KERALAMLATEST NEWS

കെ.രാധാകൃഷ്ണനോടുള്ള ആദരവ് ചിത്രമാക്കി ദിവ്യ എസ്. അയ്യർ

തിരുവനന്തപുരം: ‘ആ ചിത്രം എനിക്ക് അദ്ദേഹത്തോടുള്ള ആദരവ് വിളിച്ചു പറയാൻ വേണ്ടിയാണ്. ചുരുക്കം ചിലരോട് മാത്രം തോന്നുന്ന ആദരവ്”.മുൻ മന്ത്രിയും നിയുക്ത എം.പിയുമായ രാധാകൃഷ്ണനെ സ്നേഹാദരവോടെ കെട്ടിപ്പിടിക്കുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നതിന് ദിവ്യ എസ്. അയ്യരുടെ മറുപടിയായിരുന്നു ഇത്.

കെ.രാധാകൃഷ്ണൻ മന്ത്രിസ്ഥാനം ഒഴി‌ഞ്ഞ ദിവസമായിരുന്നു ദിവ്യ ചിത്രം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഒറ്റ ദിവസംകൊണ്ട് പതിനായിരത്തിലേറപ്പേരുടെ ലൈക്ക്. പിന്നെ മറ്റ് സമൂഹ മാദ്ധ്യമങ്ങളിലേക്ക് ചിത്രം പറന്നു. പത്തനംതിട്ട ജില്ലാ കളക്ടർ പദവി ഒഴിയേണ്ടിവന്നപ്പോൾ നൽകിയ യാത്ര അയപ്പിനിടെ എടുത്ത ചിത്രമാണ് ദിവ്യ പോസ്റ്റു ചെയ്തത്. ”ജില്ലാകളക്ടറായിരിക്കെ പത്തനംതിട്ടയിലെ ആദിവാസി ഊരുകളിൽ ഞാനും മന്ത്രിയും പോയിട്ടുണ്ട്. അവരുടെ ക്ഷേമത്തിനു വേണ്ടി അവരിലൊരാളായി അദ്ദേഹം നിലകൊള്ളുമ്പോൾ എനിക്ക് ബഹുമാനം തോന്നിയിട്ടുണ്ട്. പാവപ്പെട്ടവരുടെ സങ്കടം കണ്ടാൽ അദ്ദേഹത്തിനു പെട്ടെന്ന് മനസിലാകും. അതനുസരിച്ച് പ്രവർത്തിക്കും. എന്നെപ്പോലെയുള്ളവർക്ക് അത് നൽകുന്ന ഊർജ്ജം ചെറുതല്ല”- ദിവ്യ പറഞ്ഞു. അന്ന് ഭർത്താവ് ശബരിനാഥും ദിവ്യയുടെ മാതാപിതാക്കളും കളക്ടറുടെ വസതിയിലുണ്ടായിരുന്നു. എല്ലാവരും രാധാകൃഷ്ണനൊപ്പം നിൽക്കുന്ന ഫോട്ടോയും ദിവ്യ പോസ്റ്റു ചെയ്തു.

ചിത്രം കണ്ട് ഒരുപാട് പേർ വിളിച്ചിരുന്നു. ഏറെയും സത്രീകളായിരുന്നു. 20ന് ഞാൻ അദ്ദേഹത്തിന്റെ വസതിയിൽ ചെല്ലുമ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കളെല്ലാമുണ്ടായിരുന്നു.- ദിവ്യ പറഞ്ഞു.

ദിവ്യ പോസ്റ്റു ചെയ്ത ചിത്രം ഷെയർ ചെയ്തുകൊണ്ട് എഴുത്തുകാരി ലക്ഷ്മി രാജീവ് കുറിച്ചതിങ്ങനെ: ”സ്ത്രീയാണ് എന്ന പരിമിതിയിൽ മറ്റൊരു മനുഷ്യനെ കെട്ടിപ്പിടിക്കേണ്ട സന്ദർഭങ്ങളിൽ വെറുതെ നോക്കി നിന്നിട്ടുണ്ട്. ഈനാട്ടിൽ മാത്രം. അവസാനം ബോഗൈൻവില്ല പൂക്കൾക്കരികിൽ അച്ഛനെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞത് ഓർമ്മ വന്നു. ദിവ്യ എസ്.ആയ്യർ
ഇന്ന് നിങ്ങളെ ചേർത്ത് പിടിക്കാതിരിക്കാൻ ആകുന്നില്ല. സ്നേഹം”


Source link

Related Articles

Back to top button