കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂൾ ഉദ്ഘാടനം ചെയ്തു റോഡ് സുരക്ഷയുടെ കാര്യത്തിൽ സംസ്ഥാനം മാതൃക സൃഷ്ടിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: വാഹനമോടിക്കുന്നതിന് കൃത്യമായ പരിശീലനം നൽകി റോഡ് സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയാകുംവിധം സംസ്ഥാനത്തെ മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഡ്രൈവിംഗ് പരിശീലനത്തിലെയും പരീക്ഷകളിലെയും ന്യൂനതകൾ പരിഹരിക്കാനാണ് ഡ്രൈവിംഗ് ടെസ്റ്റ് സമ്പ്രദായത്തിൽ പരിഷ്‌കാരങ്ങൾ വരുത്തിയത്. ഏത് പരിഷ്‌കാരം നടപ്പാക്കുമ്പോഴും ചില എതിർപ്പുകൾ സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹെവി പരിശീലനത്തിനൊഴികെ മറ്റെല്ലാത്തിനും പുതിയ വാഹനങ്ങളാണ് കെ.എസ്.ആർ.ടി.സി ഡ്രൈവിംഗ് സ്‌കൂൾ ഉപയോഗിക്കുക. സ്വകാര്യ സ്ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കാണ് പരിശീലന ഫീസായി ഈടാക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.ബി. ഗണേശ്കുമാർ അദ്ധ്യക്ഷത വഹിച്ചു.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. കൗൺസിലർ ഡി.ജി. കുമാരൻ, കെ.എസ്.ആർ.ടി.സി സി.എം.ഡി പി.എസ്. പ്രമോജ് ശങ്കർ, ഫിനാൻസ് ഓഫീസർ എ.ഷാജി, ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പൽ സലീംകുമാർ എന്നിവർ സംസാരിച്ചു.
Source link