യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തെ ചൈന സഹായിക്കുന്നുവെന്ന് ജി 7
റോം: യുക്രെയ്നെതിരായ യുദ്ധത്തിൽ ചൈനയും റഷ്യയെ പിന്തുണയ്ക്കുന്നുവെന്ന് ജി 7 ഉച്ചകോടി. യുക്രെയ്നെതിരായ യുദ്ധത്തെ പിന്തുണയ്ക്കുന്നവർക്കെതിരേ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്നും ഉച്ചകോടി മുന്നറിയിപ്പ് നൽകി. തെക്കൻ ഇറ്റലിയിലെ അപുലിയ ജില്ലയിൽപ്പെട്ട സാവെല്ലത്രി പട്ടണത്തിലെ ബോർഗോ എഗ്നാസിയ റിസോർട്ടിൽ നടക്കുന്ന ജി-7 ഉച്ചകോടിയുടെ സമാപനത്തിലാണ് ലോകത്തിലെ മുൻനിര സാന്പത്തിക ശക്തികൾ ചൈനയ്ക്കെതിരേ നിലപാട് കടുപ്പിച്ചത്. റഷ്യയുടെ പ്രതിരോധ വ്യാവസായിക മേഖലയെ സഹായിക്കുന്ന ചൈനയ്ക്കെതിരേ കർശന നിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യൂറോപ്യൻ രാജ്യങ്ങളെ ബോധ്യപ്പെടുത്താൻ അമേരിക്ക നയതന്ത്ര ശ്രമങ്ങൾ നടത്തിവരുന്നതിനിടെയാണ് ജി-7 ഉച്ചകോടിയും ഈ വിഷയത്തിൽ നിലപാട് കടുപ്പിച്ചിരിക്കുന്നത്. റഷ്യയുടെ പ്രതിരോധ വ്യാവസായിക അടിത്തറയ്ക്ക് ചൈന നൽകുന്ന പിന്തുണ യുക്രെയ്നിലെ നിയമവിരുദ്ധമായ യുദ്ധം തുടരാൻ റഷ്യയെ പ്രാപ്തമാക്കുന്നുവെന്നും ഇതു വലിയ സുരക്ഷാ പ്രത്യാഘാതങ്ങളുമുണ്ടാക്കുന്നുവെന്നും ജി 7 നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. റഷ്യയുടെ പ്രതിരോധമേഖലയ്ക്ക് പിൻബലമേകി ആയുധ ഘടകങ്ങളും ഉപകരണങ്ങളും ഉൾപ്പെടെയുള്ള സാമഗ്രികളുടെ കൈമാറ്റം നിർത്താൻ ചൈനയോട് ആവശ്യപ്പെടുന്നുവെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു. പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കാൻ റഷ്യയെ സഹായിക്കുന്നുവെന്ന് പറയുന്ന ചൈനീസ് സ്ഥാപനങ്ങളെ ശിക്ഷിക്കുന്നതിന് ഉപരോധം ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. റഷ്യയുടെ യുദ്ധത്തെ പിന്തുണയ്ക്കുന്ന ചൈനയിലെയും മൂന്നാം രാജ്യങ്ങളിലെയും ആളുകൾക്കും സാന്പത്തികസ്ഥാപനങ്ങൾക്കുമെതിരേ നടപടിയെടുക്കുന്നത് തുടരും.-സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. അർധചാലകങ്ങൾ, ഉപകരണങ്ങൾ, മെഷീൻ ടൂളുകൾ തുടങ്ങിയവയുടെ കയറ്റുമതിയിലൂടെ റഷ്യയുടെ പ്രതിരോധ വ്യവസായമേഖല ശക്തമാക്കാൻ ചൈന സഹായിക്കുന്നുണ്ടെന്നും ഇതുമൂലം കാലതാമസമില്ലാതെ ടാങ്കുകളും യുദ്ധോപകരണങ്ങളും കവചിത വാഹനങ്ങളും നിർമിക്കാൻ റഷ്യയ്ക്ക് സാധിക്കുന്നുണ്ടെന്നും നേരത്തെമുതൽ അമേരിക്ക ആരോപിക്കുന്നുണ്ട്. എന്നാൽ, ഈ ആരോപണം നിഷേധിച്ച ചൈന, ആർക്കും ആയുധങ്ങൾ നൽകിയിട്ടില്ലെന്നും ഇരട്ട ഉപയോഗമുള്ള വസ്തുക്കളുടെ കയറ്റുമതിക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും വിശദീകരിച്ചിരുന്നു. റഷ്യയെ സഹായിക്കുന്നതിന്റെ പേരിൽ അമേരിക്കയും യൂറോപ്യൻ യൂണിയനും ഇതിനകം ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. റഷ്യയ്ക്ക് അർധചാലകങ്ങൾ വിതരണം ചെയ്യുന്ന ചൈന ആസ്ഥാനമായുള്ള കമ്പനികൾക്ക് കഴിഞ്ഞദിവസം അമേരിക്ക പുതിയ ഉപരോധവും ഏർപ്പെടുത്തിയിരുന്നു. റഷ്യയുടെ അധിനിവേശത്തിൽ തളർന്നുകൊണ്ടിരിക്കുന്ന യുക്രെയ്നെ ശക്തീകരിക്കുകയെന്നതായിരുന്നു ജി 7 ഉച്ചകോടിയുടെ പ്രധാന അജൻഡ. അതേസമയം, ചൈനയും പാക്കിസ്ഥാനും ചേർന്നുള്ള ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവിനു ബദലായി ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാന്പത്തിക ഇടനാഴിക്ക് പിന്തുണ നൽകുമെന്ന് ജി 7 ഉച്ചകോടി വ്യക്തമാക്കി. കഴിഞ്ഞ വർഷം ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയും പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Source link