വിദ്യാഭ്യാസവകുപ്പ് വാഹനങ്ങൾ വാങ്ങിയത് ഉച്ചഭക്ഷണ ഭരണച്ചെലവിൽ
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് 14 ഇലക്ട്രിക് വാഹനങ്ങൾ അനെർട്ടിൽ നിന്ന്പാട്ടത്തിനെടുത്ത് ഉദ്യോഗസ്ഥർക്ക് ലഭ്യമാക്കിയത് കേന്ദ്ര മാർഗരേഖ പ്രകാരമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് അറിയിച്ചു. കുട്ടികളുടെ ഉച്ചഭക്ഷണ ഫണ്ടുകൊണ്ട് വാഹനങ്ങൾ വാങ്ങിയെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് വിശദീകരണം.
ഉച്ചഭക്ഷണ പദ്ധതിയുടെ ഭരണപരമായ ചെലവുകൾക്ക് അനുവദിച്ചിട്ടുള്ള ഫണ്ടിൽ നിന്ന് മാത്രം തുക വിനിയോഗിച്ചുകൊണ്ടാണ് വാഹനങ്ങൾ പാട്ടത്തിന് എടുത്തത്. 2009ൽ ഇതേ ഫണ്ട് വിനിയോഗിച്ചുകൊണ്ട് ജില്ലകൾക്കായി 14 ടാറ്റ സുമോ വകുപ്പ് വിലയ്ക്ക് വാങ്ങിച്ചിരുന്നു. ഈ വാഹനങ്ങളുടെ കാലാവധി മേയിൽ അവസാനിച്ചതിനെ തുടർന്നാണ് സർക്കാർ ഏജൻസിയിൽ നിന്ന്പുതിയ വാഹനങ്ങൾ പാട്ടത്തിനെടുത്തത് . ഭരണപരമായ ചെലവുകൾക്ക് അനുവദിക്കുന്ന തുക ആസ്തി വികസനത്തിന് വിനിയോഗിക്കുവാൻ പാടില്ലെന്ന വ്യവസ്ഥ പാലിച്ചുകൊണ്ടും ധന വകുപ്പിന്റെ മാർഗ നിർദേശങ്ങൾ അനുസരിച്ചുമാണ് വാഹനങ്ങൾ എടുത്തത് . 14 വാഹനങ്ങൾക്കും കൂടി ആകെ 81.14 ലക്ഷമാണ് ചെലവഴിച്ചത് .
സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി മോണിറ്റർ ചെയ്യുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കായാണ് വാഹനങ്ങൾ അനുവദിക്കുന്നത്. 12000ത്തോളം സ്‌കൂളുകളിലെ പദ്ധതികൾക്ക് മേൽനോട്ടം വഹിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന 218 റവന്യു, ജില്ലാ, വിദ്യാഭ്യാസ ജില്ലാ, ഉപജില്ലാ കാര്യാലയങ്ങൾക്ക് ആകെയുള്ളത് 14 വാഹനങ്ങളാണ്. 2009ൽ വാഹനങ്ങൾ വാങ്ങിയപ്പോഴും ആക്ഷേപം ഉയർന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
Source link