KERALAMLATEST NEWS

ചരിത്രം തിരുത്തിയെഴുതി രാധാകൃഷ്ണന്റെ പടിയിറക്കം,​ കോളനികൾ ഇനി നഗ‌ർ

തിരുവനന്തപുരം:കിടപ്പാടങ്ങൾക്കുപോലും വേർതിരിവിന്റെ മേലങ്കിചാർത്തിയ കോളനി എന്ന പ്രയോഗം ദളിതരുടെ വാസമേഖലകൾക്ക് പാടില്ലെന്ന ഉത്തരവിൽ ഒപ്പുവച്ച് മന്ത്രി കെ.രാധാകൃഷ്ണൻ പടിയിറങ്ങി. തിങ്കളാഴ്ച വൈകിട്ടാണ് ഫയലിൽ ഒപ്പുവച്ചത്.

ലോക് സഭയിലേക്ക് ആലത്തൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഇന്നലെയാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് നൽകിയത്. ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. കോളനി പ്രയോഗം അഭിമാനക്ഷതമുണ്ടാക്കുന്നതായി പട്ടിക ജാതി, പട്ടിക വർഗക്കാരായ യുവാക്കൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

ഇനി മുതൽ ദളിത് മേഖലകളെ കോളനി, സങ്കേതം, ഊര് എന്നീ പേരുകളിൽ അഭിസംബോധന ചെയ്യാൻ പാടില്ല. നഗർ, ഉന്നതി, പ്രകൃതി മുതലായ പദങ്ങളോ, പ്രാദേശികമായി താത്‌പര്യമുള്ളതോ, കാലാനുസൃതമായ പേരുകളോ തിരഞ്ഞെടുക്കാം.

തർക്കങ്ങൾക്ക് ഇടയാക്കുന്നതിനാൽ വ്യക്തികളുടെ പേര് ഒഴിവാക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട് .വ്യക്തികളുടെ പേര് നൽകിയ സ്ഥലങ്ങളിൽ അത് തുടരാം. പക്ഷേ,കോളനി എന്ന വാക്ക് ഒഴിവാക്കണം. അനുയോജ്യമായത് ചേർത്ത്പുനർനാമകരണം ചെയ്യണം. പ്രദേശത്തുള്ളവരുടെ അഭിപ്രായം കൂടി പരിഗണിച്ചാവും പുനർനാമകരണമെന്ന് കെ.രാധാകൃഷ്‌ണൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘കോളനിക്കാര് എന്ന പ്രയോഗം അപകർഷതാ ബോധം സൃഷ്‌ടിക്കുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. അടിമത്തത്തെയും മേലാളൻമാരുടെ ആധിപത്യത്തെയും സൂചിപ്പിക്കുന്നതാണ് ആ വാക്ക്’

-കെ.രാധാകൃഷ്ണൻ,

സ്ഥാനമൊഴിയുന്ന മന്ത്രി


Source link

Related Articles

Back to top button