അമ്മത്തൊട്ടിലിൽ മധുര ‘കനി’; പുതിയ അതിഥിയെ സ്വീകരിച്ച് പോറ്റമ്മമാർ
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. വെള്ളിയാഴ്ച വെളുപ്പിന് രാവിലെ 3.30 ഓടുകൂടി 10 ദിവസം പ്രായമുള്ള പെൺ കുഞ്ഞാണ് എത്തിയത്. പുതിയ അതിഥിയ്ക്ക് ‘കനി’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രക്കുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ഇതുവരെയായി 605 കുട്ടികളാണ് പോറ്റമ്മമാരുടെ പരിചരണയ്ക്കായി എത്തിയത്.
അതിഥിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ ബീപ് സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് കുഞ്ഞിനെ സ്വീകരിച്ചു. തുടർന്ന് ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച കുഞ്ഞിനെ വിദഗ്ധ ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ചു.
ഒരു വർഷത്തിനിടയിൽ തിരുവനന്തപുരത്ത് 2023 മേയ് മുതൽ അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 19ാമത്തെ കുട്ടിയും എട്ടാമത്തെ പെൺകുഞ്ഞുമാണ് കനി. ഈ മാസം മാത്രം അഞ്ച് കുഞ്ഞുങ്ങളാണ് അമ്മത്തൊട്ടിൽ മുഖാന്തിരം സമിതിയുടെ പരിചരണത്തിനായി എത്തിയത്. അതിൽ മൂന്നും പെൺകുഞ്ഞുങ്ങളാണ്.
2024 വർഷത്തിൽ ഇതുവരെയായി 28 കുഞ്ഞുങ്ങളാണ് അനാഥത്വത്തിൽ നിന്ന് സനാഥത്വത്തിലേക്ക് പുതിയ മാതാപിതാക്കളുടെ കൈയ്യും പിടിച്ച് സമിതിയിൽ നിന്നും യാത്രയായത്. പുതിയ ഭരണസമിതി വന്നതിനു ശേഷം 86 പേരും.
കുട്ടികളുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.
Source link