോടതിയെ അറിയിച്ചു. കുടുംബത്തിന്റെ സമ്മതപത്രവും മറ്റും പരിശോധിച്ച കോടതി, വധശിക്ഷ റദ്ദാക്കി ഇന്നലെ ഉത്തരവിടുകയായിരുന്നു. റഹീമിനെ വൈകാതെ മോചിപ്പിച്ച് റിയാദ് വിമാനത്താവളം വഴി നാട്ടിലേക്ക് അയയ്ക്കും.
അബ്ദുൾ റഹീമിന്റെ മോചനത്തിന് കഴിഞ്ഞ പെരുന്നാൾ കാലത്താണ് മലയാളികൾ കൈ അയച്ച് സംഭാവന നൽകി 34 കോടി രൂപയും സമാഹരിച്ചത്. ഇതിനായി രൂപീകരിച്ച ട്രസ്റ്റിന്റെ അക്കൗണ്ടിൽ മൊത്തം 47 കോടിയിലേറെ രൂപയാണ് ലഭിച്ചത്. അതിൽ നിന്നാണ് ദയാധനം വിദേശ മന്ത്രാലയത്തിന് കൈമാറിയത്. അവിടെ നിന്ന് ഒന്നര കോടി റിയാലിന്റെ ചെക്ക് സൗദി കോടതിക്ക് കൈമാറിയിരുന്നു. ഒരു കോടിയിലേറെ രൂപ വക്കീൽ ഫീസായും മറ്റും ചെലവായി.
ഇരുവിഭാഗം അഭിഭാഷകരും എംബസി ഉദ്യോഗസ്ഥരും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണി സിദ്ദിഖ് തുവ്വൂരും കോടതിയിൽ ഹാജരായി. ഓൺലൈനിലാണ് കോടതി റഹീമുമായി സംസാരിച്ചത്. ചെക്ക് കോടതി ശഹ്റിയുടെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോണിക്ക് കൈമാറി. റഹീമിന് മാപ്പു നൽകാമെന്ന കുടുംബത്തിന്റെ സമ്മതപത്രം റിയാദ് ഗവർണറേറ്റിന് കോടതി കൈമാറും.
ഇനി ജീവകാരുണ്യ പ്രവർത്തനം
ട്രസ്റ്റിന്റെ അക്കൗണ്ടിൽ 13 കോടിയോളം രൂപ ശേഷിക്കുന്നുണ്ട്.റഹീം നാട്ടിൽ എത്തിയ ശേഷം ഈ തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.
–ട്രസ്റ്റ് ഭാരവാഹികൾ കേരള കൗമുദിയോട് പറഞ്ഞത്
Source link