അർജന്റീന കോപ്പ അമേരിക്ക ക്വാർട്ടറിൽ
ന്യൂജഴ്സി (യുഎസ്എ): കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീന ക്വാർട്ടറിൽ. ലൗതാരൊ മാർട്ടിനെസ് 88-ാം മിനിറ്റിൽ നേടിയ ഗോളിൽ 1-0ന് ചിലിയെ തോൽപ്പിച്ചാണ് അർജന്റീന ക്വാർട്ടർ ബെർത്ത് ഉറപ്പിച്ചത്. ഗ്രൂപ്പ് എയിൽ രണ്ടു മത്സരങ്ങളിൽനിന്ന് ആറു പോയിന്റാണ് അർജന്റീനയ്ക്ക്. നിലവിലെ ചാന്പ്യന്മാരാണ് ലയണൽ മെസി നയിക്കുന്ന അർജന്റീന. 2024 കോപ്പ അമേരിക്കയിൽ ലൗതാരൊ മാർട്ടിനെസിന്റെ രണ്ടാം ഗോളാണ്. കാനഡയ്ക്കെതിരേ അർജന്റീന 2-0നു ജയിച്ചപ്പോഴും ലൗതാരൊ മാർട്ടിനെസ് ഗോൾ നേടിയിരുന്നു. 88-ാം മിനിറ്റിലായിരുന്നു ലൗതാരൊ മാർട്ടിനെസിന്റെ ആ ഗോളും. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഒരേ സമയത്ത് ഗോൾ നേടുക എന്ന അപൂർവതയാണ് ലൗതാരൊ മാർട്ടിനെസ് കാഴ്ചവച്ചത്. രണ്ട് മത്സരത്തിലും പകരക്കാരുടെ ബെഞ്ചിൽനിന്നായിരുന്നു ലൗതാരൊ എത്തിയതെന്നതും ശ്രദ്ധേയം. മെസിക്കു വിശ്രമം ചിലിക്കെതിരേ ലയണൽ മെസിയുടെ കോർണർ കിക്കിനുശേഷം റീബൗണ്ടായി ലഭിച്ച പന്തായിരുന്നു ലൗതാരൊ മാർട്ടിനെസ് വലയിലാക്കിയത്. ആദ്യ പകുതിയിൽ മെസിയുടെ ഷോട്ട് പോസ്റ്റിൽ ഇടിച്ചുതെറിച്ചിരുന്നു. പെറുവാണ് ഗ്രൂപ്പ് എയിൽ അർജന്റീനയുടെ അടുത്ത എതിരാളികൾ. ഇന്ത്യൻ സമയം ഞായർ രാവിലെ 5.30നാണ് ഈ മത്സരം. ക്വാർട്ടർ ഉറപ്പിച്ച അർജന്റീനയ്ക്കുവേണ്ടി പെറുവിനെതിരേ മെസി ഇറങ്ങിയേക്കില്ലെന്നാണ് സൂചന. ക്വാർട്ടറിനു മുൻപ് മെസിക്ക് വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
Source link