KERALAMLATEST NEWS

അന്ന് അമ്മയെ ഉയർത്തി, ഇന്ന് പവർ ലിഫ്റ്റിംഗ് ദേശീയ മെഡൽ ക്യാൻസർ നോവകറ്റാൻ അച്ഛന് അതുലിന്റെ സമ്മാനം

അതുൽ

തിരുവനന്തപുരം: ‘അമ്മയെന്നാൽ ദൈവമല്ലേ, ദൈവത്തെ എടുത്തുയർത്തുമ്പോൾ വീഴുമെന്ന് പേടിക്കേണ്ടല്ലോ..’ രാജസ്ഥാനിൽ നടന്ന ദേശീയ സബ് ജൂനിയർ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡലുമായി അതുൽകൃഷ്ണ ക്യാൻസർ ബാധിതനായ അച്ഛന്റെ മുന്നിലെത്തിയപ്പോൾ ഓർത്തത് ആ വാക്കുകളായിരുന്നു.

അതുൽ എട്ടാം വയസുമുതൽ അമ്മയെ എടുത്തുയർത്തുമായിരുന്നു. അപ്പോഴെല്ലാം അമ്മ ശകാരിച്ചെങ്കിലും അച്ഛൻ സജികുമാർ ദൈവകാര്യം പറഞ്ഞ് പ്രോത്സാഹിപ്പിച്ചു. അച്ഛന്റെ ആഗ്രഹം നിറവേറ്റാനായ സന്തോഷത്തോടെയാണ് പതിനേഴുകാരൻ അതുൽ മെഡൽനേടി തിരിച്ചെത്തിയത്.

അതുലിന് പവർലിഫ്റ്റിംഗിലുള്ള കഴിവാണ് അച്ഛൻ അന്ന് തിരിച്ചറിഞ്ഞത്. സാമ്പത്തികപ്രതിസന്ധി കാരണം പരിശീലിപ്പിക്കാനായില്ല. അമ്മിക്കല്ലും വീട്ടിലെ ഭാരവസ്തുക്കളും ഉയർത്തുന്നത് കാണുമ്പോൾ സജി പ്രോത്സാഹിപ്പിച്ചു. ഒന്നരവർഷം മുമ്പാണ് സജിക്ക് കഴുത്തിലും നാവിലും ക്യാൻസർ സ്ഥിരീകരിച്ചത്. അതോർത്ത് തളരാതെ, ഒരുവർഷം മുമ്പ് മകനെ സെൻട്രൽ സ്റ്റേഡിയത്തിൽ പരിശീലനത്തിനയച്ചു.

ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ സ്വർണംനേടിയാണ് ദേശീയ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. 80,160,180 (കിലോഗ്രാം) എന്നീ വെയ്റ്റ്‌ബാറുകളാണ് ഉയർത്തിയത്. പരിശീലകൻ ജോസിന്റെ പിന്തുണയും ലഭിച്ചു. തൈക്കാട് ഗവ.മോഡൽ എച്ച്.എസ്.എസിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാ‌ർത്ഥിയാണ്.

സ്വപ്നം ഒരു വീട്

പാപ്പനംകോട്ട് വാടകവീട്ടിലാണ് താമസം. സ്വന്തമായി വസ്തുവില്ല. സ്വന്തംവീട് ഒരു സ്വപ്നമാണ്. പഠന,​ മത്സരച്ചെലവുകൾക്കുള്ള പണം കണ്ടെത്താനും ബുദ്ധിമുട്ടുകയാണ്. പവർലിഫ്റ്റിംഗിനുള്ള വസ്ത്രത്തിന് 20,​000 രൂപയ്ക്കുമേൽ വിലവരും. സ്വന്തംകാലിൽ നിന്ന് കുടുംബത്തെപോറ്റി ലോകം അറിയുന്ന കായികതാരമാകുകയാണ് അതുലിന്റെ മോഹം. ആർ.സി.സിയിലെ താത്കാലിക ജീവനക്കാരനാണ് സജികുമാർ. അമ്മ ബിന്ദു അങ്കണവാടി ജീവനക്കാരി. സഹോദരി നയന ഡിഗ്രി വിദ്യാർത്ഥി.

”അമ്മയെ എടുത്തപ്പോൾ അച്ഛൻ വഴക്കുപറഞ്ഞിരുന്നെങ്കിൽ ‌ഞാൻ ഭയന്ന് പിന്മാറുമായിരുന്നു. നേട്ടത്തിന്റെ അവകാശികൾ അവരാണ്.

-അതുൽ


Source link

Related Articles

Back to top button