ഇസ്മയിൽ കദാറെ അന്തരിച്ചു
ടിരാന: വിഖ്യാത അൽബേനിയൻ നോവലിസ്റ്റ് ഇസ്മയിൽ കദാറെ(88) അന്തരിച്ചു. ടിരാനയിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. പല തവണ സാഹിത്യ നൊബേൽ പുരസ്കാരത്തിന് കദാരെ പരിഗണിക്കപ്പെട്ടിരുന്നു. 1936ൽ അൽബേനിയയിലെ ജിറോകാസ്റ്ററിലാണ് കദാറെയുടെ ജനനം. 1963ൽ ദ ജനറൽ ഓഫ് ദ ഡെഡ് ആർമി എന്ന നോവൽ പ്രസിദ്ധീകരിച്ചതോടെയാണ് കദാറെ അറിയപ്പെട്ടുതുടങ്ങിയത്. ആ സമയം അൽബേനിയ കമ്യൂണിസ്റ്റ് ഏകാധിപതി അൻവർ ഹോജയുടെ ഭരണത്തിലായിരുന്നു. 1990ൽ കദാറെ ഫ്രാൻസിലേക്കു പലായനം ചെയ്തു. പിന്നീട് അദ്ദേഹം പാരീസിലാണു ജീവിച്ചത്. ഈയിടെയാണ് അൽബേനിയയുടെ തലസ്ഥാനമായ ടിരാനയിൽ മടങ്ങിയെത്തിയത്. ദ സീജ് ആൻഡ് ദ പാലസ് ഓഫ് ഡ്രീംസ്, ബ്രോക്കൺ ഏപ്രിൽ എന്നിവയാണു മറ്റു ശ്രദ്ധേയ നോവലുകൾ കഴിഞ്ഞ വർഷം അൽബേനിയ സന്ദർശിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, കദാറെയ്ക്ക് ഗ്രാൻഡ് ഓഫീസർ ഓഫ് ദ ലീജിയൻ ഓഫ് ഓണർ ബഹുമതി സമ്മാനിച്ചിരുന്നു. മാൻ ബുക്കർ പ്രൈസ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ കദാരെയ്ക്കു ലഭിച്ചിട്ടുണ്ട്. ബാൾക്കൻ ചരിത്രമാണ് കവിതകളിലും നോവലുകളിലും കദാറെ സന്നിവേശിപ്പിച്ചത്. നോവലുകൾ, നാടകങ്ങൾ, തിരക്കഥകൾ, കവിത, ഉപന്യാസങ്ങൾ, ചെറുകഥാ സമാഹാരങ്ങൾ എന്നീ വിഭാഗങ്ങളിലായി എൺപതിലേറെ പുസ്തകങ്ങൾ കദാരെ രചിച്ചിട്ടുണ്ട്. മലയാളമടക്കം 45 ഭാഷകളിൽ കദാറെയുടെ പുസ്തകങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. ബ്രോക്കൺ ഏപ്രിൽ (തകർന്നു തരിപ്പണമായ ഏപ്രിൽ) മലയാളത്തിലേക്കു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Source link