തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ ആരും രാജി ചോദിച്ചുവരേണ്ട; യുഡിഎഫ് ജയിച്ചതിലല്ല വേവലാതിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ രാജി ചോദിച്ചുവരേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് ഫലത്തെ ഇടതുപക്ഷ വിരോധമായി കണക്കാക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘മോദിയെ മാറ്റിനിർത്തണമെന്നേ ജനം ചിന്തിച്ചുള്ളൂ. 2004ൽ എ കെ ആന്റണി രാജിവച്ചത് സീറ്റ് കുറഞ്ഞുകൊണ്ടല്ല, മറിച്ച് കോൺഗ്രസിലെ സംഘടനാ പ്രശ്‌നങ്ങൾ മൂലമാണ്. ഇതിനെ ഉദ്ദാഹരണമാക്കി സംസ്ഥാന സർക്കാരിന്റെ രാജി ആവശ്യപ്പെടാൻ പുറപ്പെടേണ്ട. ഞാൻ പറഞ്ഞതിൽ വസ്‌തുതയുണ്ടോയെന്ന് പരിശോധിക്കണം. അല്ലാതെ ബബ്ബബ്ബ പറയരുത്. നിങ്ങൾ ജയിച്ചതിലൊന്നും വേവലാതിയില്ല. വേവലാതിയുള്ളത് ബിജെപി എങ്ങനെ ഒരു മണ്ഡലത്തിൽ ജയിച്ചു എന്നുള്ളതിനാലാണ്. മഹാവിജയം നേടിയ യുഡിഎഫിന് എങ്ങനെ വോട്ട് കുറഞ്ഞുവെന്നും പരിശോധിക്കണം’- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പൂർണ ബഡ്ജറ്റ് പാസാക്കാനായി നിയമസഭയുടെ 28 ദിവസത്തെ സമ്മേളനം ആരംഭിച്ചിരിക്കുകയാണ്. ജൂലായ് 25ന് സമാപിക്കും. ഇന്നുമുതൽ ജൂലായ് എട്ടുവരെ 13 ദിവസം ധനാഭ്യർത്ഥനകൾ പാസ്സാക്കുന്നതിനാണ് നീക്കിവച്ചിരിക്കുന്നത്. അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കും എട്ടു ദിവസം ഗവണ്മെന്റ് കാര്യങ്ങൾക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്. 13,14,15 തീയതികളിലായി ലോക കേരള സഭയുടെ നാലാം സമ്മേളനം നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ വച്ച് നടക്കുന്നുണ്ട്. ഈ ദിവസങ്ങളിൽ നിയമസഭ ചേരില്ല.
രാഷ്ട്രീയമായി ഏറെ നിർണായകമായ തദ്ദേശവാർഡ് വിഭജനബിൽ കഴിഞ്ഞദിവസം അഞ്ച് മിനിറ്റിൽ പാസാക്കിയത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. സഭയിലവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിക്ക് വിടാനായിരുന്നു അജണ്ട. ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിന്റെ പേരിൽ പ്രതിപക്ഷം നിയമസഭയിൽ ബഹളമുണ്ടാക്കവേ, ബിൽ ചർച്ചയില്ലാതെയും സബ്ജക്ട് കമ്മിറ്റിക്ക് വിടാതെയും പാസാക്കുന്നതാണെന്ന് സ്പീക്കർ എ.എൻ.ഷംസീർ അറിയിക്കുകയായിരുന്നു. തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ് ബിൽ അവതരിപ്പിക്കുകയും ശബ്ദവോട്ടോടെ പാസാക്കുകയും ചെയ്തു. സ്പീക്കറുടെ നടപടിയിൽ എതിർപ്പറിയിച്ച് കത്ത് നൽകിയതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു.
Source link