രാത്രിയിലെ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുതെറിപ്പിച്ചു, ഒരാൾ പിടിയിൽ
പാലക്കാട്: തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്ഐയെ ഇടിച്ചുവീഴ്ത്തി. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്. സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിനെ കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ മകൻ അലനാണ് വാഹനമോടിച്ചിരുന്നത്. ഇയാൾ ഒളിവിലാണ്. പരിക്കേറ്റ ശശി ആശുപത്രിയിലാണ്. ഇദ്ദേഹം അപകടനില തരണംചെയ്തു എന്നാണ് റിപ്പോർട്ട്.
രാത്രിസമയത്തെ പതിവുപരിശോധനയ്ക്കിറങ്ങിയ ശശിയും സംഘവും പരുതൂർമംഗലത്ത് സംശയാസ്പദമായി വാഹനം കിടക്കുന്നത് കണ്ട് പരിശോധിക്കാനായി സമീപത്തേക്ക് വന്നപ്പോഴായിരുന്നു സംഭവം. പൊലീസിനെ കണ്ടതോടെ വാഹനം അമിത വേഗത്തിൽ ഓടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. കൈ കാണിച്ചപ്പോഴാണ് ശശിയെ ഇടിച്ചുവീഴ്ത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഇടിച്ചിട്ടു കടന്നുകളഞ്ഞ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഗ്രേഡ് എസ്ഐയുടെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയെന്നും മനഃപൂർവം വാഹനം ഇടിപ്പിക്കുകയുമായിരുന്നു എന്നാണ് തൃത്താല സിഐ പറയുന്നത്. വാഹനം കണ്ടത് ദുരൂഹസാഹചര്യത്തിലായിരുന്നുവെന്നും ഉള്ളിൽ രണ്ടുപേർ മാത്രമാണ് ഉണ്ടായിരുന്നതെന്നും സിഐ അറിയിച്ചു.
ഇരുവർക്കുമെതിരെ കൊലപാതക ശ്രമത്തിനും ജോലി തടസപ്പെടുത്തിയതിനും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഒളിവിലുള്ള പ്രതിക്കുവേണ്ടി ശക്തമായ അന്വേഷണം ആരംഭിച്ചുവെന്നും അലന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും പൊലീസ് പറഞ്ഞു. ഇവർ എന്തിനാണ് പരുതൂർമംഗലത്ത് എത്തിയതെന്നതിന് വ്യക്തത വന്നിട്ടില്ല. അലനെക്കൂടി പിടികൂടിയാലേ ഇക്കാര്യം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.
Source link