കുടുംബത്തിന്റെ ‘സ്പെഷൽ ചൈൽഡ്’: ആരും മാറ്റി നിർത്തിയില്ല സാപ്പിയെ
കുടുംബത്തിന്റെ ‘സ്പെഷൽ ചൈൽഡ്’: ആരും മാറ്റി നിർത്തിയില്ല സാപ്പിയെ | actor-sidhique-son-demise-news
കുടുംബത്തിന്റെ ‘സ്പെഷൽ ചൈൽഡ്’: ആരും മാറ്റി നിർത്തിയില്ല സാപ്പിയെ
മനോരമ ലേഖിക
Published: June 27 , 2024 12:12 PM IST
1 minute Read
സിനിമാതാരങ്ങളുടെ ജീവിതവും കുടുംബവുമെല്ലാം അവരുടെ ജോലി പോലെ തന്നെ എപ്പോഴും വെള്ളിവെളിച്ചത്തിലാണ്. അവരുടെ കുടുംബത്തിലെ ഓരോ സന്തോഷവും സങ്കടവും അവരെ സ്നേഹിക്കുന്നവരുടേതു കൂടിയാണ്. നടൻ സിദ്ദീഖിന്റെ മൂത്ത മകൻ റാഷിന്റെ വേർപാട് ആ കുടുംബത്തിനൊപ്പം അവർക്കു ചുറ്റുമുള്ളവരുടെ കൂടി വേദനയാകുന്നതും ഇതു കൊണ്ടാണ്.
സമപ്രായക്കാരായ കുട്ടികളെ പോലെ ആയിരുന്നില്ല റാഷിൻ. മറ്റു കുട്ടികളെപ്പോലെ അല്ല അവൻ പെരുമാറിയിരുന്നതെങ്കിലും ലോകത്തിലെ മുഴുവൻ സ്നേഹവും കൊടുത്താണ് ആ ‘സ്‌പെഷ്യൽ ചൈൽഡിനെ’ കുടുംബം വളർത്തിയത്. ‘സ്പെഷൽ ചൈൽഡ്’ എന്ന് അവനെ വിശേഷിപ്പിച്ചത് സിദ്ദീഖ് തന്നെയാണ്. കാലത്തിന്റെ മാറ്റങ്ങളെ മുഴുവനായി മനസിലായില്ലെങ്കിലും ‘സാപ്പീ’ എന്ന വിളിക്കപ്പുറം ഇന്നലെവരെ റാഷിൻ ഉണ്ടായിരുന്നു.
ആദ്യ ഭാര്യയുടെ മരണത്തിനുശേഷം സിനിമയിൽ അഭിനയിക്കാൻ പോലുമാകാതെ തളർന്നിരുന്നു സിദ്ദീഖ്. പിന്നീട് ഒരു ബോംബെ യാത്രയിൽ മോഹൻലാലാണ് ജീവിതത്തെക്കുറിച്ചു സിദ്ദീഖിനോട് സംസാരിക്കുന്നത്. തന്റെ കുട്ടികൾക്ക് അമ്മ വേണമെന്നും ജീവിതത്തിൽ തുണ വേണമെന്നുമെല്ലാം സിദ്ദീഖിനെക്കൊണ്ട് തോന്നിപ്പിച്ചത് ആ യാത്രയായിരുന്നു. പിന്നീട് ആ കുടുംബത്തിലേക്ക് ‘പുതിയ ഉമ്മ’ വന്നു. സാപ്പിക്കും ഷഹീനും അനിയത്തിയുണ്ടായതിനു ശേഷം സന്തോഷം മൂന്നിരട്ടിയായി. സാപ്പിയുടെ സന്തോഷങ്ങളിൽ ഒന്നായിരുന്നു അവന്റെ സഹോദരങ്ങൾ. വീട്ടിലെ മൂത്ത കുട്ടി സാപ്പിയായിരുന്നെങ്കിലും അനുജനും അനുജത്തിക്കും സാപ്പിയായിരുന്നു കുഞ്ഞനിയൻ. ചേട്ടന്റെ പിറന്നാളാഘോഷവേളയിൽ ഷഹീൻ ഇട്ട കുറിപ്പിൽ ‘ദിവസം ചെല്ലും തോറും പ്രായം കുറയുന്ന സാപ്പി’ എന്നാണ് പറഞ്ഞിരിക്കുന്നതു പോലും.
സാപ്പിയെ ആരും എവിടെയും മാറ്റി നിർത്തിയില്ല. ഉപ്പയുടെ പുന്നാരക്കുട്ടിയായിരുന്നു സാപ്പി. ഷഹീൻ വിവാഹം കഴിച്ചപ്പോൾ വീട്ടിലേക്കുവന്ന അമൃതയും സാപ്പിക്ക് കുഞ്ഞനുജത്തിയായി. അവർ പങ്കുവച്ച ഓരോ സന്തോഷചിത്രങ്ങളിലും ഷഹീന്റെ ഭാര്യ അമൃതയുടെ കൈ ചുറ്റിപിടിച്ചു വാത്സല്യത്തോടെ നിൽക്കുന്ന സാപ്പിയെ കാണാമായിരുന്നു. ഏതൊരു ആഘോഷം മാറ്റിവച്ചാലും സാപ്പിയുടെ പിറന്നാൾ വലിയതോതിൽ ആഘോഷിക്കുമായിരുന്നു ആ കുടുംബം. വീട്ടിലേക്ക് അടുത്തിടെ ഒരു പുതിയ കാർ വാങ്ങിയപ്പോൾ അതിന്റെ താക്കോൽ പോലും വാങ്ങിയത് സാപ്പിയായിരുന്നു. അവന്റെ സന്തോഷങ്ങളായിരുന്നു വീടിന്റെ ഐശ്വര്യം.
സാപ്പി വിട വാങ്ങുമ്പോൾ നേരിട്ട് പരിചയമില്ലാത്തവർ പോലും സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ വേദന പങ്കു വയ്ക്കുന്നത് അവനെ അവന്റെ കുടുംബം എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന് അറിയാവുന്നതു കൊണ്ടാണ്. അവന്റെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യതയും വേദനയും മറികടക്കാൻ ആ കുടുംബത്തെ പ്രാപ്തമാക്കുന്നതും ഒരുപക്ഷേ ഇൗ പ്രാർഥനകളാകാം.
English Summary:
This is why the death of actor Siddique’s elder son Rash is a pain for the family as well as those around them.
20297n2d4hhhc8danuf1055gg2 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-siddique
Source link