KERALAMLATEST NEWS

കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കണ്ണൂർ: പാനൂർ ചെണ്ടയാട് ബോംബ് സ്ഫോടനം. കണ്ടോത്തുംചാൽ വലിയറമ്പത്ത് മുക്കിൽ ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് ഉഗ്രസ്ഫോടനം നടന്നത്. റോഡിന്റെ നടുവിൽ കെട്ട് ബോംബ് എറിഞ്ഞ് ഭീതി പരത്തുകയായിരുന്നു.

മാസങ്ങൾക്ക് മുൻപ് കണ്ടോത്തുംചാൽ നടേമ്മൽ കനാൽ പരിസരത്ത് വീട്ടമ്മയുടെ വീടിന്റെ മതിലിൽ രണ്ട് പ്രാവശ്യം ബോംബ് ഏറ് നടന്നിരുന്നു. ഈ കേസിൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനിടെയാണ് തൊട്ടടുത്ത പ്രദേശത്ത് പകൽ സമയത്ത് സ്ഫോടനം നടന്നത്.

സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്ന് പുത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ. പി വിജീഷ് ആവശ്യപ്പെട്ടു. ജെ.ബി.എം ജില്ല ചെയർമാൻ സി വി എ ജലീൽ, മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറി ടി പി മുസ്തഫ തുടങ്ങിയവർ സംഭവ സ്ഥലം സന്ദർശിച്ചു. പാനൂർ സി ഐ, എസ് എച്ച് ഒ എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

കണ്ണൂർ കൂത്തുപറമ്പിൽ കഴിഞ്ഞദിവസം രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. കിണറ്റിന്റവിട ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ പൊലീസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ നിർവീര്യമാക്കി. എരഞ്ഞോളിയിൽ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു തെരച്ചിൽ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഓരോ സ്റ്റേഷൻ പരിധിയിലെയും ആളൊഴിഞ്ഞ വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിൽ പരിശോധന നടന്നു. കൂത്തുപറമ്പ്, തലശേരി, മാഹി, മട്ടന്നൂർ എന്നിവിടങ്ങളിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുൾപ്പെടെ അഞ്ച് ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


Source link

Related Articles

Back to top button