കൊൽക്കത്ത ട്രെയിൻ അപകടം, ബംഗാൾ ഗവർണർ ആനന്ദ ബോസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു
കൊൽക്കത്ത: ബംഗാളിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻഅപകടം നടന്ന ന്യൂജൽപായ്ഗുരിയിൽ പരിക്കേറ്റവരെയും മരിച്ചവരുടെ ആശ്രിതരെയും ആശ്വസിപ്പിക്കുന്നതിനും രക്ഷാദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസ് വൈകുന്നേരത്തോടെ സംഭവസ്ഥലത്തെത്തി. നോർത്ത് ബംഗാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കുന്നവരെ അദ്ദേഹം കണ്ടു.
പരിക്കേറ്റവരിൽ ആറുപേരുടെ സ്ഥിതി ഗുരുതരമാണ്. 41 പേർ ആശുപതിയിൽ ചികിത്സയിലാണ്. ഡോക്ടർമാരുടെ സംഘവുമായി ചർച്ച ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തിയ ഗവർണർ ആനന്ദബോസ് ആവശ്യമെങ്കിൽ ബംഗാളിലെ മറ്റു ജില്ലകളിൽ നിന്ന് കൂടുതൽ വിദഗ്‌ദ്ധരുടെ സേവനം ലഭ്യമാക്കാമെന്ന് ഉറപ്പു നൽകി. ഗവർണർ ജൽപ്പായ്ഗുരിയിൽ ക്യാമ്പ് ചെയ്യുകയാണ്.
ജൽപായ്‌ഗുരിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇതുവരെ 15 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്. അതിനാൽ മരണസംഖ്യ ഉയരാനുള്ള സാദ്ധ്യതയാണുള്ളത്. അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ എന്ത് എന്നത് സംബന്ധിച്ച് വ്യക്തത കൈവന്നിട്ടില്ലെങ്കിലും ചരക്ക് തീവണ്ടി സിഗ്നൽ തെറ്റിച്ചെത്തിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ മൊത്തം 60 പേർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. ചരക്ക് ട്രെയിനിന്റെ ലോക്കോ പൈലറ്റ് ഉൾപ്പടെ മരിച്ചവരിൽ മൂന്നുപേർ റെയിൽവേ ജീവനക്കാരാണ്. ട്രെയിനുകളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് മിക്കവരും മരിച്ചത്.
അസമിലെ സിൽചാറിൽനിന്ന് കൊൽക്കത്തയിലെ സീൽദാഹിലേക്ക് സർവീസ് നടത്തുന്ന കാഞ്ചൻജംഗ എക്സ്പ്രസ്, തിങ്കളാഴ്ച രാവിലെ രംഗപാണി സ്റ്റേഷൻ പിന്നിട്ടതിനു പിന്നാലെയാണ് ചരക്കുവണ്ടിയുമായി കൂട്ടിയിടിച്ചത്.
Source link