മാനസിക സമ്മർദം സഹിക്കവയ്യാതെ മാറിനിന്നു, കോട്ടയത്ത് കാണാതായ എസ് ഐ തിരിച്ചെത്തി
കോട്ടയം: രണ്ട് ദിവസമായി കാണാതായ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അയർക്കുന്നം നീറിക്കാട് കീഴാട്ട് കാലായിൽ കെ രാജേഷ് (53) തിരിച്ചെത്തി. ഇന്ന് രാവിലെ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്കാണ് രാജേഷ് മടങ്ങിയെത്തിയത്. മാനസിക സമ്മർദം കാരണം മാറി നിന്നെന്നാണ് മൊഴി.
വെള്ളിയാഴ്ച രാത്രി ഡ്യൂട്ടി കഴിഞ്ഞ് ശനിയാഴ്ച രാവിലെ വീട്ടിലേക്കെന്ന് പറഞ്ഞാണ് രാജേഷ് സ്റ്റേഷനിൽ നിന്ന് മടങ്ങിയത്. രാത്രി വൈകിയും വീട്ടിൽ എത്താതായതോടെ അദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ അയർക്കുന്നം പൊലീസിൽ പരാതി നൽകി. ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയ എസ് ഐ കാറിലാണ് പുറപ്പെട്ടത്. എന്നാൽ, മൊബൈൽ ഫോൺ ഓഫാക്കിയിരുന്നതിനാൽ ടവർ പിന്തുടർന്ന് അന്വേഷണം നടത്താനായില്ല.
ചികിത്സയിൽ കഴിയുന്ന അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി രാജേഷ് ഇടയ്ക്ക് അവധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് ജോലികളുമായി ബന്ധപ്പെട്ട് ഏറെനാൾ അവധി ലഭിച്ചിരുന്നില്ല. വോട്ടെണ്ണലിന് ശേഷം 15 ദിവസത്തെ അവധി ആവശ്യപ്പെട്ട് മേലധികാരിക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ, അധികൃതർ അവധി അനുവദിച്ചില്ല. ഇതിനെ തുടർന്ന് ദിവസങ്ങളായി ഇദ്ദേഹം മാനസിക സംഘർഷത്തിലായിരുന്നു എന്നാണ് വിവരം. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം നൽകാൻ അധികൃതർ തയ്യാറായിട്ടില്ല.
Source link