ചരിത്ര ഫൈനലിന് അഫ്ഗാൻ, ദക്ഷിണാഫ്രിക്ക
സാൻ ഫെർണാണ്ടോ: ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ചരിത്രം കുറിക്കാനായി അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും നേർക്കുനേർ. ഇന്നു നടക്കുന്ന ആദ്യ സെമി ഫൈനലിൽ ഇരുടീമും ഏറ്റുമുട്ടും. ഇന്ത്യൻ സമയം രാവിലെ ആറിനാണ് മത്സരം. ഐസിസി ടൂർണമെന്റ് ചരിത്രത്തിൽ ഇതാദ്യമായാണ് അഫ്ഗാനിസ്ഥാൻ സെമിയിൽ പ്രവേശിക്കുന്നത്. സൂപ്പർ എട്ടിൽ ഓസ്ട്രേലിയയെ പിന്തള്ളിയാണ് അഫ്ഗാനിസ്ഥാൻ സെമി ടിക്കറ്റ് കരസ്ഥമാക്കിയത് എന്നതാണ് ശ്രദ്ധേയം. 2009, 2014 വർഷങ്ങളിലും ദക്ഷിണാഫ്രിക്ക സെമിയിൽ കളിച്ചിട്ടുണ്ട്. സെമിക്ക് അപ്പുറത്തേക്ക് ദക്ഷിണാഫ്രിക്ക മുന്നേറില്ല എന്ന ചരിത്രം തിരുത്തുകയാണ് എയ്ഡൻ മാർക്രം നയിക്കുന്ന; ക്വിന്റണ്‍ ഡികോക്ക്, ഡേവിഡ് മില്ലർ, ഹെൻറിച്ച് ക്ലാസൻ തുടങ്ങിയവർ അണിനിരക്കുന്ന ടീമിന്റെ ലക്ഷ്യം. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല. പ്രോട്ടീസിന്റെ അപരാജിത കുതിപ്പിന് അഫ്ഗാനിസ്ഥാനു തടയിടാൻ സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ലോകകപ്പിൽ റണ്‍ വേട്ടയിലും വിക്കറ്റ് കൊയ്ത്തിലും അഫ്ഗാനിസ്ഥാൻ താരങ്ങളാണ് ഒന്നാം സ്ഥാനത്ത് എന്നതും ശ്രദ്ധേയം. റണ്‍ വേട്ടയിൽ റഹ്മനുള്ള ഗുർബാസും (281) വിക്കറ്റ് കൊയ്ത്തിൽ ഫസർഹഖ് ഫാറൂഖിയുമാണ് (16) ഒന്നാമത്. രണ്ട് പട്ടികയിലും അഫ്ഗാൻ താരങ്ങളായ ഇബ്രാഹിം സദ്രാനും (229 റണ്‍സ്) റഷീദ് ഖാനും (14 വിക്കറ്റ്) മൂന്നാം സ്ഥാനത്തുണ്ടെന്നതും ശ്രദ്ധേയം.
Source link