പരിവാഹൻ സൈറ്റിൽ ഫോൺ നമ്പർ ചേർത്തോ, ചെയ്തില്ലെങ്കിൽ പിന്നാലെ പണിവരാം, മുന്നറിയിപ്പ്
തിരുവനന്തപുരം : പരിവാഹൻ വെബ്സൈറ്റിൽ വാഹനഉടമകൾ അവരുടെ ഫോൺ നമ്പർ ചേർക്കണമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ അഭ്യർത്ഥിച്ചു. നിങ്ങളുടെ വാഹനം രജിസ്റ്റർ ചെയ്യുന്നത് പലപ്പോഴും ഏജന്റുമാരോ ഡീലർമാരോ ആയിരിക്കാം, ഇവർ വാഹനം വാങ്ങിയ ആളുകളുടെ ഫോൺ നമ്പർ ആയിരിക്കില്ല പലപ്പോഴും രജിസ്റ്റർ ചെയ്യുമ്പോൾ കൊടുക്കുന്നത്, അതിനാൽ വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങൾ അതിലേക്കാവും പോവുകയെന്ന് മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച് വീഡിയോയിൽ വ്യക്തമാക്കി.
ചിലപ്പോൾ ഫൈനായി വലിയൊരു തുക അടയ്ക്കേണ്ടതായി വന്നേക്കാം. എ.ഐ ക്യാമറ ഫൈൻ അടക്കം വരുന്നത് നിങ്ങളുടെ ഫോൺ നമ്പരിലേക്ക് ആണ്. പരിവാഹൻ വെബ്സൈറ്റിൽ അവരുടെ നമ്പർ ആഡ് ചെയ്യണം. നമ്പർ ചേർക്കാൻ ഇനിയും അവസരം തരാം. വാഹനം മറ്റൊരാൾക്ക് വിൽക്കുകയാണെങ്കിൽ അയാളുടെ പേരിലേക്ക് വാഹനം മാറ്റിയെന്ന് ഉറപ്പാക്കാനും മറക്കരുതെന്ന് മന്ത്രി പറഞ്ഞു. വാഹൻ സൈറ്റിൽ നിങ്ങളുടെ നമ്പർ തെറ്റായി കാണിച്ചാൽ ഫൈൻ ആകട്ടെ, എന്തു വിവരങ്ങളുമാകട്ടെ അത് ആ തെറ്റായ നമ്പരിലേക്ക് ആണ് പോകുക. വാഹനം മേടിച്ചപ്പോൾ ഫോൺ നമ്പർ കൊടുത്ത ഡീലർമാരും ഏജന്റുമാരും അത് അവഗണിച്ചെന്ന് വരാം. ഒടുവിൽ വണ്ടിയുടെ ആവശ്യവുമായി മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസിൽ പോകുമ്പോഴായിരിക്കും കാര്യങ്ങൾ അറിയുകയെന്നും മന്ത്രി വ്യക്തമാക്കി.
മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരിൽ ആരെങ്കിലുമോ ഏജൻസികളോ പണം ആവശ്യപ്പെട്ട് വന്നാൽ കൊടുക്കരുത്, കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമായ കുറ്റമാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
Source link