KERALAMLATEST NEWS

‘കാഫിർ’ വിവാദം: സി.പി.എം പ്രതിരോധത്തിൽ

കോഴിക്കോട്: ലോക്സഭ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വടകരയിൽ വ്യാപകമായി പ്രചരിച്ച വിവാദ ‘കാഫിർ’ സ്ക്രീൻ ഷോട്ട് മുസ്ലിംലീഗ് പ്രവർത്തകന്റേതല്ലെന്ന പൊലീസ് റിപ്പോർട്ട് വന്നതോടെ സി.പി.എം പ്രതിരോധത്തിലായി. കെ.കെ.ശൈലജയെ കാഫിറായി ചിത്രീകരിച്ച് ലീഗ് പ്രവർത്തകൻ പ്രചാരണം നടത്തുന്നെന്ന് സി.പി.എം ആരോപിക്കുകയും തെളിവെന്ന തരത്തിൽ സ്ക്രീൻ ഷോട്ട് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സി.പി.എം നേതാവും മുൻ എം.എൽ.എയുമായ കെ.കെ. ലതിക ഉൾപ്പടെയുള്ളവർ ഇത് ഷെയർ ചെയ്തിരുന്നു.

എന്നാൽ, വ്യാജ സ്ക്രീൻ ഷോട്ട് നിർമ്മിച്ചതും പ്രചരിപ്പിച്ചതും സി.പി.എം കേന്ദ്രങ്ങളാണെന്ന നിലപാടിലായിരുന്നു യു.ഡി.എഫ്. പൊലീസ് റിപ്പോർട്ട് വന്നതോടെ ഇത്

പ്രചരിപ്പിച്ച കെ.കെ.ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ആവശ്യപ്പെട്ടു. പൊലീസ് ഒത്തുകളി തുടർന്നാൽ നിയമ, രാഷ്ട്രീയ പോരാട്ടം തുടരുമെന്ന് നിയുക്ത എം.പി ഷാഫി പറമ്പിലും പറഞ്ഞു.

തന്റെ പേരിൽ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ നടപടി വേണമെന്ന് യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് ഖാസിം ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഫേസ്ബുക്ക് അധികാരികളിൽ നിന്ന് റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ യഥാർത്ഥ പ്രതികളെ അറസ്റ്റുചെയ്യാനാകൂ എന്നാണ് പൊലീസ് നിലപാട്.


Source link

Related Articles

Back to top button