KERALAMLATEST NEWS

പി. ജയരാജനെതിരായ വെളിപ്പെടുത്തൽ, നോട്ടീസ് അനുവദിച്ചില്ല; പ്രതിപക്ഷ വാക്കൗട്ട്

തിരുവനന്തപുരം: സി.പി.എം നേതാവും ഖാദി ബോർഡ് വൈസ് ചെയർമാനുമായ പി.ജയരാജനെതിരെ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ അംഗം മനുതോമസ് ഉയർത്തിയ ആരോപണങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ സ്പീക്കർ അനുമതി നൽകിയില്ല.

ആരോപണം മാത്രമായ സാഹചര്യത്തിൽ ചട്ടം 52(5) പ്രകാരം അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കരുതെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എം.ബി. രാജേഷ് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച് സണ്ണിജോസഫ് നൽകിയിരുന്ന നോട്ടീസ് സ്പീക്കർ തള്ളി. സർക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്നതൊന്നും ഉന്നയിക്കാൻ അനുവദിക്കില്ലെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം ഇറങ്ങിപ്പോയി.

സമാനവിഷയങ്ങൾ മുൻപ് നിയമസഭ ചർച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഉയർന്നത്. ക്രിമിനൽ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ നേതൃത്വം ഒത്താശ നൽകുന്നതാണ് ഇത്തരം സംഘങ്ങൾ വളരാൻ ഇടയാക്കുന്നത്. സ്വർണക്കടത്ത് മുതൽ മയക്കുമരുന്ന് ഇടപാടുകളിൽ വരെ ആരോപണമുയരുന്നുണ്ടെന്ന് വാക്കൗട്ടിനു മുൻപ് സതീശൻ പറഞ്ഞു.

സി.പി.എമ്മിന് ജീർണത ബാധിച്ചെന്ന് തങ്ങൾ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞതായി സതീശൻ പിന്നീട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മനുവിന് പൊലീസ് സംരക്ഷണം

മനുവിന്റെ വീടിനും വ്യാപാരസ്ഥാപനങ്ങൾക്കുമുൾപ്പെടെ പൊലീസ് സംരക്ഷണം ഏ‌ർപ്പെടുത്തി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണിത്. പി. ജയരാജനും മകനുമെതിരെ ആരോപണമുന്നയിച്ചതിനു പിന്നാലെ, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയടക്കം ഭീഷണി സന്ദേശമയച്ചിരുന്നു. ആക്രമണ സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ റിപ്പോർട്ടും പൊലീസിന് കിട്ടി. തനിക്ക് പൊലീസ് സുരക്ഷ വേണ്ടെന്ന് മനു പറഞ്ഞു. മനുവിനെ കണ്ണൂർ ഡി.സി.സി പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button