KERALAMLATEST NEWS

സാമൂഹ്യവിരുദ്ധ ബന്ധമുള്ളവർ സർവീസിൽ വേണ്ട : ഡി.ജി.പി

തിരുവനന്തപുരം: സാമൂഹ്യവിരുദ്ധരുമായി ബന്ധം സ്ഥാപിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു നീക്കം ചെയ്യുന്നതടക്കമുള്ള നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശിച്ചു. ഉദ്യോഗസ്ഥർക്കെതിരെയുള്ള ശിക്ഷാനടപടികൾ നിശ്ചിതസമയത്തിനകം പൂർത്തിയാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകണമെന്നും പൊലീസ് ആസ്ഥാനത്ത് നടന്ന ക്രൈം റിവ്യൂ കോൺഫറൻസിൽ ഡി.ജി.പി പറഞ്ഞു.
ഓൺലൈൻ തട്ടിപ്പുകൾ തടയാൻ ജനമൈത്രി പൊലീസിനെ ഉപയോഗിച്ച് ജില്ല പൊലീസ് മേധാവിമാർ വ്യാപക പ്രചാരണം നടത്തണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനും ഇത്തരം കേസുകളിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനും ജില്ല പൊലീസ് മേധാവിമാർ നേരിട്ട് ഇടപെടണം. കുട്ടികളെയും സ്ത്രീകളെയും കാണാതാകുന്ന കേസുകളിൽ അന്വേഷണം ഊർജിതമാക്കണമെന്നും ജില്ല പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകി.

അടുത്ത മാസം നിലവിൽവരുന്ന പുതിയ നിയമസംഹിതകളെക്കുറിച്ച് ജില്ല പൊലീസ് മേധാവിമാർ ഉൾപ്പെടെ 38,000 ൽപ്പരം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയതായി ഡി.ജി.പി അറിയിച്ചു. ബാക്കിയുള്ളവർക്ക് ഉടൻ പരിശീലനം നൽകും.
സൈബർ കുറ്റകൃത്യങ്ങൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ, പോക്‌സോ കേസുകൾ തുടങ്ങിയവ സംബന്ധിച്ച സ്ഥിതി യോഗം വിലയിരുത്തി. ലോക്സഭ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിൽ പങ്കുവഹിച്ച വിവിധ റാങ്കുകളിലെ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. എ.ഡി.ജി.പിമാരായ മനോജ് എബ്രഹാം, എം.ആർ. അജിത് കുമാർ, എച്ച്. വെങ്കിടേഷ് എന്നിവരും ഐ.ജിമാർ, ഡി.ഐ.ജി മാർ, എസ്. പി മാർ, ജില്ല പൊലീസ് മേധാവിമാർ, എ.ഐ.ജിമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.


Source link

Related Articles

Back to top button