ജീവനക്കാർ അഡ്മി.ട്രൈബ്യൂണലിനെ സമീപിക്കുന്നതിന് നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് സർവീസ് സംബന്ധമായ പരാതിയുമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുന്നതിന് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. വകുപ്പിലെ ബന്ധപ്പെട്ട മേധാവിക്ക് പരാതി നൽകി ആറു മാസം കഴിഞ്ഞേ ട്രിബ്യൂണലിൽ പരാതി നൽകാൻ പാടുള്ളൂ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് കഴിഞ്ഞ 24 ന് പുറപ്പെടുവിച്ച സർക്കുലറിലാണ് ഈ നിർദ്ദേശം.
സ്ഥലംമാറ്റം, സസ്പെൻഷൻ, പ്രൊമോഷൻ തടസപ്പെടൽ, കാരണം കാണിക്കൽ തുടങ്ങിയ നടപടികളിൽ പരാതിയുള്ളപ്പോഴാണ് ജീവനക്കാർ ട്രൈബ്യൂണലിനെ സമീപിക്കുന്നത്. ഡിപ്പാർട്ട്മെന്റിന് രേഖാമൂലം പരാതി നൽകിയശേഷം ട്രൈബ്യൂണലിനെ സമീപിക്കുന്നതാണ് നിലവിലെ രീതി.പുതിയ സർക്കുലർ പ്രകാരം വകുപ്പുതലത്തിൽ നൽകുന്ന പരാതിയിൽ തീരുമാനം വന്നശേഷമോ, പരാതി നൽകി ആറുമാസം കഴിഞ്ഞോ മാത്രമേ ട്രൈബ്യൂണലിനെ സമീപിക്കാൻ സാധിക്കൂ.
രാഷ്ട്രീയ കാരണങ്ങളാലോ ,നീതിയുക്തമല്ലാത്ത മറ്റുകാരണങ്ങളാലോ പെട്ടെന്ന് സ്ഥലംമാറ്റമുണ്ടായാൽ നിലവിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ചോദ്യം ചെയ്യാം. പുതിയ സർക്കുലർ നടപ്പാവുമ്പോൾ വകുപ്പ് മേധാവിക്ക് പരാതി നൽകണം. അവിടെ പരാതി ആറു മാസം വരെ വേണമെങ്കിൽ പിടിച്ചുവയ്ക്കാം. മാർഗനിർദ്ദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഭരണവകുപ്പ് സെക്രട്ടറിമാരോ, വകുപ്പ് തലവന്മാരോ ഉറപ്പാക്കണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.
Source link