2024 യൂറോയിലെ ഏറ്റവും മികച്ച യുവ സംഘം സ്പെയിൻ
“യൂറോയിലെ പിള്ളേരെ കണ്ടിക്കാ… നല്ല സ്പാനിഷ് പിള്ളേരെ കണ്ടിക്കാ… ഇല്ലെങ്കി വാ, യൂറോയ്ക്ക് വാ…” 2024 യുവേഫ യൂറോ കപ്പ് ഫുട്ബോളിൽ സ്പാനിഷ് യൂത്തന്മാരുടെ കളി കണ്ടുകഴിഞ്ഞാൽ അറിയാതെ ഇങ്ങനെ പാടിപ്പോയാൽ അദ്ഭുതമോ ആശ്ചര്യമോ ഇല്ല… കാരണം, 2024 യൂറോയിലെ ഏറ്റവും മികച്ച യൂത്തന്മാരിൽ മുൻപന്തിയിൽ സ്പാനിഷ് കളിക്കാരാണ്. യൂറോ 2024 നോക്കൗട്ട് റൗണ്ടിലെ ഏറ്റവും മികച്ച റേറ്റിംഗുള്ള താരങ്ങളുടെ പട്ടികയിലെ ആദ്യ നാലു സ്ഥാനവും ലാ റോഹയുടെ പിള്ളേർക്ക്. നിക്കോ വില്യംസ് (9.09), ഫാബിയൻ റൂയിസ് (8.69), ലാമിൻ യമാൽ (8.68), റോഡ്രി (8.54) എന്നിവരാണ് യൂറോ നോക്കൗട്ടിൽ ഏറ്റവും റേറ്റിംഗുള്ള താരങ്ങൾ. ഇതിൽ റൂയിസും റോഡ്രിയും ഇരുപത്തെട്ടുകാരാണ്. യമാലിനു പ്രായം 16, നിക്കോയ്ക്ക് 21ഉം. പിള്ളേരു കൊള്ളാം നോക്കൗട്ടിലെ ഏറ്റവും മികച്ച യുവതാരങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനക്കാരാണ് നിക്കോ വില്യംസും ലാമിൻ യമാലും. പ്രീക്വാർട്ടറിൽ സ്പെയിൻ 4-1നു ജോർജിയയെ കീഴടക്കിയപ്പോൾ ഇരുവരും കളംനിറഞ്ഞിരുന്നു. 18-ാം മിനിറ്റിൽ സെർഫ് ഗോളിൽ പിന്നിലായ സ്പെയിൻ റോഡ്രി (39’), ഫാബിയൻ റൂയിസ് (51’), നിക്കോ വില്യംസ് (75’), ഡാനി ഓൾമൊ (83’) എന്നിവരുടെ ഗോളുകളിലൂടെ തിരിച്ചുവരവു ജയം സ്വന്തമാക്കി. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം നാലു ഗോൾ തിരിച്ചടിച്ച് ജയിക്കുന്ന ആദ്യടീമാണ് സ്പെയിൻ. മത്സരത്തിൽ യമാലിന്റെ പാസ് കൃത്യത 88 ശതമാനമാണ്, നിക്കോ വില്യംസിന്റേത് 100ഉം! ഇരുവരും ഓരോ ഗോളിന് അസിസ്റ്റ് നടത്തുകയും ചെയ്തു. നിക്കോ വില്യംസിന്റെ ഗോളിനുശേഷം ഇരുവരും മൈതാനത്ത് ഒന്നിച്ച് നൃത്തച്ചുവടുവച്ചത് ഫുട്ബോൾ പ്രേമികൾക്ക് ആവേശമായി. 2024 യൂറോയിലെ ഏറ്റവും മികച്ച യുവതാരങ്ങളായാണ് യമാലും നിക്കോയും വിശേഷിപ്പിക്കപ്പെടുന്നത്. ഇതിനോടകം യൂറോ കപ്പ് ചരിത്രത്താളുകളിൽ ഇരുവരും ഇടംപിടിക്കുകയും ചെയ്തു. മാത്രമല്ല, 2008നുശേഷം യൂറോ നോക്കൗട്ടിൽ ഒരു ഗോളും ഒരു അസിസ്റ്റുമുള്ള അണ്ടർ 22 താരങ്ങളെല്ലാം സ്പെയിനിൽനിന്നുള്ളവരായിരുന്നു എന്നതും ശ്രദ്ധേയം. ഈ ഗണത്തിലേക്ക് ഏറ്റവും ഒടുവിൽ എത്തിയിരിക്കുകയാണ് നിക്കോ വില്യംസ്. 2020ൽ ഫെറാൻ ടോറസും 2008ൽ സെസ് ഫാബ്രിഗസുമായിരുന്നു ഒരു യൂറോ നോക്കൗട്ട് മത്സരത്തിൽ ഗോളും അസിസ്റ്റുമുള്ള അണ്ടർ 22 കളിക്കാർ. സിആർ7 = യമാൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കുശേഷം ഒരു പ്രമുഖ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ രണ്ട് അസിസ്റ്റുള്ള യൂറോപ്യൻ കൗമാരതാരം എന്ന നേട്ടത്തിലും ലാമിൻ യമാൽ എത്തി. 2024 യൂറോ കപ്പിൽ ഇതുവരെ യമാൽ രണ്ട് അസിസ്റ്റ് നടത്തിയിട്ടുണ്ട്. 2004 യൂറോയിൽ ക്രിസ്റ്റ്യാനോയും രണ്ട് അസിസ്റ്റ് നടത്തിയിരുന്നു. എന്നാൽ, ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റിക്കാർഡ് യമാൽ സ്വന്തമാക്കി. 16 വർഷവും 11 മാസവും 18 ദിനവുമായിരുന്നു ജോർജിയയ്ക്കെതിരേ ഇറങ്ങുന്പോൾ യമാലിന്റെ പ്രായം. നിക്കോ മാത്രം യൂറോ ചരിത്രത്തിൽ അത്യപൂർവമായ റിക്കാർഡാണ് ജോർജിയയ്ക്കെതിരായ പ്രീക്വാർട്ടറിൽ നിക്കോ വില്യംസ് കുറിച്ചത്. 1980നുശേഷം യൂറോയിലെ ഒരു മത്സരത്തിൽ ഗോൾ നേടുകയും അസിസ്റ്റ് നടത്തുകയും 100 ശതമാനം പാസിംഗ് കൃത്യതയുമുള്ള ആദ്യ കളിക്കാരനാണ് നിക്കോ വില്യംസ്. ജോർജിയയ്ക്കെതിരേ നടത്തിയ 46 പാസും കൃത്യമായി സഹതാരത്തിൽ എത്തിക്കാൻ നിക്കോയ്ക്കു സാധിച്ചു. സ്പെയിൻ Vs ജർമനി ക്വാർട്ടറിൽ ഈ യൂറോയിലെ ഏറ്റവും വലിയ പോരാട്ടത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ടൂർണമെന്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച സ്പെയിനും ജർമനിയും ക്വാർട്ടറിൽ കൊന്പുകോർക്കും. വെള്ളിയാഴ്ച ഇന്ത്യൻ സമയം രാത്രി 9.30നാണ് സ്പെയിൻ x ജർമനി വന്പൻ പോരാട്ടം.
Source link