വത്തിക്കാൻ പൂർണമായും സൗരോർജത്തിലേക്ക്
വത്തിക്കാൻ സിറ്റി: വത്തിക്കാൻ സിറ്റിയിലെ പ്രധാന വൈദ്യുതി സ്രോതസായി സൗരോർജം ഉപയോഗിക്കാനുള്ള കർമപദ്ധതി ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചു. ഇറ്റാലിയൻ സർക്കാരുമായി ചേർന്നു പദ്ധതി നടപ്പാക്കാൻ വത്തിക്കാനിലെ ബന്ധപ്പെട്ട വിഭാഗത്തിന് മാർപാപ്പ നിർദേശം നൽകി. റോമിനു പുറത്ത് സ്ഥിതിചെയ്യുന്ന വത്തിക്കാൻ സിറ്റിയുടെ ഭാഗമായ സാന്താമരിയ ഡി ഗലേറിയയിലെ ഭൂമിയായിരിക്കും സൗരോർജ ഉത്പാദനത്തിനായി ഉപയോഗപ്പെടുത്തുക. അന്തരീക്ഷത്തിലേക്കുള്ള വാതക പുറംതള്ളൽ കുറയ്ക്കുന്ന സുസ്ഥിര വികസന മാതൃകയിലേക്ക് നാം മാറേണ്ടതുണ്ടെന്ന് മാർപാപ്പ നേരത്തെതന്നെ ലോകത്തെ പലകുറി ഉദ്ബോധിപ്പിച്ചിരുന്നു. പ്രമുഖ കാർ നിർമാണ കന്പനിയായ വോക്സ്വാഗണുമായി സഹകരിച്ച് വത്തിക്കാനിൽ ഇലക്ട്രിക് കാറുകൾ മാത്രം ഉപയോഗിക്കാനുള്ള പദ്ധതിക്ക് ഫ്രാൻസിസ് മാർപാപ്പ തുടക്കമിട്ടിട്ടുണ്ട്. ഹരിതവാതക സംസ്കാരം സ്വീകരിക്കണമെന്ന് രാജ്യാന്തര സമൂഹത്തോട് ആഹ്വാനം ചെയ്ത ബനഡിക്ട് പതിനാറാമൻ മാർപാപ്പ തന്റെ ഭരണകാലത്ത് വത്തിക്കാനിലെ പോൾ ആറാമൻ ഹാളിന്റെ മട്ടുപ്പാവിൽ 2,400 സൗരോർജ പാനലുകൾ സ്ഥാപിച്ചിരുന്നു.
Source link