കേരള സർവകലാശാല ബിരുദ പ്രവേശനം: രണ്ടാം അലോട്ട്മെന്റായി
തിരുവനന്തപുരം: കേരള സർവകലാശാല ബിരുദ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്മെന്റ് https://admissions.keralauniversity.ac.in ൽ. അപേക്ഷാ നമ്പറും പാസ് വേർഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ഓൺലൈനായി അടയ്ക്കണം. ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ച് ഫീസടച്ചവർ വീണ്ടും ഫീസടയ്ക്കേണ്ടതില്ല. അലോട്ട്മെന്റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജുകളിൽ പ്രവേശനം നേടണം. അല്ലാത്തവരെ മൂന്നാം അലോട്ട്മെന്റിലേക്ക് പരിഗണിക്കില്ല. www.abc.gov.in വെബ്സൈറ്റിൽ നിന്ന് അപാർ ഐ.ഡി ജനറേറ്റ് ചെയ്യണം.
ജോസ മോക്ക് സീറ്റ് അലോട്ട്മെന്റ്
ഐ.ഐ.ടികൾ, എൻ.ഐ.ടികൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിനായി നടത്തുന്ന ജോസ കൗൺസലിംഗിന്റെ രണ്ടാം മോക്ക് സീറ്റ് അലോട്ടമെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിശദാംശങ്ങൾ josaa.nic.in ൽ. ജൂൺ 15ന് ആദ്യ മോക് സീറ്റ് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു.
പ്ലസ് വൺകാർക്ക് ഇൻഫോസിസ്
ഷിബുലാലിന്റെ സ്കോളർഷിപ്പ്
കൊച്ചി: ഇക്കൊല്ലം പ്ലസ് വണ്ണിന് ചേർന്ന വിദ്യാർത്ഥികൾക്ക് ഇൻഫോസിസ് സ്ഥാപകരിലൊരാളായ എസ്.ഡി. ഷിബുലാൽ ഏർപ്പെടുത്തിയ വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം. സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിൽ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച, വാർഷിക വരുമാനം രണ്ടു ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളാണ് സ്കോളർഷിപ്പിന് അർഹർ. ഭിന്നശേഷിക്കാർക്ക് എ ഗ്രേഡ്ആയാലും മതി.
മിടുക്കർക്ക് ഏഴുവർഷം വരെ ഉപരിപഠനം നടത്താൻ കഴിയുംവിധമാണ് വിദ്യാധൻ സ്കോളർഷിപ്പിന്റെ ഘടന. പ്ലസ് വണ്ണിലും പ്ലസ് ടുവിലും വർഷം 10000 രൂപ വീതവും ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും കോഴ്സ് ഫീസിനനുസരിച്ചുള്ള തുകയുമാണ് സ്കോളർഷിപ്പ്. മികച്ച കരിയർ ലഭ്യമാക്കാനും സഹായമുണ്ടാകും. ജൂൺ 30നകം www.vidyadhan.org/apply വഴി അപേക്ഷിക്കണം. വിവരങ്ങൾക്ക് : 96635 17131.
പഠനനിലവാരം നിലനിറുത്തുന്നവർക്ക് നാട്ടിലും വിദേശത്തും ഉന്നതപഠനത്തിന് സ്കോളർഷിപ്പ് തുടരും. ഷിബുലാലിന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി രൂപീകരിച്ച സരോജിനി ദാമോദരൻ ഫൗണ്ടേഷനാണ് പ്രതിവർഷം കേരളത്തിലെ 125 കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നത്. മറ്റ് 14 സംസ്ഥാനങ്ങളിലും വിദ്യാധൻ സ്കോളർഷിപ്പ് പ്രോഗ്രാമുണ്ട്.
താത്കാലിക അദ്ധ്യാപക ഒഴിവ്
തിരുവനന്തപുരം മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ (എം.എസ്.സി സ്കൂൾസ്) ഹയർസെക്കൻഡറി സ്കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗത്തിലേക്ക് താഴെ പറയുന്ന വിഷയങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. മാത്സ്, കെമിസ്ട്രി, സോഷ്യോളജി, ഇക്കണോമിക്സ്, സുവോളജി വിഷയങ്ങൾക്ക് 20നും സുറിയാനി, ഹിന്ദി, മലയാളം, ഇംഗ്ലീഷ്, കൊമേഴ്സ് വിഷയങ്ങളുടെ ജൂനിയർ പോസ്റ്റുകളിലേക്ക് 21നുമാണ് കൂടിക്കാഴ്ച. യോഗ്യതയുളളവർ അതതു ദിവസങ്ങളിൽ രാവിലെ 10ന് മാനേജ്മെന്റ് ഓഫീസിൽ (സമന്വയ പാസ്റ്ററൽ സെന്റർ,സെന്റ് മേരീസ് കോമ്പൗണ്ട്, പട്ടം, തിരുവനന്തപുരം, ഫോൺ - 8547701879) സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
ബാർട്ടൺഹിൽ കോളേജിൽ ഒഴിവുകൾ
തിരുവനന്തപുരം: ബാർട്ടൺഹിൽ ഗവ.എൻജിനിയറിംഗ് കോളേജിൽ കരാറടിസ്ഥാനത്തിൽ ക്ലാർക്ക് കം അക്കൗണ്ടന്റ്/ ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻ തസ്തികകളിലെ ഒഴിവുകളിൽ നിയമനം നടത്തും. ക്ലാർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ബി.കോം ആൻഡ് ടാലി, കമ്പ്യൂട്ടർ പരിജ്ഞാനം, ടൈപ്പിംഗ് സ്കിൽ, അക്കൗണ്ടിംഗ് പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായം 40. അഭിമുഖം 24ന്. ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. പ്രായം 40. അഭിമുഖം25ന്.
വാച്ച്മാൻ തസ്തികയിൽ ഏഴാം ക്ലാസ് പാസും മലയാളം എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 40. അഭിമുഖം24ന്. എല്ലാ തസ്തികകളിലേക്കും പ്രവൃത്തിപരിചയവും ഡ്രൈവിംഗ് ലൈസൻസും ഉള്ളവർക്ക് മുൻഗണനയുണ്ട്. 22നകം http://www.gecbh.ac.inൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.gecbh.ac.in, 0471-2300484.
ഗസ്റ്റ് അദ്ധ്യാപക അഭിമുഖം
തിരുവനന്തപുരം: ആറ്റിങ്ങൽ ഗവ. കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക നിയമനത്തിന് 24ന് രാവിലെ 10ന് അഭിമുഖം നടത്തും.
എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് കോഴ്സിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയുള്ളവർക്ക് 30വരെ https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ഫോൺ : 9846033001.