ഫ്രാൻസിൽ യഹൂദ ബാലിക മാനഭംഗത്തിനിരയായി
പാരീസ്: ഫ്രഞ്ച് വിദ്യാലയങ്ങൾ യഹൂദവിരുദ്ധതയുടെ ഉറവിടമാകുന്നതായി പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. വടക്കുപടിഞ്ഞാറൻ പാരീസിൽ 12 വയസുള്ള യഹൂദ ബാലിക മാനഭംഗത്തിനിരയായ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ശനിയാഴ്ച സുഹൃത്തിനൊപ്പം പാർക്കിൽ ഇരിക്കുകയായിരുന്ന ബാലികയെ സമപ്രായത്തിലുള്ള മൂന്ന് ആൺകുട്ടികൾ ആളൊഴിഞ്ഞ സ്ഥലത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി വംശീയാധിക്ഷേപങ്ങൾ ചൊരിഞ്ഞശേഷം മാനഭംഗത്തിനിരയാക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. പ്രതികളിലൊരാളെ അറിയാമെന്നു പെൺകുട്ടി പോലീസിനെ അറിയിച്ചു. മൂന്നു പ്രതികളും തിങ്കളാഴ്ച അറസ്റ്റിലായി. വംശീയവിദ്വേഷം, കൂട്ടമാനഭംഗം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച ഫ്രാൻസിന്റെ വിവിധ ഭാഗങ്ങളിൽ യഹൂദവിരുദ്ധതയ്ക്കെതിരേ പ്രകടനങ്ങൾ നടന്നു. വംശീയവിദ്വേഷം പ്രചരിക്കുന്നതു തടയാൻ സ്കൂളുകളിൽ വരുംദിവസങ്ങളിൽ സംവാദങ്ങൾ നടത്താൻ പ്രസിഡന്റ് മക്രോൺ നിർദേശിച്ചു.
Source link