തിരുവനന്തപുരം വിമാനത്താവളം കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ വികസിക്കും, അദാനി ഇറക്കുന്നത് 1.75 ലക്ഷം കോടി
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം ഉൾപ്പടെ തങ്ങളുടെ കൈവശമുള്ള വിമാനത്താവളങ്ങളിൽ വൻ വികസന പദ്ധതികൾ നടപ്പാക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്. അടുത്ത പത്തുവർഷത്തിനുള്ളിൽ 1.75 ലക്ഷം കോടി രൂപയാണ് ആറ് വിമാനത്താവളങ്ങളുടെ വികസനത്തിനായി വിനിയോഗിക്കാൻ പദ്ധതിയിടുന്നുവെന്ന് അദാനി ഗ്രൂപ്പിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജുഗേഷിന്ദർ സിംഗ് പറഞ്ഞു. അദാനി എയർപ്പോർട്ട് ഹോൾഡിംഗ്‌സ് ആണ് ഇതിനായുളള നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നത്.
അദാനി ഗ്രൂപ്പിന് കീഴിൽ മുംബയ്, ലക്നൗ, അഹമ്മദാബാദ്, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം, മംഗലാപുരം എന്നിങ്ങനെ ഏഴ് വിമാനത്താവങ്ങളാണ് ഉള്ളത്. ഇതിൽ മുംബയ്, അഹമ്മദാബാദ്, ജയ്പൂർ, ലക്നൗ, ഗുവാഹത്തി വിമാനത്താവളങ്ങളിൽ വികസനപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. 90 ഏക്കറിലാണ് ഇവിടെ വികസനപ്രവർത്തനങ്ങൾ നടത്തുന്നതെന്നാണ് റിപ്പോർട്ട്.
ഇതുവരെ വിമാനത്താവള വികസനം യാത്രക്കാരെ മാത്രമാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നോൺ- എയ്റോ വരുമാനം കൂട്ടാനായി ഇനിമുതൽ യാത്രക്കാരല്ലാത്തവരെക്കൂടി ലക്ഷ്യമിട്ടുള്ള പദ്ധതികളായിരിക്കും നടപ്പാക്കുക എന്നാണ് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. പല വിമാനത്താവളങ്ങളിലും ഇതിനുള്ള നടപടികൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്.
വിമാനത്താവളങ്ങളിലെ നോൺ- എയ്റോ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ എഴുപത്തഞ്ച് ശതമാനത്തോളം അധിക വരുമാനം കണ്ടെത്താനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം മുന്നിൽക്കണ്ടായിരിക്കും വികസനപ്രവത്തനങ്ങൾക്കുള്ള പണം മുടക്കുക. നിലവിൽ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനത്താവളങ്ങളിൽ എയ്‌റോ, നോൺ- എയ്റോ വരുമാനത്തിന്റെ അനുപാതം 75:25 എന്നനിലയിലാണ്. എന്നാൽ മുംബയ് വിമാനത്താവളത്തിൽ 50:50 എന്ന അനുപാതത്തിലാണ് ഇത്.
ഗേറ്റ്‌വേ വികസനം, പ്രാദേശിക വിപുലീകരണം, ഡിജിറ്റൽ സാങ്കേതിക വിദ്യ എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിച്ചായിരിക്കും വികസന പദ്ധതികൾ നടപ്പാക്കുന്നത്. വൻകിട ഫുഡ് ഔട്ട്‌ലെറ്റുകൾ, മുന്തിയ ഹോട്ടലുകൾ, ടെർമിനലുകൾക്ക് സമീപം പ്രിമിയം ഓഫീസ് സൗകര്യങ്ങൾ, എന്നിയാണ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്. വരുമാനം നേടാനുള്ള പദ്ധതികളുടെ വൈവിധ്യവൽക്കരണവും പൊതു-സ്വകാര്യ പങ്കാളിത്ത മോഡലിനുള്ള കേന്ദ്രസർക്കാരിന്റെ പിന്തുണയും ഇന്ത്യൻ വ്യോമയാന വിപണിയിൽ ഒരു കുതിച്ചുചാട്ടത്തിന് ഇടയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ലോകത്തിലെ മൂന്നാമത്തെ വ്യോമയാന വിപണിയാണ് ഇന്ത്യ.
തിരുവനന്തപുരം വിമാനത്താവള, വിഴിഞ്ഞം തുറമുഖം തുടങ്ങിയ ഉൾപ്പടെയുളള പദ്ധതികളിൽ അധിക നിക്ഷേപം നടത്തി വൻ വികസനത്തിന് അദാനി ഗ്രൂപ്പ് തയ്യാറെടുക്കുന്നു എന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
Source link