മടക്കം എപ്പോഴെന്നറിയാതെ സുനിതയും വിൽമറും
ഹൂസ്റ്റൺ: ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഭൂമിയിൽ തിരിച്ചെത്താൻ മാസങ്ങളെടുത്തേക്കും. സുനിതയും ഒപ്പം ബഹിരാകാശ സ്റ്റേഷനിലെത്തിയ ബുച്ച് വിൽമറും 90 ദിവസം വരെ അവിടെ തുടർന്നേക്കാമെന്നാണ് നാസ നല്കിയ സൂചന. ഇവരുടെ ബഹിരാകാശ യാനമായ ‘സ്റ്റാർലൈനർ’ പേടകത്തിന്റെ തകരാർ പരിഹരിക്കാൻ സമയമെടുക്കുമെന്നതാണ് കാരണം. സ്റ്റാർലൈനറിന്റെ ഉടമസ്ഥരായ ബോയിംഗ് കന്പനി ഭൂമിയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്തി ഫലം പരിശോധിച്ചശേഷമായിരിക്കും സുനിതയും വിൽമറും മടങ്ങുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുക. സുനിതയുടെയും വിൽമറിന്റെയും ദൗത്യം 45ൽനിന്ന് 90 ദിവസത്തിലേക്കു നീട്ടുന്ന കാര്യം പരിഗണിക്കുന്നതായി നാസയുടെ വാണിജ്യവിഭാഗത്തിലെ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച് അറിയിച്ചു. ബോയിംഗ് കന്പനി ഭൂമിയിൽ നടത്തുന്ന പരീക്ഷണങ്ങളുടെ ഫലം ഉറ്റുനോക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹിരാകാശ യാത്രകൾക്കു ബോയിംഗ് വികസിപ്പിച്ച സ്റ്റാർലൈനർ പേടകത്തിൽ മനുഷ്യനെ കയറ്റിയുള്ള ആദ്യപരീക്ഷണത്തിലാണ് സുനിതയും വിൽമറും ജൂൺ ആറിന് ബഹിരാകാശ സ്റ്റേഷനിലെത്തിയത്. എട്ടു ദിവസത്തിനുശേഷം ഇവർ മടങ്ങേണ്ടതായിരുന്നു. എന്നാൽ, സ്റ്റാർലൈനറിൽ സാങ്കേതിക തകരാർ കണ്ടെത്തിയതോടെ ഇരുവരും ബഹിരാകാശ സ്റ്റേഷനിൽ കുടുങ്ങിയ മട്ടായി. ഹീലിയം ചോർച്ച, ത്രസ്റ്റർ പ്രവർത്തിക്കാതിരിക്കൽ എന്നീ പ്രശ്നങ്ങളാണ് സ്റ്റാർലൈനർ നേരിടുന്നത്. ഇതിന്റെ കാരണം കണ്ടെത്താൻ ബോയിംഗിന്റെ എൻജിനിയർമാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ മനസിലാക്കാനായി കന്പനി ന്യൂ മെക്സിക്കോയിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താൻ പോവുകയാണ്. ചോദ്യങ്ങൾക്കെല്ലാം ഉത്തരം ലഭിച്ചാൽ സുനിതയും വിൽമറും ഭൂമിയിലേക്കു മടങ്ങുമെന്ന് ബോയിംഗ് അധികൃതർ പറഞ്ഞു. ഇതിനിടെ സുനിതയും വിൽമറും ബഹിരാകാശ സ്റ്റേഷനിലെ മറ്റു യാത്രികർക്കൊപ്പം ഇണങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.
Source link