സംസ്ഥാനത്ത് മഴ അതിശക്തമാകുന്നു; രണ്ട് ജില്ലക്കാർക്ക് ആശ്വാസം, നാളെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ കണ്ണൂർ, വയനാട് ജില്ലകളിൽ മാത്രമായിരുന്നു ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും യെല്ലോ അലർട്ടാണ്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. എന്നാൽ, പരീക്ഷകൾക്ക് മാറ്റം വരുത്തിയിട്ടില്ല. ഇന്നലെ മഴക്കെടുതിയിൽ നിരവധിപേരാണ് മരിച്ചത്. മൂന്ന് ദിവസം കൂടി കാലവർഷം ശക്തമായി തുടരുമെന്നാണ് പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ തീരപ്രദേശത്ത് പ്രത്യേക ജാഗ്രത വേണമെന്ന് നിർദേശമുണ്ട്. പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ജാഗ്രത നിർദേശങ്ങൾ
1. കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
3. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
Source link