റിസൾട്ട് വന്നപ്പോൾ അങ്കലാപ്പ് സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കുമായിരുന്നില്ല; മറ്റാെരുകൂട്ടർക്ക്, നഷ്ടം കണക്കാക്കാനാവാത്തത്
തൊടുപുഴ: പലരുടെയും തല മൊട്ടയായി ചിലരുടെ മീശ പാതിപോയി… അല്പംകൂടി കടന്ന് യു.ഡി.എഫിന്റെ ജാഥയിൽ അവർക്ക് സിന്ദാബാദ് വിളിക്കേണ്ടിവന്ന എൽ.ഡി.എഫുകാരുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് പന്തയം വച്ചവരിൽ ഭൂരിഭാഗവും യു.ഡി.എഫ് തരംഗത്തിൽ നിലംപൊത്തി.
ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതു മുതൽ തന്നെ സജീവമായിരുന്ന പന്തയം വെയ്പുകാർ. പ്രധാനമായും വടകര, തൃശ്ശൂർ, തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളിലെയും സ്വന്തം മണ്ഡലത്തിലെയും വിജയികളെക്കുറിച്ചുമായിരുന്നു പ്രവചനം. ഇതിൽ എൽ.ഡി.എഫിനെ പിന്തുണച്ച പന്തയം വയ്പ്പുകാരാണ് കുഴപ്പത്തിലായത്. തങ്ങളുടെ സ്ഥാനാർത്ഥികൾ തോറ്റാൽ തല മൊട്ടയടിക്കാമെന്നും മീശ പാതി വടിക്കാമെന്നും പന്തയം വച്ചവരാണ് ഏറെയും.
നിങ്ങളുടെ സ്ഥാനാർത്ഥി ജയിച്ചാൽ നിങ്ങളുടെ കൊടിയും പിടിച്ച് നിങ്ങളോടൊപ്പം വരാമെന്നും പന്തയം വച്ചവരുണ്ട്. വേറെ ചിലരുണ്ട്, എന്റെ പാർട്ടി സ്ഥാനാർത്ഥി തോറ്റാൽ ഒറ്റക്കാലിൽ ഓടാമെന്ന് പറഞ്ഞവർ. മറ്റൊരു കൂട്ടർ ഭക്ഷണ പ്രിയരാണ്. എതിരാളിയുടെ സ്ഥാനാർത്ഥി ജയിച്ചാൽ ഒരാഴ്ചത്തെ ബിരിയാണിയോ സുഭിക്ഷമായ ഭക്ഷണമോ ആണ് ഓഫർ. പന്തയത്തിൽ തോറ്റാൽ പറഞ്ഞത് പോലെ ചെയ്യേണ്ടി വരും, ഇല്ലെങ്കിൽ എതിരാളികൾ ചെയ്യിപ്പിക്കും. എന്തായാലും പ്രവചനങ്ങളെല്ലാം തെറ്റിയ തിരഞ്ഞെടുപ്പിൽ പന്തയംവയ്പ്പുകാരാണ് നാട്ടിൻപുറങ്ങളിലെ താരങ്ങൾ.
തിരഞ്ഞെടുപ്പിൽ നാടൊടുക്ക് വീശിയ യുഡിഎഫ് തരംഗത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ തോറ്റമ്പുകയായിരുന്നു. മന്ത്രി കെ രാധാകൃഷ്ണൻ മാത്രമാണ് ഇടതുമുന്നണിക്ക് ആശ്വാസം പകർന്ന് ജയിച്ചുകയറിയത്. ഇരുമുന്നണികളെയും ആശങ്കയിലാക്കി തൃശൂരിൽ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി വൻ വിജയം നേടുകയും ചെയ്തു.
Source link