ഓൾ ഫോർമാറ്റ് ഗ്രേറ്റസ്റ്റായി ബുംറയെ വാഴ്ത്തി ക്രിക്കറ്റ് ലോകം
ബ്രിഡ്ജ്ടൗണ്‍ (ബാർബഡോസ്): ക്രിക്കറ്റിൽ എക്കാലത്തെയും മികച്ച കളിക്കാരൻ അഥവാ ഗോട്ട് (ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) ആരെന്നു ചോദിച്ചാൽ ഉത്തരങ്ങൾ പലത്. ഓസ്ട്രേലിയയുടെ ഇതിഹാസം ഡോണ്‍ ബ്രാഡ്മാൻ, ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ എന്നിങ്ങനെ നീളും പേരുകൾ. എന്നാൽ, ചോദ്യം ഇതാണ്… ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ഫോർമാറ്റ് ബൗളർ ആരാണ്…? ഒരൊറ്റ ഉത്തരം, ജസ്പ്രീത് ബുംറ. കർട്ലി ആംബ്രോസ്, വസിം അക്രം, ഗ്ലെൻ മഗ്രാത്ത്, ഷെയ്ൻ വോണ്‍ തുടങ്ങിയവരെല്ലാം ബുംറയ്ക്കു മുന്നിൽ മാറിനിൽക്കും. ടെസ്റ്റ് ക്രിക്കറ്റിൽ 20.69 ശരാശരിയിൽ 159 വിക്കറ്റ്, ഏകദിനത്തിൽ 4.59 ഇക്കോണമിയിൽ 149 വിക്കറ്റ്, ട്വന്റി-20യിൽ 6.36 ഇക്കോണമിയിൽ 82 വിക്കറ്റും. ഈ പ്രകടനമാണ് ഓൾ ഫോർമാറ്റ് ക്രിക്കറ്റിലെ ബൗളിംഗ് ഗോട്ട് എന്ന വിശേഷണത്തിന് ബുംറയെ അർഹമാക്കുന്നത്. 2024 ഐസിസി ട്വന്റി-20 ലോകകപ്പിൽ ബുംറയുടെ മാജിക്ക് ബൗളിംഗിന്റെ അന്പരപ്പിലാണ് എതിരാളികൾ. സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ ആദ്യമത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ബുംറ എറിഞ്ഞത് 20 ഡോട്ട്ബോളാണ്. നാല് ഓവറിൽ ഒരു മെയ്ഡനും എറിഞ്ഞു. 3/7 എന്നതായിരുന്നു ബുംറയുടെ ബൗളിംഗ് ഫിഗർ. ◄നാലു ബൗണ്ടറി മാത്രം ► ഈ ട്വന്റി-20 ലോകകപ്പിൽ ബുംറ ഇതുവരെ എറിഞ്ഞത് 15 ഓവർ. അയർലൻഡിനെതിരേ മൂന്നും പാക്കിസ്ഥാൻ, യുഎസ്എ, അഫ്ഗാനിസ്ഥാൻ ടീമുകൾക്കെതിരേ നാല് ഓവർ വീതവും. അതായത് 90 പന്ത് ഇതുവരെ ബുംറ ഈ ലോകകപ്പിൽ എറിഞ്ഞു. മൂന്നു ഫോറും ഒരു സിക്സും അടക്കം നാലു തവണ മാത്രമാണ് എതിർ ബാറ്റർമാർക്ക് ബുംറയുടെ പന്ത് വേലിക്കെട്ട് കടത്താൻ ഇതുവരെ സാധിച്ചത്. അതിൽ ഒരു ഫോറും ഒരു സിക്സും അമേരിക്കയ്ക്കെതിരായ ഗ്രൂപ്പ് എ പോരാട്ടത്തിലായിരുന്നു. ആ മത്സരത്തിൽ മാത്രമാണ് ബുംറയ്ക്ക് വിക്കറ്റ് ലഭിക്കാതിരുന്നതും ഇക്കോണമി റേറ്റ് ആറിനു (6.25) മുകളിൽ പോയതും (4-0-25-0). അയർലൻഡിനെതിരേ 3-1-6-2, പാക്കിസ്ഥാനെതിരേ 4-0-14-3, അഫ്ഗാനിസ്ഥാനെതിരേ 4-1-7-3 എന്നിങ്ങനെയാണ് ബുംറയുടെ ഇതുവരെയുള്ള മാസ്മരികത. ◄ഇക്കോണമി 3.46 ► ഐസിസി 2024 ട്വന്റി-20 ലോകകപ്പിൽ ഇതുവരെയുള്ള എല്ലാ ബൗളിംഗ് പ്രകടനങ്ങളും വിലയിരുത്തിയാൽ ഏറ്റവും മികച്ച ഇക്കോണമിയുള്ള രണ്ടാമത് ബൗളറാണ് ജസ്പ്രീത് ബുംറ. ചുരുങ്ങിയത് 10 ഓവർ എറിഞ്ഞ ബൗളർമാരുടെ കണക്കാണിത്. 3.46 ആണ് ബുംറയുടെ ഇക്കോണമി. 3.00 ഇക്കോണമിയുമായി ന്യൂസിലൻഡിന്റെ ടിം സൗത്തി മാത്രമാണ് ബുംറയ്ക്കു മുന്നിലുള്ളത്. ന്യൂസിലൻഡ് താരങ്ങളായ ട്രെന്റ് ബോൾട്ട് (3.68), ലോക്കി ഫെർഗൂസണ് (4.00), പാക്കിസ്ഥാന്റെ ഇമാദ് വാസിം (4.00) എന്നിവരാണ് ഇക്കോണമിയിൽ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ള മറ്റ് ബൗളർമാർ.
Source link